image

14 Jan 2022 3:58 AM GMT

Lifestyle

ഹരിതവിപ്ലവത്തിന്റെ പോരായ്മകള്‍

MyFin Desk

ഹരിതവിപ്ലവത്തിന്റെ പോരായ്മകള്‍
X

Summary

രിത വിപ്ലവം അതിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക
അഭിവൃദ്ധി നല്‍കി.


സ്വതന്ത്ര ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ മികച്ച പദ്ധതിയാണ് ഹരിതവിപ്ലവം.ഹരിത വിപ്ലവം അതിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക്...

സ്വതന്ത്ര ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ മികച്ച പദ്ധതിയാണ് ഹരിതവിപ്ലവം.
ഹരിത വിപ്ലവം അതിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക
അഭിവൃദ്ധി നല്‍കി. ആദ്യമായി അവതരിപ്പിച്ച പഞ്ചാബില്‍ ഹരിത വിപ്ലവം
സംസ്ഥാനത്തിന്റെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവിന്
കാരണമായി. ഇത് പട്ടിണിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയും കര്‍ഷകര്‍ക്ക്
കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

എന്നാല്‍, ഹരിതവിപ്ലവം മറ്റ് നിരവധി പ്രശ്നങ്ങള്‍ക്കും കാരണായിട്ടുണ്ട്.
പദ്ധതിയുടെ തുടക്കം മുതല്‍, വന്‍തോതില്‍ കൃഷി ചെയ്യുന്നവരും ചെറുകിട
കര്‍ഷകരും തമ്മിലുള്ള വരുമാന അന്തരം വര്‍ദ്ധിച്ചു. ജലസേചനവും മഴയെ
ആശ്രയിച്ചുള്ളതുമായ പ്രദേശങ്ങളിലെ കൃഷികളും അല്ലാത്തവയും തമ്മിലുള്ള
അന്തരം വര്‍ദ്ധിച്ചു. ചില വിളകള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രയോജനം
ലഭിക്കാനിടയായി.

ഇത് ഉത്പ്പന്നങ്ങള്‍ തമ്മിലും ഓരോ പ്രദേശത്തെ ആളുകളുടെ വിഭാഗങ്ങളിലും
വളര്‍ച്ചയുടെ അസമത്വം ഉടലെടുക്കുന്നതിന് കാരണമായി. മാത്രമല്ല,
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും സൃഷ്ടിച്ചു. വളങ്ങളുടെ കുതിച്ചുയരുന്ന
വിലയും അവ പതിവായി ഉപയോഗിക്കുന്ന പ്രവണതയും പഞ്ചാബിലെയും
ഹരിയാനയിലെയും ഗോതമ്പിന്റെയും അരിയുടെയും വിളവ് മുരടിക്കുന്നതിനും
ഹരിതവിപ്ലവത്തിന് മങ്ങലേല്‍ക്കുന്നതിനും ഇടയാക്കി.

വിളകള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ

ഹരിതവിപ്ലവത്തിന്റെ സ്വാധീനം പ്രധാനമായും അനുഭവപ്പെടുന്നത്
ഭക്ഷ്യധാന്യങ്ങളിലാണ്. ഗോതമ്പ്, അരി, ജോവര്‍, ബജ്‌റ, ചോളം എന്നിവയുള്‍പ്പെടെ
എല്ലാ ഭക്ഷ്യധാന്യങ്ങളും ഹരിതവിപ്ലവത്തിലൂടെ നേട്ടമുണ്ടാക്കിയെങ്കിലും ഏറ്റവും
കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഗോതമ്പാണ്. നാടന്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍,
എണ്ണക്കുരുക്കള്‍ എന്നിവ നിലനിന്നിരുന്ന പ്രദേശങ്ങള്‍ ഗോതമ്പ് കൃഷിയ്ക്കായി
ഉപയോഗിക്കപ്പെട്ടു. തല്‍ഫലമായി, ധാന്യ, പയറുവര്‍ഗ കൃഷി അതിവേഗം
ലാഭകരമല്ലാതായി. പ്രധാന വാണിജ്യ വിളകളായ പരുത്തി, ചണം, തേയില, കരിമ്പ്
എന്നിവയ്ക്ക് ഹരിതവിപ്ലവത്തില്‍ നിന്ന് യാതൊരുവിധ വളര്‍ച്ചയുമുണ്ടായില്ല.
പയറുവര്‍ഗങ്ങളുടെ ഉത്പാദന വളര്‍ച്ചാ നിരക്ക് ഹരിതവിപ്ലവത്തിനു മുമ്പുള്ള
കാലഘട്ടത്തില്‍ പ്രതിവര്‍ഷം 1.39 ശതമാനത്തില്‍ നിന്ന് 1967-68 മുതല്‍ 1994-95
വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 0.79 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ
സന്തുലിതമായ കൃഷി വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിച്ചു. ഈ
അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു.

