image

14 Jan 2022 6:23 AM GMT

Lifestyle

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

MyFin Desk

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
X

Summary

2G സ്‌പെക്ട്രം പങ്കുവെക്കല്‍, കല്‍ക്കരി ഖനി പങ്ക് വെക്കല്‍, കാലിത്തീറ്റ കുംഭകോണം എന്നീ പേരിലറിയപ്പെടുന്ന അഴിമതിക്കഥകള്‍ പുറത്ത് വന്നത് സി എ ജി റിപ്പോര്‍ട്ടുകളിലൂടെയാണ്.


സാമ്പത്തിക മേഖലയില്‍ നിയന്ത്രണാധികാരമുള്ള കേന്ദ്ര സ്ഥാപനങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം - ഭരണഘടനാപരമായ സ്ഥാപനങ്ങള്‍,...

 

സാമ്പത്തിക മേഖലയില്‍ നിയന്ത്രണാധികാരമുള്ള കേന്ദ്ര സ്ഥാപനങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം - ഭരണഘടനാപരമായ സ്ഥാപനങ്ങള്‍, ചട്ടപ്രകാരമുള്ളവ, ഭരണനിര്‍വഹണ സമിതി വഴി നിലവില്‍ വന്നവ. ഈ മേഖലയില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ എന്ന് പറയാവുന്നവയാണ് ഫിനാന്‍സ് കമ്മീഷനും സി എ ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും. ഭരണഘടന വഴി നിലവില്‍ വന്ന സ്ഥാപനങ്ങള്‍ ആയതു കൊണ്ട് ഇവയ്ക്ക് അതാതു കാലത്തെ ഭരണകൂടത്തിന്നതീതമായ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഇവയുടെ പ്രവര്‍ത്തന രീതിയില്‍ ഇടപെടുന്നതിനോ മാറ്റം വരുത്തുന്നതിനോ ഭരണഘടന ഭേദഗതി അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. ഇതിലെ തലവനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതി നേരിട്ടാണ്.

ഭരണഘടനയുടെ നൂറ്റിനാല്പത്തിയെട്ടാം (148) വകുപ്പ് പ്രകാരം നിലവില്‍ വന്ന സ്ഥാപനമാണ് സി എ ജി എന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ. സ്വതന്ത്ര സ്ഥാപനങ്ങളും കോര്‍പറേഷനുകളും ഉള്‍പ്പടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലുള്ള എല്ലാ സ്ഥാപങ്ങളുടെയും ഭരണഘടനാപരമായ കണക്ക് പരിശോധിക്കാനുള്ള അധികാരം ഈ സ്ഥാപനത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

എന്താണ് സി എ ജി

കംപ്‌ട്രോളര്‍ എന്ന വാക്കിനെ ധനനിയന്ത്രണാധികാരി എന്ന് ലളിതമായി വ്യാഖ്യാനിക്കാം.സ്വതന്ത്ര സ്ഥാപനങ്ങളും കോര്‍പറേഷനുകളും ഉള്‍പ്പടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലുള്ള എല്ലാ സ്ഥാപങ്ങളുടെയും ഭരണഘടനാപരമായ കണക്ക് പരിശോധനാ അധികാര കേന്ദ്രമാണിത്. സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ കണക്ക് പരിശോധകരും സര്‍ക്കാരിന്ന് 51 ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഉപസ്ഥാപങ്ങളുടെയും അനുബന്ധ ഓഡിറ്റര്‍ കൂടിയാണ് ഈ സ്ഥാപനം.

സി എ ജി യുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി പാര്‍ലമെന്റിലോ നിയമസഭയിലോ സമര്‍പ്പിക്കും. ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും കേന്ദ്ര സംസ്ഥാന ജനപ്രധിനിധിസഭകളിലെ പ്രത്യേക കമ്മിറ്റികളും ചര്‍ച്ചക്കെടുക്കും. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വിഭാഗത്തിന്റെ തലവന്‍ കൂടിയാണ് സി എ ജി. അധികാര ക്രമത്തില്‍ ഒന്‍പതാം സ്ഥാനമാണ് ഭരണഘടന സി എ ജി ക്ക് നല്‍കുന്നത്. പരമോന്നത കോടതിയിലെ സിറ്റിംഗ് ജഡ്ജിനു തുല്യമാണ് ഈ സ്ഥാനം. സി എ ജി യെ നിയമിക്കുന്നത് രാഷ്ട്രപതി നേരിട്ടാണ്. രാഷ്ട്രീയമായി ഏറെ കോളിളക്കം ഉണ്ടാക്കിയ പല അഴിമതികളും പുറത്ത് വന്നത് സി എ ജി റിപ്പോര്‍ട്ടുകളിലൂടെയാണ്.

