image

14 Jan 2022 4:48 AM

Learn & Earn

ടോള്‍ പിരിവ് ഡിജിറ്റലൈസ് ചെയ്ത 'ഫാസ്റ്റാഗ്'

MyFin Desk

ടോള്‍ പിരിവ് ഡിജിറ്റലൈസ് ചെയ്ത ഫാസ്റ്റാഗ്
X

Summary

ദേശിയ പാതയിലെ ടോള്‍ ബൂത്തുകള്‍ ഡിജിറ്റലൈസ് ചെയ്തതിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക്ക് ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്റ്റാഗ്.


ദേശിയ പാതയിലെ ടോള്‍ ബൂത്തുകള്‍ ഡിജിറ്റലൈസ് ചെയ്തതിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക്ക് ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്റ്റാഗ്....

ദേശിയ പാതയിലെ ടോള്‍ ബൂത്തുകള്‍ ഡിജിറ്റലൈസ് ചെയ്തതിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക്ക് ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്റ്റാഗ്. ഇന്ത്യന്‍ ഹൈവെയ്സ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഫാസ്റ്റാഗ് സംവിധാനം വന്നതോടെ രാജ്യത്തെ ടോള്‍ ബൂത്തുകളിലെ ടോള്‍ അടയ്ക്കാനുള്ള തിരക്ക് ഗണ്യമായി കുറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ വളരെ മുമ്പേ നടപ്പായ ഇലക്ട്രോണിക്ക് ടോള്‍ ടാക്സ് കളക്ഷന്‍ സംവിധാനം 2014 ലാണ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. എന്നാലിത് 2020-ഓടെയാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. വാഹനത്തിന് മുന്‍വശത്ത് പതിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകള്‍ വഴിയാണ് ടോള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. അതായത് ഫാസ്റ്റാഗ് ഉള്ള വാഹനത്തിലെ യാത്രക്കാരന് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പണം നേരിട്ട് കൈമാറേണ്ടതില്ല.

മെട്രോ റെയില്‍വേ കാര്‍ഡുകളിലും ഓഫീസിലെ ആക്സസ് മെഷിനിലുമെല്ലാം ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ഫാസ്റ്റാഗിലും ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍ ഗ്ലാസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകള്‍ ടോള്‍ ബൂത്തിലെ റീഡറുകള്‍ സെന്‍സ് ചെയ്താണ് ഇതിന്റെ പ്രവര്‍ത്തനം. നിമിഷനേരം കൊണ്ട് തന്നെ കാര്‍ഡിലെ ബാലന്‍സും കാര്‍ഡിന്റെ ആധികാരികതയുമെല്ലാം സ്വയമേതന്നെ തന്നെ റീഡര്‍ വിലയിരുത്തിയാണ് ടോള്‍ ടാക്സ് ഈടാക്കുന്നത്.

ഒരു വാഹനത്തിന് ഒരു ഫാസ്റ്റാഗ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളു. ഒരു വണ്ടിയുടെ ടാഗ് മറ്റ് വാഹനത്തില്‍ ഉപയോഗിക്കാനും അനുമതിയില്ല. ഫാസ്റ്റാഗ് ഏത് വിഭാഗം വാഹനത്തിന് അനുവദിച്ചതാണെന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും ടോള്‍ പ്ലാസകളില്‍ ഉണ്ട്. ഓട്ടോമാറ്റിക്ക് വെഹിക്കിള്‍ ക്ലാസിഫിക്കേഷന്‍ സംവിധാനമാണ് ഇതിനായി ടോള്‍ പ്ലാസകളില്‍ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ഭാരം ചലിക്കുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കുന്ന വെയിറ്റ് ഇന്‍ മോഷന്‍

സെന്‍സറുകളും പ്ലാസകളില്‍ ഉണ്ട്. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഫാസ്റ്റാഗിനുള്ളത്.

  1. ഫാസ്റ്റാഗ് എന്ന് വിളിക്കുന്ന വാഹനങ്ങളുടെ മുന്‍ ഗ്ലാസില്‍ പതിപ്പിച്ചിട്ടുള്ള ആര്‍ എഫ് ഐ ഡി സ്റ്റിക്കര്‍ ടാഗ്.
  2. ടോള്‍ പ്ലാസകളിലെ റീഡറുകളും മറ്റ് സെന്‍സര്‍ ക്യാമറകളും അവയുമായി ബന്ധപ്പെടുത്തിയ സെര്‍വറുകളും അടങ്ങിയ സംവിധാനം
  3. ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ പെയ്മെന്റ് ഗേറ്റ് വേകള്‍.

വിവിധ ബാങ്കുകളുമായി ചേര്‍ന്നാണ് ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കി വാങ്ങുന്ന കാര്‍ഡില്‍ ഉടമയുടെ പേരിന് പകരം ഒരു യുണീക്ക് കോഡ് ആണ് ഉണ്ടാവുക. വാഹനത്തിന്റേയും ഉടമയുടേയും രേഖകള്‍ എല്ലാം പരിശോധിച്ച് ഉടമയുടെ കെ വൈ സിയിലൂടെയാണ് ഫാസ്റ്റാഗ് അനുവദിക്കുന്നത് എന്നതിനാല്‍ തന്നെ തട്ടിപ്പുകള്‍ തടയാനാകും. കാര്‍ഡിലെ ബാലന്‍സ് കഴിയുന്നതനുസരിച്ച് റീചാര്‍ജ് ചെയ്യാവുന്നതാണ്. ഓരോ തവണയും ടോള്‍ ഗെയിറ്റില്‍ പൈസ ഈടാക്കുമ്പോളും എസ് എം എസ് ആയി അറിയിപ്പ് ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും.