image

16 Jan 2022 3:57 AM GMT

MSME

വ്യവസായ സംരംഭം നടത്തുന്നവരോ നിങ്ങള്‍ എങ്കില്‍ ലീഗല്‍ മെട്രോളജി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാം

MyFin Desk

വ്യവസായ സംരംഭം നടത്തുന്നവരോ നിങ്ങള്‍ എങ്കില്‍ ലീഗല്‍ മെട്രോളജി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാം
X

Summary

നിയമാനുസൃതമല്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.


രാജ്യത്ത് പൊതുജന ആരോഗ്യരംഗത്ത് മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അളവുതൂക്ക...

 

രാജ്യത്ത് പൊതുജന ആരോഗ്യരംഗത്ത് മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളിലും വ്യവസായ വ്യാപാര വാണിജ്യ രംഗത്ത് ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളിലും നിയമപരമായ കൃത്യത ഉറപ്പുവരുത്തുന്ന നിയമ സംവിധാനമാണ് ലീഗല്‍ മെട്രോളജി. ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് എത്തുന്ന ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, അളവ്, തൂക്കം, വില എന്നിവ നിയന്ത്രിക്കുക, ഊഹക്കച്ചവടത്തിന് കടിഞ്ഞാണിടുക, കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക എന്നീ കാര്യങ്ങള്‍ വരുന്നുണ്ട്.

സ്ഥാപനങ്ങള്‍ അറിയണം

വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാവിധ അളവുതൂക്ക ഉപകരണങ്ങളും യഥാസമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ച് സ്ഥാപനത്തില്‍ സൂക്ഷിക്കണം. മുദ്ര ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വ്യക്തമായി കാണത്തക്ക വിധം വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. നിയമാനുസൃതമല്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതും അളവില്‍ കുറവ് വരുത്തുന്നതും നിയമാനുസൃതം കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്.

ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും നിര്‍മ്മാതാവ്, പായ്ക്കര്‍, ഇംപോര്‍ട്ടര്‍ എന്നിവര്‍ നിര്‍ബന്ധമായും പായ്ക്കര്‍ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്. പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിതരണത്തിലെ കൃത്യതയും ഉറപ്പുവരുത്തണം. മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ 1 ഗ്രാം കൃത്യതയുള്ളതും തൂക്കം, വില മുതലായ വിവരങ്ങള്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്നതുമായ ഉപകരണങ്ങള്‍ സജ്ജീകരിക്കണമെന്നാണ് ചട്ടം. പായ്ക്കറ്റിലാക്കി കൃത്യമായ അളവിലും തൂക്കത്തിലും ലേബല്‍ ഒട്ടിച്ച് വിപണനം നടത്തുന്ന ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇവയ്ക്കെല്ലാം ലീഗല്‍ മെട്രോളജി പായ്ക്കര്‍ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്.

അപേക്ഷിക്കാം

എല്ലാ ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസിലും, ഫ്ളയിംഗ്സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിലും ഇതിന്റെ അപേക്ഷാ ഫോം ലഭ്യമാണ്. ഭക്ഷ്യ സംസ്‌ക്കരണ സംരംഭമാണെങ്കില്‍ ഫുഡ് സേഫ്റ്റി വകുപ്പ് നല്‍കുന്ന ലൈസന്‍സ്, രജിസ്ട്രേഷന്റെ പകര്‍പ്പ്, കെട്ടിട നികുതി അടച്ച രസീതിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. സ്വന്തം കെട്ടിടമാണെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വാട്ക കെട്ടിടമാണെങ്കില്‍ വാടക കരാര്‍ എല്ലെങ്കില്‍ ലീസിന്റെ പകര്‍പ്പ് നല്‍കണം.

അഗ്നിശമന സേനാ വിഭാഗം

പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് കൊണ്ട് തന്നെ ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നിര്‍ദേശിക്കുന്നു. സ്ഫോടക വസ്തുക്കള്‍, കരിമരുന്നുകള്‍, വെടിവെയ്പ്പ്, സ്പിരിറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍, ഗന്ധകം, ഓട് ഫാക്ടറികള്‍, എല്‍.പി.ജി. ഉപയോഗിക്കുന്ന വ്യവസായങ്ങള്‍, ഓല മേഞ്ഞ ഷെഡ്ഡുകളോടു കൂടിയ ഫാക്ടറി കെട്ടിടങ്ങള്‍, തീപ്പെട്ടി, അമ്ലങ്ങളുടെ നിര്‍മ്മാണം, സിമന്റ് ഉല്‍പ്പന്നങ്ങള്‍, കരിങ്കല്‍ ക്വാറി എന്നീ വ്യവസായങ്ങള്‍ക്ക് അഗ്നിശമന സേനാ വകുപ്പില്‍ നിന്നും ക്ലിയറന്‍സ് ആവശ്യമാണ്. ഇത്തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് പഞ്ചായത്ത് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍ അനുസരിച്ചുള്ള രേഖകള്‍ സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന അഗ്നിശമന സേനയുടെ അനുമതി വാങ്ങണം. അതാതു അഗ്നിശമന സേനാ സ്റ്റേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫയര്‍ ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമാണ്. കാലാവധി തീരുമ്പോള്‍ അവ പുതുക്കണം.