മുഖ്യധാരാ ബാങ്കിംഗ് സംവിധാനത്തിന് പുറത്തുള്ള ഗ്രാമീണ ജനങ്ങള്‍ക്ക് അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചെറിയ വായ്പകള്‍...
മുഖ്യധാരാ ബാങ്കിംഗ് സംവിധാനത്തിന് പുറത്തുള്ള ഗ്രാമീണ ജനങ്ങള്‍ക്ക് അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചെറിയ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണ് മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍. ഇന്ത്യയില്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളെ പൊതുവേ മൈക്രോ വായ്പകള്‍ എന്നാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ താഴെയുള്ള വായ്പകളാണ് മൈക്രോ ഫിനാന്‍സ് ബാങ്കുകള്‍ നല്‍കുന്നത്.
ഗ്രാമങ്ങളില്‍
അതിജീവനത്തിന് കഷ്ടപ്പെടുന്ന സമൂഹത്തിന്റെ സാമ്പത്തിക ആവശ്യം നടപ്പിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ഗ്രാമങ്ങളിലെ വരുമാന സ്രോതസിന്റെ പ്രധാന കണ്ണികള്‍ സ്ത്രീകളായതിനാല്‍ ഈ മേഖലയ്ക്ക് പ്രത്യേക ഊന്നലുണ്ട്. ഇത്തരം സാമ്പത്തിക സാഹായ നടപടികളിലൂടെ ദാരിദ്ര്യ നിര്‍മര്‍ജനവും ഇതിന്റെ ലക്ഷ്യമാണ്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.
നൈപുണ്യ വികസനം
ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അതത് മേഖലകളില്‍ ഊന്നിയുള്ള നൈപുണ്യ വികസനവും ഇതിന്റെ ഉദേശ്യങ്ങളില്‍ പെടുന്നു. വിവിധ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ വായ്പ, ഇന്‍ഷുറന്‍സ്, സാങ്കേതിക പരിശീലനം എന്നിവ നല്‍കുന്നത്.
പരസ്പരമുള്ള ഗാരണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന 4-10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്, സമാനസ്വഭാവമുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ പെടുന്ന സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ഗ്രാമീണ്‍ മോഡല്‍ ബാങ്കുകള്‍, ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഗ്രാമീണ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ബാങ്കിംഗിന് പുറത്ത്
ഇസാഫ് മൈക്രോ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, അന്നപൂര്‍ണാ മൈക്രോ ഫിനാന്‍സ്, ബി എസ് എസ് മൈക്രോ ഫിനാന്‍സ്, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയവയാണ് രാജ്യത്തെ പ്രധാന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍.
1,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ വായ്പകള്‍ നല്‍കുന്നത്. ഇവിടെ പലിശ നിരക്ക് സാധാരണ ബാങ്കുകളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ലോക ബാങ്കിന്റെ കണക്കനുസരിച്ച് ആഗോള തലത്തില്‍ എന്തെങ്കിലും ബാങ്കിംഗ് സൗകര്യം ലഭ്യമല്ലാത്ത 1.7 ബില്യണ്‍ ജനങ്ങളാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍കുന്നതാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്.