2G സ്‌പെക്ട്രം പങ്കുവെക്കല്‍, കല്‍ക്കരി ഖനി പങ്ക് വെക്കല്‍, കാലിത്തീറ്റ കുംഭകോണം എന്നീ പേരിലറിയപ്പെടുന്ന അഴിമതിക്കഥകള്‍ പുറത്ത് വന്നത് സി എ ജി റിപ്പോര്‍ട്ടുകളിലൂടെയാണ്. വിനോദ് റായ് സി എ ജി യായിരുന്ന കാലത്ത് ചില നിയമ നിര്‍മാണങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. അതില്‍ പ്രധാനപ്പെട്ടത് സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്- പി പി പി) നടപ്പിലാവുന്ന പദ്ധതികളും സി എ ജി യുടെ പരിധിയില്‍ കൊണ്ടുവരണം എന്നതായിരുന്നു. ഭീമമായ ചെലവ് വരുന്ന പദ്ധതികളൊക്കെ പി പി പി സംവിധാനത്തിലൂടെയാണ് ഇന്ന് നടപ്പിലാവുന്നത്. 2013 മുതലുള്ള സര്‍ക്കാര്‍ ചെലവിന്റെ 60% ഇപ്പോള്‍ സി എ ജി യുടെ അന്വേഷണപരിധിക്ക് പുറത്താണ് എന്നാണ് കണക്ക്. അത് പോലെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സൊസൈറ്റികളും സി എ ജി യുടെ പരിധിയില്‍ കൊണ്ട് വരണം എന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു.

കടമകളും അധികാരവും

ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി 1971 ല്‍ സി എ ജിയുടെ ചുമതലകള്‍ അധികാരം സേവന വ്യവസ്ഥകള്‍ എന്നിവ നിര്‍വചിക്കുന്ന സി എ ജി ഡി പി സി (duties, powers and Condition of Service act) ആക്ട്, 1971 എന്ന നിയമം നിലവില്‍ വന്നു. ഇതിന്‍പ്രകാരം നിര്‍വചിച്ചിട്ടുള്ള സി എ ജി യുടെ കടമകളില്‍ ചിലത് ഇങ്ങനെയാണ്:

•ഇന്ത്യയുടെ ഏകീകൃത ഫണ്ട് (Consolidated Fund of India) സംസ്ഥാനങ്ങളുടെയും നിയമസഭാ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും വരവ് ചെലവുകളുടെ കണക്ക് പരിശോധിക്കുക.

•സര്‍ക്കാര്‍ ഓഫീസുകളിലെ വാണിജ്യ നിര്‍മ്മാണ മേഖലകളിലെ ലാഭനഷ്ട കണക്കുകള്‍, ബാലന്‍സ് ഷീറ്റ്, അനുബന്ധ കണക്കുകള്‍
എന്നിവയുടെ പരിശോധന.

•2013 ലെ കമ്പനി നിയമ പ്രകാരം, സര്‍ക്കാര്‍ കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കുക.

•സര്‍ക്കാര്‍ നിയമങ്ങളോ അതിലെ വ്യവസ്ഥകളോ അടിസ്ഥാനമാക്കി രൂപീകരിച്ച കോര്‍പറേഷനുകള്‍ എന്നിവയുടെ കണക്കുകള്‍ പരിശോധിക്കുക.

•പ്രത്യേക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ അധികാരപ്പെട്ടവര്‍ക്കോ അനുവദിക്കുന്ന ഗ്രാന്റുകള്‍ വായ്പകള്‍ എന്നിവയുടെ ഓഡിറ്റ്.

cag,comptrollerandauditorgeneralofindia,consolidatedfundofindia,
സിഎജി , കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