image

16 Jan 2022 1:39 AM GMT

Learn & Earn

ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികള്‍

MyFin Desk

ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികള്‍
X

Summary

മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനത സര്‍ക്കാര്‍ നിലവില്‍ വന്നു. ഈ സര്‍ക്കാര്‍ അഞ്ചാം പഞ്ച വത്സര പദ്ധതി തള്ളുകയും പുതിയ ഒരു പുതിയ പദ്ധതി രൂപീകരിക്കുകയും ചെയ്തു.


ആദ്യ പദ്ധതി (1956-1961): ആദ്യത്തെ പഞ്ച വത്സര പദ്ധതിയുടെ അധ്യക്ഷന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും വൈസ് പ്രസിഡന്റ് ഗുല്‍സാറിലാല്‍...

  • ആദ്യ പദ്ധതി (1956-1961): ആദ്യത്തെ പഞ്ച വത്സര പദ്ധതിയുടെ അധ്യക്ഷന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും വൈസ് പ്രസിഡന്റ് ഗുല്‍സാറിലാല്‍ നന്ദയും ആയിരുന്നു. അടിസ്ഥാന മേഖലയ്ക്കാണ് ആദ്യ പദ്ധതി ഊന്നല്‍ നല്‍കിയത്. പദ്ധതിയുടെ പ്രമാണവാക്യം 'കൃഷി വികസനം' എന്നതായിരുന്നു. കൂടെ വ്യവസായത്തിന് വേണ്ട അടിത്തറ പാകുക, ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ആരോഗ്യവും വിദ്യാഭാസവും നല്‍കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയുടെ ഉദ്ദേശങ്ങളില്‍പ്പെട്ടതായിരുന്നു
  • രണ്ടാം പദ്ധതി (1956 - 1961): പദ്ധതിയുടെ പ്രധാന ശ്രദ്ധാ വിഷയങ്ങള്‍ പൊതു മേഖലയും ദ്രുത ഗതിയിലുള്ള വ്യവസായവല്‍ക്കരണവുമായിരുന്നു. ഇക്കാലത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അഞ്ച് സ്റ്റീല്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. കല്‍ക്കരി നിര്‍മ്മാണം കൂടി. വടക്ക് കിഴക്ക് മേഖലയിലേക്ക് കൂടുതല്‍ റെയില്‍വേ ലൈനുകള്‍ നിര്‍മ്മിച്ചു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, അറ്റോമിക് എനര്‍ജി കമ്മിഷന്‍ ഓഫ് ഇന്ത്യ എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
  • മൂന്നാം പദ്ധതി (1961-1966): പദ്ധതി ഊന്നല്‍ കൊടുത്തത് കൃഷിയിലും ഗോതമ്പിന്റെ ഉത്പാദനത്തിലും ആയിരുന്നു. പക്ഷെ ഇടയില്‍ ചൈനയുമായി ഉണ്ടായ യുദ്ധം കാരണം പദ്ധതിയുടെ ഊന്നല്‍ പ്രതിരോധ മേഖലയിലേക്കും സൈന്യത്തിന്റെ പരിപോഷണത്തിലേക്കും തിരിഞ്ഞു. 1965 ലെ വരള്‍ച്ചയും പദ്ധതി നേരിട്ട പ്രതിസന്ധിയായിരുന്നു. വളം സിമന്റ് ഫാക്ടറികള്‍ കൂടുതല്‍ ഉണ്ടായി. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പ്രൈമറി സ്‌കൂളുകള്‍. ജനാധിപത്യം ഏറ്റവും താഴെ തട്ടില്‍ എത്തിക്കുന്നത് ലക്ഷ്യമാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ ആരംഭിച്ചതും സംസ്ഥാനങ്ങള്‍ക്ക് വികസന പങ്കാളിത്തം നല്‍കിയതും ഇക്കാലയളവിലാണ്.


