ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനായി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഫ് ലൈൻ ...
ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനായി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഫ് ലൈൻ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് അനുമതി നല്‍കി. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ടെലികോം കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഇടപാടുകളാണ് ഓഫ് ലൈൻ ഡിജിറ്റല്‍ പേയ്മെന്റ്. ഓഫ് ലൈൻ രീതിയ്ക്ക് കീഴില്‍ കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ എന്നിവ പോലുള്ള ഏതെങ്കിലും മാര്‍ഗമോ ഉപകരണമോ ഉപയോഗിച്ച് നേരിട്ട് (പ്രോക്സിമിറ്റി മോഡ്) പേയ്മെന്റുകള്‍ നടത്താം. ഈ ഇടപാടുകള്‍ക്ക് ഒടിപി പോലുള്ള അധിക ഒതെന്റികേഷന്‍ (എ എഫ് എ) ആവശ്യമില്ല. ഇടപാടുകള്‍ ഓഫ് ലൈൻ ആയതിനാല്‍ എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴിയുള്ള അലേര്‍ട്ടുകള്‍ ഉപഭോക്താവിന് ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.
ഇത്തരം പണമിടപാടുകള്‍ക്ക് കൈമാറ്റം ചെയ്യാനാകുന്ന കുറഞ്ഞ തുക 200 രൂപ മുതല്‍ പരാമാവധി 2000 രൂപ വരെയാണ്. 2020 സെപ്റ്റംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഓഫ് ലൈൻ ഇടപാടുകളെക്കുറിച്ചുള്ള പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഈ ചട്ടക്കൂടില്‍ ഉള്‍ക്കൊള്ളുന്നു. പുതിയ ചട്ടക്കൂട് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇത് രാജ്യത്തെ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ടെലികോം കണക്റ്റിവിറ്റി കുറഞ്ഞ ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും ആര്‍ ബി ഐ പറഞ്ഞു.
ഉപഭോക്താവിന്റെ സമ്മതത്തോടെ മാത്രമേ ഓഫ് ലൈൻ പേയ്മെന്റ് മോഡ് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളു. ഉപഭോക്താവിന്റെ ബാധ്യത പരിമിതപ്പെടുത്തുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്ക് കീഴിലുള്ള സംരക്ഷണം ഉപഭോക്താക്കള്‍ തുടര്‍ന്നും ആസ്വദിക്കുമെന്നും പരാതി പരിഹാരത്തിനായി റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിനെ ആശ്രയിക്കാമെന്നും ആര്‍ ബി ഐ പറയുന്നു. എല്ലാ അംഗീകൃത പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരോടും (പി എസ് ഒ) പേയ്മെന്റ് സിസ്റ്റം പങ്കാളികളോടും (പി എസ് പി) ഏറ്റെടുക്കുന്നവരോടും ഇഷ്യൂ ചെയ്യുന്നവരോടും (ബാങ്കുകളും നോണ്‍ ബാങ്കുകളും) നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.