പൊതുജനാരോഗ്യത്തെ പരിരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ-കുടുംബ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്വയംഭരണ...
പൊതുജനാരോഗ്യത്തെ പരിരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ-കുടുംബ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). എഫ്എസ്എസ്എഐക്ക് കീഴില്‍ ഭക്ഷ്യ ഉത്പന്നങ്ങളെ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നു. അതുവഴി ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും നിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ വില്‍പ്പനയും തടയുന്നു. ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എഫ്എസ്എസ്എഐയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിരിക്കണം.
റജിസ്ട്രേഷന്‍, ലൈസന്‍സ്
നിങ്ങള്‍ വാങ്ങുന്ന ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഒരു പതിനാല് അക്ക നമ്പര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.അതാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍ കുന്ന ലൈസന്‍സ് നമ്പര്‍. ഇത് ഭക്ഷ്യവസ്തുവിന്റെ ഉത്പാദനം മുതല്‍ വിതരണം വരെയുള്ള വിശദാംശങ്ങള്‍ നല്‍കുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, സംസ്‌കരണം, സംഭരണം, വിതരണം, വില്പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സംരംഭകരും നിര്‍ബന്ധമായും എഫ്എസ്എസ്എഐ രജിസ്ട്രേഷനോ ലൈസന്‍സോ നേടിയിരിക്കണം. എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ എഫ്എസ്എസ്എഐ ലൈസന്‍സില്‍ നിന്ന് വ്യത്യസ്തമാണ്. ബിസിനസിന്റെ വലുപ്പവും സ്വഭാവവും അനുസരിച്ച് ആവശ്യമായ രജിസ്ട്രേഷനോ ലൈസന്‍സോ ഭക്ഷ്യ സംരംഭത്തിന് നേടാം.
മൂന്ന് റജിസ്ട്രേഷനുകള്‍
സംരംഭത്തിന്റെ സ്വഭാവവും വരുമാനവും ഉത്പാദന ശേഷിയും അനുസരിച്ചാണ് എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ ലഭിക്കുന്നത്. മൂന്ന് തരത്തിലുള്ള രജിസ്ട്രേഷനുകളാണ് നിലവിലുള്ളത്. വര്‍ഷത്തില്‍ 20 കോടിക്ക് മുകളി വിറ്റുവരവുള്ള വലിയ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി സെന്‍ട്രല്‍ ലൈസന്‍സും, പന്ത്രണ്ട് ലക്ഷത്തിനും ഇരുപത് കോടിക്കുമിടയില്‍ വിറ്റുവരവുള്ള ഇടത്തരം ഭക്ഷ്യ സംരംഭങ്ങള്‍ക്കായി സ്റ്റേറ്റ് ലൈസന്‍സും, പന്ത്രണ്ട് ലക്ഷത്തിന് താഴെ വിറ്റുവരവുള്ള ചെറിയ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി മറ്റൊരു രജിസ്ട്രേഷനുമാണുള്ളത്.
ആര്‍ക്കെല്ലാം
ചെറുകിട കച്ചവടക്കാര്‍, റീട്ടെയില്‍ ഷോപ്പ്, സ്നാക്സ് ഷോപ്പ്, മിഠായി അല്ലെങ്കില്‍ ബേക്കറി ഉത്പന്നങ്ങളുടെ ഷോപ്പ് മുതലായവര്‍ ഈ റജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് നേടിയിരിക്കണം. ഗോള്‍ ഗപ്പ സ്റ്റാള്‍, ചാട്ട് സ്റ്റാള്‍, പഴം-പച്ചക്കറി കച്ചവടക്കാര്‍, ടീ സ്റ്റാള്‍, ലഘുഭക്ഷണ സ്റ്റാള്‍, സമൂസ സ്റ്റാള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ ഉത്പാദനം, വിതരണം, സംഭരണം, വില്‍പ്പന എന്നിവയി ഉള്‍പ്പെട്ടിരിക്കുന്ന കടകള്‍ക്കും ഇത് ബാധകമാണ്. മാത്രമല്ല പായ്ക്ക് ചെയ്തതോ പുതുതായി തയ്യാറാക്കിയതോ ആയ ഭക്ഷണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്ത് കൊണ്ടിവന്ന് വില്‍ക്കുന്ന കച്ചവടക്കാര്‍, ഡയറി യൂണിറ്റുകള്‍, വെജിറ്റബിള്‍ ഓയി പ്രോസസ്സിംഗ് യൂണിറ്റുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ-മാംസ സംസ്‌കരണ യൂണിറ്റുകള്‍, ഭക്ഷണത്തിന്റെ റീപാക്കിംഗ് ഉള്‍പ്പെടുന്ന എല്ലാ ഭക്ഷ്യ ഉ പ്പാദന സംസ്‌കരണ യൂണിറ്റുകളും എഫ്എസ്എസ്എഐ റജിസ്ട്രേഷന്‍ സ്വന്തമാക്കിയിരിക്കണം.
ഭക്ഷ്യ വസ്തുക്കളുടെ ശീതീകരിച്ച സംഭരണ സൗകര്യമൊരുക്കുന്നവര്‍, ഇന്‍സുലേറ്റഡ് റഫ്രിജറേറ്റഡ് വാഹനം, പാല്‍ ടാങ്കറുകള്‍, ഫുഡ് വാഗണുകള്‍, ഫുഡ് ട്രക്കുകള്‍ തുടങ്ങി ഭക്ഷ്യ ഉ പ്പന്നങ്ങളുടെ ഗതാഗതത്തിനായുള്ള പ്രത്യേക വാഹനങ്ങളുള്ളവര്‍ക്കും രജിസ്ട്രേഷന്‍ വേണം. ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും ഇത് ബാധകമാണ്. ഹോട്ടല്‍ , റെസ്റ്റൊറന്റ്, ബാര്‍, കാന്റീന്‍, കഫറ്റീരിയ, ഫുഡ് വെന്‍ഡിംഗ് ഏജന്‍സികള്‍, കാറ്ററിങ്ങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ ബാധകമാണ്. ഭക്ഷ്യ ചേരുവകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിക്കാരും കയറ്റുമതിക്കാരും, ക്ലൗഡ് കിച്ചണുകള്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് ഭക്ഷണ വിതരണക്കാരും എഫ്എസ്എസ്എഐ റജിസ്ട്രേഷന്‍ എടുത്തിരിക്കണം.
റജിസ്റ്റര്‍ ചെയ്യാം
റജിസ്ട്രേഷനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ foscos.fssai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഭക്ഷ്യ സംരംഭകരുടെ തിരിച്ചറിയല്‍ രേഖ, സംരംഭത്തിന്റെ പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍, സംരംഭം ആരംഭിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍, വാടക കരാര്‍, വാടക കെട്ടിടത്തിന്റെ ഉടമയില്‍ നിന്നുള്ള എന്‍ഒസി, യൂട്ടിലിറ്റി ബില്ലുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ എന്‍ഒസി, ഹെല്‍ത്ത് എന്‍ഒസി തുടങ്ങിയ രേഖകള്‍ റജിസ്ട്രേഷനായി ആവശ്യമാണ്.