മൂന്നാം പദ്ധതി ലക്ഷ്യം വെച്ച വളര്‍ച്ചാ നിരക്ക് 5.6 % ആയിരുന്നെങ്കിലും 2.4 % വളര്‍ച്ച നേടാന്‍ മാത്രമേ ആയുള്ളൂ. പദ്ധതിയുടെ പരാജയം കാരണം പദ്ധതിക്ക് മൂന്ന് കൊല്ലത്തെ ഇടവേള കൊടുത്തു. തുടര്‍ന്ന് 1969 ലാണ് നാലാം പദ്ധതി തുടങ്ങുന്നത്.

  • നാലാം പദ്ധതി (1969-1974): പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ ബാങ്കുകള്‍ ദേശവല്‍ക്കരിക്കപ്പെടുന്നത് ഈ കാലയളവിലാണ്. ഹരിത വിപ്ലവം കാര്‍ഷിക നേട്ടമുണ്ടാക്കി. ബംഗ്ലാദേശ് യുദ്ധം ഉണ്ടായതോട് കൂടി വ്യവസായവല്‍ക്കരണത്തിന്ന് നീക്കി വെച്ച ഫണ്ട് വക മാറ്റി ചെലവായി. ലക്ഷ്യം വെച്ച വളര്‍ച്ചാ നിരക്ക് 5.6 ആയിരുന്നു എങ്കിലും 3.3 % നിരക്ക് മാത്രമേ നേടാനായുള്ളു.
  • അഞ്ചാം പദ്ധതി (1974-1978): ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അഞ്ചാം പദ്ധതിയില്‍ ഊന്നല്‍ കൊടുത്തത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്നും തൊഴില്‍ സൃഷ്ടിയിലുമാണ്. കൃഷി സുരക്ഷാ മേഖലകളില്‍ സ്വയം പര്യാപ്തത നേടുക എന്നതും പദ്ധതി ലക്ഷ്യമായിരുന്നു. ദേശീയ പാത പദ്ധതി തുടങ്ങിയത് ഈ കാലത്താണ്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത മിനിമം നീഡ്സ് പ്രോഗ്രാം (MNP) പദ്ധതിക്കാലത്ത് ഉണ്ടായതാണ്.
  • ഇടക്കാല പദ്ധതി (1978 - 1980) 1977 ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഇലക്ഷന്‍ തോല്‍ക്കുകയും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനത സര്‍ക്കാര്‍ നിലവില്‍ വന്നു. ഈ സര്‍ക്കാര്‍ അഞ്ചാം പഞ്ച വത്സര പദ്ധതി തള്ളുകയും പുതിയ ഒരു പുതിയ പദ്ധതി രൂപീകരിക്കുകയും ചെയ്തു. പഞ്ച വത്സരങ്ങള്‍ക്കുള്ള പദ്ധതി അവതരണമായിരുന്നില്ല അത്. പദ്ധതിക്കുളില്‍ വിവിധ ലക്ഷ്യങ്ങളും അതിന്ന് വേണ്ട കാലയളവില്‍ മാറ്റങ്ങളും ഉണ്ടായിരുന്നു. അതിലെ ആദ്യ പദ്ധതി ആ കൊല്ലത്തേയ്ക്കുള്ള ലക്ഷ്യങ്ങളായിരുന്നു. അത് അക്കൊല്ലത്തെ വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചു. രണ്ടാമത്തെ പദ്ധതി അടുത്ത നാലഞ്ച് കൊല്ലത്തേയ്ക്കുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. അതാത് കാലത്തേ സാമ്പത്തിക സാഹചര്യമനുസരിച്ച് അതിന്റെ ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരുന്നു. മൂന്നാമത്തെ പദ്ധതി ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു. ഓരോ കാലത്തെയും ആവശ്യത്തിന്ന് അനുസരിച്ചുള്ള പദ്ധതികളായിരുന്നു ലക്ഷ്യം എന്നത് കൊണ്ട് ഇതില്‍ മെച്ചം കാണാമെങ്കിലും സുസ്ഥിര വികസനത്തിന്ന് ദീര്‍ഘ കാലത്തെ വീക്ഷണം ഇല്ലാത്തത് ഇതിന്റെ ഒരു വലിയ പോരായ്മയായി കണക്കാകുന്നു.
