image

13 Jan 2022 3:46 AM GMT

Lifestyle

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

MyFin Desk

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
X

Summary

അധികാരവും ചുമതലകളും അനുദിനം വികസിച്ച് വരുന്ന വിവരസാങ്കേതിക മേഖലയില്‍ രാജ്യം മേല്‍ക്കൈ നേടുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് മുന്നേറ്റം സാധ്യമാക്കാനുമായാണ് ട്രായ് എന്ന സ്വതന്ത്ര സംവിധാനം നിലവില്‍ വന്നത്


ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വിവരകൈമാറ്റമാണ് ടെലികമ്യൂണിക്കേഷന്‍സ് അഥവാ ടെലികോം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ടെക്സ്റ്റ്,...

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വിവരകൈമാറ്റമാണ് ടെലികമ്യൂണിക്കേഷന്‍സ് അഥവാ ടെലികോം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ടെക്സ്റ്റ്, ശബ്ദം, ഡാറ്റ, വീഡീയോ എന്നിങ്ങനെ പല രീതിയിലൂടെയും ഈ കൈമാറ്റം സംഭവിക്കാം. ടെലിഗ്രാമില്‍ നിന്നും
ടെലിഫോണില്‍ നിന്നും വളര്‍ന്ന വിവരകൈമാറ്റ പ്രക്രിയ പല രീതികളിലൂടെ വ്യാപകമായതോടുകൂടിയാണ് അതിന് ഏകോപനവും ഉത്തരവാദിത്വവും കൊണ്ടുവരുന്ന അധികാര സ്ഥാപനത്തിന്റെ ആവശ്യം ഉണ്ടാവുന്നത്.


ആദ്യകാലത്ത് കേന്ദ്ര പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് (പിന്നീട് ടെലികമ്യൂണിക്കേഷന്‍) മന്ത്രാലയത്തിനായിരുന്നു അധികാരം.കാലക്രമേണ അതില്‍ നിന്ന് അടര്‍ത്തിയെടുത്ത ടെലികമ്യൂണിക്കേഷന്‍ വകുപ്പിനായി ചുമതല. മാധ്യമങ്ങളുടെ എണ്ണവും വ്യാപ്തിയും കൂടി വന്നപ്പോള്‍ ഇതിൽ നിന്ന് കൂടുതല്‍ വ്യാപകമായ അധികാരങ്ങളുള്ള ഒരു നിയന്ത്രാധികാര
സംവിധാനം ആവശ്യമായി വന്നു. അങ്ങിനെ 1997 ല്‍ ട്രായ് (TRAI) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായി.


അധികാരവും ചുമതലകളും അനുദിനം വികസിച്ച് വരുന്ന വിവരസാങ്കേതിക മേഖലയില്‍ രാജ്യം മേല്‍ക്കൈ നേടുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് മുന്നേറ്റം സാധ്യമാക്കാനുമായാണ് ട്രായ് എന്ന സ്വതന്ത്ര സംവിധാനം നിലവില്‍ വന്നത്. സേവന ദാതാക്കള്‍ക്കെല്ലാം സുതാര്യവും ന്യായവുമായ മത്സരത്തിനുള്ള അന്തരീക്ഷം ഒരുക്കുക എന്നതാണ് ട്രായുടെ പ്രധാന ചുമതല. അധ്യക്ഷനും രണ്ട് പേരില്‍ കൂടാത്ത മുഴുവന്‍ സമയ അംഗങ്ങളും, രണ്ട് പാര്‍ട്ട് ടൈം അംഗങ്ങളും ഉള്‍പ്പെട്ട സമിതിയ്ക്കാണ് ഇതിന്റെ നിര്‍വഹണച്ചുമതല.


