എന്താണ് സെക്ഷന്‍ 194p ? 75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകള്‍...
എന്താണ് സെക്ഷന്‍ 194p ?
75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകള്‍ സൂചിപ്പിക്കുന്ന പുതിയ വകുപ്പാണ് 194P. ഈ വകുപ്പ് 2021 ഏപ്രില്‍ 1 മുതലാണ് നിലവില്‍ വന്നത്.
75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് 2021 ലെ ബജറ്റില്‍ സെക്ഷന്‍ 194P അവതരിപ്പിച്ചത്.
194p പ്രകാരമുള്ള പ്രധാന വ്യവസ്ഥകള്‍ ഇവയാണ്.
ഈ വകുപ്പ് പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പൗരന്മാര്‍ക്ക് 75 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം.
അവര്‍ മുന്‍വര്‍ഷം 'ഇന്ത്യയില്‍ താമസിച്ച' ആളായിരിക്കണം.
ആ വ്യക്തിക്ക് പെന്‍ഷന്‍ വരുമാനവും പലിശയിനത്തിലുള്ള വരുമാനവും മാത്രമേ ഉണ്ടായിരിക്കാന്‍ പാടുള്ളു. മാത്രമല്ല പെന്‍ഷന്‍ സ്വീകരിക്കുന്ന അതേ ബാങ്കില്‍ നിന്നായിരിക്കണം പലിശ വരുമാനം.
അവര്‍ ചില വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു സത്യവാങ്മൂലം ബാങ്കിന് സമര്‍പ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു ബാങ്കായിരിക്കണമത്.
ചാപ്റ്റര്‍ VI-A പ്രകാരമുള്ള കിഴിവുകളും 87A പ്രകാരമുള്ള റിബേറ്റും പരിഗണിച്ച് മുതിര്‍ന്ന പൗരന്മാരുടെ ടി ഡി എസ് കിഴിവിന് അത്തരം ബാങ്കുകള്‍ ഉത്തരവാദിയായിരിക്കും.
ഇക്കൂട്ടര്‍ ബാങ്കിന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ടി ഡി എസ് കുറയ്ക്കും.
ബാങ്കിന് നല്‍കുന്ന പ്രഖ്യാപനത്തില്‍ താഴെപ്പറയുന്ന വിശദാംശങ്ങള്‍ അടങ്ങിയിരിക്കണം:
ആകെ വരുമാനം
സെക്ഷന്‍ 80C മുതല്‍ 80U വരെ ലഭിച്ച കിഴിവുകള്‍
സെക്ഷന്‍ 87A പ്രകാരം കിഴിവുകള്‍
പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള മുതിര്‍ന്ന പൗരനില്‍ നിന്നുള്ള സ്ഥിരീകരണം
194P പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
സെക്ഷന്‍ 194p പ്രകാരം ടി ഡി എസ് കുറച്ചാല്‍, സെക്ഷന്‍ 139 (റിട്ടേണ്‍ ഫയലിംഗ്) വ്യവസ്ഥകള്‍ 75 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാധകമല്ല. ഇതിനര്‍ത്ഥം, ബാങ്ക് ഈ വകുപ്പിന് കീഴില്‍ ടി ഡി എസ് കുറയ്ക്കുകയാണെങ്കില്‍, മുതിര്‍ന്ന പൗരന്‍ അവരുടെ ഐ ടി ആര്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്നാണ്.