  • ആറാം പദ്ധതി (1980 - 1985): സാമ്പത്തിക ഉദാരവല്‍ക്കരണം ഈ കാലഘട്ടത്തിലാണ് തുടക്കമാവുന്നത്. സോഷ്യലിസത്തിന്റെ അന്ത്യം കുറിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്. വില നിയന്ത്രണങ്ങള്‍ എടുത്തു കളയുകയും റേഷന്‍ കടകള്‍ ഇല്ലാതാവുകയും ചെയ്തു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിനും ജീവിത ചിലവ് കൂടാനും ഇത് കാരണമായി. കൃഷി ഗ്രാമ വികസനം ലക്ഷ്യമാക്കി റിസര്‍വ് ബാങ്കിന് കീഴില്‍ നബാര്‍ഡ് നിലവില്‍ വന്നത് ഇക്കാലത്താണ്. ജനസംഖ്യ നിയന്ത്രണത്തിനുള്ള കുടുംബാസൂത്രണ പദ്ധതി ഈ കാലഘട്ടത്തിലാണ് വിപുലമാക്കിയത്. അതുവരെയുള്ള പഞ്ച വത്സര പദ്ധതികളില്‍ ഏറെ ഫലം കണ്ടത് ആറാം പദ്ധതിയായിരുന്നു. പദ്ധതി ലക്ഷ്യം 5.2 % വളര്‍ച്ചയായിരുന്നു എങ്കിലും യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് 5.7% ല്‍ എത്തി.
  • ഏഴാം പദ്ധതി (1985 - 1990): രാജീവ് ഗാന്ധിയായിരുന്നു പദ്ധതികാലത്തെ പ്രധാനമന്ത്രി. വ്യവസായങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക, ഭക്ഷ്യ ഉത്പാദന വര്‍ധനവ്, സാമൂഹ്യ നീതിപ്രകാരമുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയിരുന്നു ഏഴാം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സാങ്കേതിക വളര്‍ച്ച, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ഭക്ഷ്യ സുരക്ഷ, ചെറുകിട കര്‍ഷകരുടെ വളര്‍ച്ച തുടങ്ങി ഇന്ത്യയെ ഒരു സ്വാശ്രയ ശക്തിയായി മാറ്റുന്നതിനുള്ള പദ്ധതികളെല്ലാം നടപ്പിലായത് ഏഴാം പദ്ധതിക്കാലത്തായിരുന്നു. ലക്ഷ്യം വെച്ച വളര്‍ച്ചാ നിരക്ക് 5.0 ആയിരുന്നു എങ്കിലും യഥാര്‍ത്ഥ നിരക്ക് 6.01 ലേക്ക് ഉയര്‍ന്നു. പ്രതി ശീര്‍ഷ വരുമാന വളര്‍ച്ച 3.7% ആയിരുന്നു.
  • എട്ടാം പദ്ധതി (1992 - 1997): സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ കാരണം രണ്ട് കൊല്ലത്തോളം വാര്‍ഷിക പദ്ധതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എട്ടാം പദ്ധതി തുടങ്ങുന്നത് 1992 മുതലാണ്. ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ വിപണി തുറന്നു കൊടുത്തു കൊണ്ട് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നതായിരുന്നു സാമ്പത്തിക രംഗത്തെ നയിച്ച ആദര്‍ശങ്ങള്‍. 1995 ല്‍ ഇന്ത്യ ലോക വ്യാപാര സംഘടനയിലെ അംഗമായി. അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ രംഗത്തെ വളര്‍ച്ച, വ്യാപാര വ്യവസായ മേഖലകളിലെ കുതിപ്പ് തുടങ്ങിയ സാമ്പത്തിക മേഖലയിലെ മികവിന്ന് പുറമെ പഞ്ചായത്തി രാജ് തുടങ്ങി മികച്ച അടിസ്ഥാന വികസന പദ്ധതികള്‍ക്കും തുടക്കം കുറിച്ചത് ഈ കാലയളവിലാണ്.