പ്രാദേശിക അസമത്വങ്ങള്‍

ഹരിതവിപ്ലവം, പ്രാദേശിക തലങ്ങളില്‍ അസമത്വങ്ങള്‍ക്ക് ഇട നല്‍കി. കൃഷിയ്ക്ക്
അനുസരിച്ച് ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനിടയായി.
ഹരിതവിപ്ലവം ആകെ പ്രദേശത്തിന്റെ 40 ശതമാനത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ. 60
ശതമാനം പ്രദേശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. വടക്കന്‍ സംസ്ഥാനങ്ങളായ
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തെക്കന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്,
തമിഴ്നാട് എന്നിവിടങ്ങളിലാണ് ഹരിതവിപ്ലവത്തിന്റെ ഏറ്റവും കൂടുതല്‍
പ്രയോജനം ലഭിച്ചത്.

മിക്ക കിഴക്കന്‍ ഭാഗങ്ങളിലും അനുയോജ്യമായ രോഗ പ്രതിരോധശേഷിയുള്ള
ഉയര്‍ന്ന വിളവ് തരുന്ന നെല്ല് വികസിപ്പിച്ചെടുക്കുന്നതിലൂടെയും വരണ്ട
പ്രദേശങ്ങളുള്ള പടിഞ്ഞാറന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ജലസേചന സൗകര്യങ്ങളും
അനുയോജ്യമായ ഡ്രൈ ഫാമിംഗ് സാങ്കേതികവിദ്യയും
വികസിപ്പിക്കുന്നതിലൂടെയും വിളകളിലെ പ്രാദേശിക അസമത്വം കുറയ്ക്കാന്‍
കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വ്യക്തികള്‍ തമ്മിലുള്ള അസമത്വം

10 ഹെക്ടറോ അതില്‍ കൂടുതലോ ഭൂമിയുള്ള വന്‍കിട കര്‍ഷകനാണ്
ഹരിതവിപ്ലവത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിച്ചത്. കാര്‍ഷിക ഉപകരണങ്ങളും
മെച്ചപ്പെട്ട വിത്തും വളവും വാങ്ങാനുള്ള സാമ്പത്തിക സ്രോതസ്സും ജലസേചനം
ക്രമമായി ചെയ്യുന്നതിനും ഇക്കൂട്ടര്‍ക്ക് കഴിയും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്
ഈ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക സ്രോതസ്സുകളില്ല. കൂടാതെ
ഹരിത വിപ്ലവ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു.
1990-91 ല്‍ ഇന്ത്യയില്‍ ഏകദേശം 1,053 ലക്ഷം കൃഷിഭൂമി ഉണ്ടായിരുന്നു. അതില്‍
1.6 ശതമാനം മാത്രമാണ് 10 ഹെക്ടറില്‍ കൂടുതല്‍ വലിപ്പമുള്ളത്.

തൊഴിലില്ലായ്മ

പഞ്ചാബ് ഒഴികെ, ഹരിയാനയില്‍ ഒരു പരിധിവരെ, ഹരിതവിപ്ലവത്തിന് കീഴിലുള്ള
കൃഷിരീതിയും യന്ത്രവത്ക്കരണവും ഗ്രാമീണ മേഖലയിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത്
ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയും ഭൂരഹിതരെയുമാണ്.