- Home
- /
- Learn & Earn
- /
- ഇന്ത്യന്‍ തൊഴില്‍...
Summary
കോളനി ഭരണകാലത്ത് ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അടിമകളെക്കൊണ്ട് തൊഴില്‍ ചെയ്യിച്ചിരുന്നു
ഇന്ത്യന്‍ തൊഴില്‍ നിയമം എന്നത് ഇന്ത്യയിലെ തൊഴിലാളികളെ നിയന്ത്രിക്കുന്ന നിയമമാണ്. രാജ്യത്തൊട്ടാകെയും സംസ്ഥാന തലത്തിലുമുള്ള തൊഴിലാളികള്‍ക്ക്...
ഇന്ത്യന്‍ തൊഴില്‍ നിയമം എന്നത് ഇന്ത്യയിലെ തൊഴിലാളികളെ നിയന്ത്രിക്കുന്ന നിയമമാണ്. രാജ്യത്തൊട്ടാകെയും സംസ്ഥാന തലത്തിലുമുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ പരിരക്ഷ ഉറപ്പാക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമാണ് ഇന്ത്യാ സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയത്. തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പഴയകാലത്തുതന്നെ ഉണ്ടായിരുന്നു. കോളനി ഭരണകാലത്ത് ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അടിമകളെക്കൊണ്ട് തൊഴില്‍ ചെയ്യിച്ചിരുന്നു. അവര്‍ക്ക് ശരിയായ ആഹാരത്തിനോ വിശ്രമത്തിനോ വിനോദത്തിനോ ഉള്ള സൗകര്യമില്ലായിരുന്നു.
കല്‍ക്കരി ഖനികളിലും തോട്ടങ്ങളിലും കപ്പലുകളിലും ഫാക്റ്ററികളിലും രാപ്പകല്‍ ഭേദമില്ലാതെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചു. ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ ഉദയം ചെയ്തതോടെ തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി. ഇന്ന് നിലവിലുള്ള പല തൊഴില്‍ നിയമങ്ങളും കാലങ്ങളായുള്ള തൊഴിലാളി സമരങ്ങളുടെ ഫലമാണ്. ഇന്ത്യയില്‍ തൊഴിലാളികളുടെ ക്ഷേമത്തിനും വ്യവസായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും കേന്ദ്രഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും പല നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. 1819 ലെ ബംഗാള്‍ റഗുലേഷന്‍ ആക്ട് ഇന്ത്യയിലെ തൊഴില്‍ നിയമരംഗത്തെ സുപ്രധാന ചുവട് വയ്പ്പാണ്. അന്നുമുതല്‍ 1947 ല്‍ വ്യവസായത്തര്‍ക്ക നിയമം (ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട്) പ്രാബല്യത്തില്‍ വരുന്നതുവരെ ഒരു പരീക്ഷണ കാലഘട്ടമായിരുന്നു.
തുടര്‍ന്ന്, 1920 ലെ വ്യാപാരത്തര്‍ക്ക നിയമം, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് 1926, 1929 ലും 34 ലും 38 ലും നടപ്പിലാക്കിയ വ്യാപാരത്തര്‍ക്ക നിയമങ്ങള്‍ എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ചില തൊഴില്‍ നിയമങ്ങള്‍ ആ കാലയളവില്‍ ഉണ്ടായി. ഈ നിയമങ്ങള്‍ പലപ്പോഴും തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിച്ചു. 1947-ലെ വ്യവസായത്തര്‍ക്ക നിയമത്തില്‍ തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം തൊഴിലാളി - തൊഴിലുടമാബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളുണ്ട്. വ്യവസായത്തര്‍ക്ക നിയമത്തിലെ ആമുഖത്തില്‍ത്തന്നെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യവസായത്തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവയെക്കുറിച്ചുള്ള അന്വേഷണം, അവയുടെ പരിഹാരം, ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി രണ്ടുതരത്തിലുള്ള നിയമസംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാപനത്തില്‍ തൊഴിലുടമയുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ അടങ്ങുന്ന വര്‍ക്ക് കമ്മിറ്റിക്ക് രൂപംനല്കിക്കൊണ്ട് ഭാവിയില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഉടനടി പരിഹരിക്കുക, അനുരഞ്ജന സമിതിയുടെ സഹായത്തോടെ
വ്യവസായത്തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും അത് പരാജയപ്പെട്ടാല്‍ ഉഭയകക്ഷിസമ്മതപ്രകാരം മദ്ധ്യസ്ഥതയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നീ മാര്‍ഗങ്ങളാണ് അവ.