  • ഒമ്പതാം പദ്ധതി (1997 - 2002): അടല്‍ ബിഹാരി വാജ്പേയ് പ്രധാന മന്ത്രിയായിരുന്ന കാലഘട്ടമാണിത്. പദ്ധതിയുടെ ഊന്നല്‍ സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയ്ക്കായിരുന്നു. പൊതു മേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയും ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാവുന്നത് ഈ കാലത്താണ്. ജനസംഖ്യാ നിയന്ത്രണം, ഗ്രാമീണ കാര്‍ഷിക മേഖല ഊന്നിയുള്ള വികസനം, ഭക്ഷ്യ സുരക്ഷാ, പൊതു ആരോഗ്യ രംഗം പുഷ്ടിപെടുത്തുക, അടിസ്ഥാന വിദ്യാഭ്യാസം സാര്‍വ്വജനികമാക്കുക, പട്ടിക ജാതി പട്ടിക വര്‍ഗം അടക്കം പിന്നോക്ക വിഭാഗങ്ങളുടെ ശാക്തീകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ഒമ്പതാം പദ്ധതിക്ക്. ലക്ഷ്യം വെച്ച വളര്‍ച്ചാ നിരക്ക് 7.1% ആയിരുന്നു. 6.8% വളര്‍ച്ച കൈവരിച്ചു.
  • പത്താം പദ്ധതി (2002 - 2007): പ്രതിവര്‍ഷം 8% ജിഡിപി വളര്‍ച്ച, ദാരിദ്ര്യ നിരക്ക് 5% മാക്കി കുറയ്ക്കുക, വിദ്യാഭ്യാസ രംഗത്തും വേതന കാര്യത്തിലും നിലവിലുണ്ടായിരുന്ന ആണ്‍ പെണ്‍ വിവേചനം കുറച്ചു കൊണ്ട് വരിക, ഇരുപതിന പരിപാടിയ്ക്ക് തുടക്കം കുറിക്കുക, പ്രാദേശീയ അസമത്വങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയായിരുന്നു പദ്ധതി ലക്ഷ്യങ്ങള്‍.
  • പതിനൊന്നാം പദ്ധതി (2007 - 2012): പ്രധാന മന്ത്രിയായി സ്ഥാനമേറ്റ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി ആസൂത്രണം. ഉന്നത വിദ്യാഭ്യാസത്തിന്ന് ചെറുപ്പക്കാരെ പ്രേരിപ്പിക്കുക, വിദൂര വിദ്യാഭ്യാസ രംഗം ശക്തമാക്കുക ഐ ടിയ്ക്ക് പ്രാമുഖ്യം നല്‍കുന്ന വിദ്യാഭ്യാസ നയം ഉണ്ടാക്കുക, പ്രകൃതി സംരക്ഷണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുക, എല്ലാവര്‍ക്കും ശുദ്ധ ജലം ലഭ്യമാക്കുക, കാര്‍ഷിക വ്യവസായ സര്‍വീസ് മേഖലയിലെ വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുക തുടങ്ങിയവയിരുന്നു പദ്ധതി ലക്ഷ്യങ്ങള്‍.
  • പന്ത്രണ്ടാം പദ്ധതി (2012 - 2017): അവസാന പഞ്ചവത്സര പദ്ധതിയായി ഇതിനെ വിശേഷിപ്പിക്കാം. കാര്‍ഷികേതര മേഖലയില്‍ 50 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക, ഗ്രാമങ്ങളിലെ സമ്പൂര്‍ണ വൈദ്യുതീകരണം, 90% വീടുകള്‍ക്കും ബാങ്കിംഗ്് സേവനങ്ങള്‍ ലഭ്യമാക്കുക, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക തുടങ്ങിയവയിരുന്നു പദ്ധതി ലക്ഷ്യങ്ങള്‍. 8% വളര്‍ച്ചയാണ് ലക്ഷ്യം വെച്ചത്. 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കിയതോടെ പഞ്ച വത്സര പദ്ധതി അപ്രസക്തമായി.