ട്രായിയുടെ പ്രധാന ചില ചുമതലകള്‍ ഇവയാണ്:

സാഹചര്യം പോലെ പുതിയ സേവനദാദാക്കള്‍ക്ക് അനുമതി നല്‍കാന്‍ വേണ്ട ശുപാര്‍ശകള്‍ നല്‍കുക, അവയ്ക്കുള്ള പ്രവര്‍ത്തന വ്യവസ്ഥകള്‍ രൂപീകരിക്കുക, വിവിധ
സേവന ദാതാക്കള്‍ തമ്മില്‍ യോജിച്ച പ്രവര്‍ത്തനവും അവര്‍ തമ്മിലെ വരുമാനം പങ്കുവെക്കലും നീതിയുക്തമാണ് എന്ന് ഉറപ്പാക്കുക, സേവന ദാതാക്കള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് ഉറപ്പാക്കുക, ഉപഭോഗ്താവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപെടുന്നുണ്ട് എന്ന് ഉറപ്പാക്കുക, സേവന മികവും അതിനുപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളുടെ ഗുണനിലവാരവും
പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക, ടെലികോം മേഖലയുടെ മികവ് ലക്ഷ്യമാക്കി സര്‍ക്കാരിന്ന് വേണ്ട ഉപദേശങ്ങള്‍ നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഏതു ചുമതലയും നിര്‍വഹിക്കുക തുടങ്ങിയവ.


ടി ഡി എസ് എ ടി


2000ത്തില്‍ തര്‍ക്കങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ നിർദേശിക്കാനുമുള്ള അധികാരങ്ങള്‍ ട്രായില്‍ നിന്ന് മാറ്റി ടെലികോം ഡിസ്പ്യൂട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പെല്ലറ്റ് ട്രിബുണല്‍ (ടി ഡി എസ് എ ടി; TDSAT) എന്ന ഒരു ട്രിബ്യുണലില്‍ നിഷിപ്തമായി. വ്യവസ്ഥാപിത ചുമതലകളില്‍ ട്രായ്ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ വേണ്ടി തര്‍ക്കപരിഹാര കാര്യങ്ങളില്‍ നിന്ന് അതിനെ ഒഴിവാക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശം.

1997ലെ ട്രായ് നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ വരുത്തിയ ഭേദഗതി വഴിയാണ് ഈ അപ്പലെറ്റ് കേന്ദ്രം നിലവില്‍ വന്നത്. ഒരു അധ്യക്ഷനും കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന രണ്ട് അംഗങ്ങളും ഉള്‍പ്പെട്ടതാണ് ട്രിബ്യൂണല്‍. അധ്യക്ഷന്‍ നിലവിലുള്ളതോ വിരമിച്ചതോ
ആയ സുപ്രീം കോടതി ജഡ്ജി, അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണം. കേന്ദ്ര സംസ്ഥാന തലത്തില്‍ സെക്രട്ടറി അല്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ പ്രവര്‍ത്തിച്ചയാളോ, ടെലികോം വ്യവസായം തുടങ്ങിയ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചയാളോ ആയിരിക്കണം ട്രിബ്യൂണല്‍ അംഗം. ഒരു സിവില്‍ കോടതിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഈ ട്രിബ്യുണലിനുണ്ട്.

സൈബര്‍ മേഖലയിലെ തര്‍ക്കങ്ങള്‍ ഒഴിച്ചു ടെലികോം സംബന്ധമായ മറ്റെല്ലാ തര്‍ക്കങ്ങള്‍ക്കും ആദ്യ കോടതി ഇതാണ്. ടെലികോം മേഖലയിലെ അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും അവരുടെ പരാതികള്‍ നേരിട്ട്
എത്തിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ കൂടി ട്രായ് നടപ്പിലാക്കാറുണ്ട്. ഇതിനു വേണ്ടി 2017 ല്‍ പൊതുജനങ്ങള്‍ക്കായി ഒരു വെബ്‌പോര്‍ട്ടലും മൂന്ന് ആപ്പുകളും നിര്‍മ്മിച്ചിട്ടുണ്ട്.