പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) യാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം...
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) യാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം നിയന്ത്രിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ കീഴിലാണ് പെന്‍ഷന്‍ സ്‌ക്കീം നടപ്പിലാക്കുന്നത്. ഈ സ്‌ക്കീമിന് കീഴില്‍, പെന്‍ഷന്‍കാര്‍ക്കായി സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (സി ആര്‍ എ) ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് പെന്‍ഷന്‍ അനുവദിക്കുന്നത്.
2004 ഏപ്രില്‍ ഒന്നി ന് ശേഷം പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന എല്ലാ ജീവനക്കാര്‍ക്കും ആനുകൂല്യ പെന്‍ഷനുകള്‍ നിര്‍ത്തലാക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനത്തോടെയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു പദ്ധതി രൂപകല്‍പന ചെയ്തതെങ്കില്‍, പിന്നീട് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നിശ്ചിത പ്രായപരിധിക്കുള്ളില്‍ ഇത് അനുവദിക്കപ്പെട്ടു. 2021 ഓഗസ്റ്റ് 26 ന്, ദേശീയ പെന്‍ഷന്‍ സിസ്റ്റത്തിന്റെ പ്രായം 65 വയസ്സില്‍ നിന്ന് 70 വയസ്സായി പിഎഫ്ആര്‍ഡിഎ വര്‍ധിപ്പിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 65-70 വയസ്സിനിടയിലുള്ള ഇന്ത്യയില്‍ താമസമാക്കിയതോ അല്ലാത്തതോ ആയ ഏതൊരു ഇന്ത്യന്‍ പൗരനും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനും അവരുടെ എന്‍പിഎസ് അക്കൗണ്ട് 75 വയസ്സ് വരെ തുടരാനും കഴിയും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, സായുധ സേനയൊഴികെ കേന്ദ്ര സര്‍വീസിലുള്ള എല്ലാവര്‍ക്കും ബാധകമാണ്. 28 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ പുതിയ നിയമനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% തുക പ്രതിമാസം ജീവനക്കാരന്റെ വിഹിതമായും സര്‍ക്കാര്‍ വിഹിതമായും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പെന്‍ഷന്‍ അക്കൗണ്ടിലെ പണം തിരികെ ലഭിക്കുന്നത് ജീവനക്കാരന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോഴാണ്. പെന്‍ഷന്‍ പ്രായം എത്തുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 80% തുക നിര്‍ബന്ധിത നിക്ഷേപമായി മാറ്റുകയും ശേഷിച്ച 20% തുക വരിക്കാരന് ലഭിക്കുകയും ചെയ്യുന്നു.