- Home
- /
- Industries
- /
- Education
- /
- എങ്ങനെ നേടാം...
Summary
ഉയര്‍ന്ന പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിനേക്കാള്‍ ലാഭവും സൗകര്യവുമാണ് വിദ്യാഭ്യാസ വായ്പകള്‍.
വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്കിടയില്‍ വിദ്യാഭ്യാസം നിങ്ങള്‍ക്കൊരു ബാധ്യതയാവുന്നുണ്ടോ? ഇന്ത്യയിലും വിദേശത്തും ഉള്ള വിദ്യാഭ്യാസ...
വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്കിടയില്‍ വിദ്യാഭ്യാസം നിങ്ങള്‍ക്കൊരു ബാധ്യതയാവുന്നുണ്ടോ? ഇന്ത്യയിലും വിദേശത്തും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉയര്‍ന്ന നിരക്കുകളില്‍ നിന്നും സാധാരണക്കാരന് രക്ഷ നേടാന്‍ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കാറുണ്ട്. എന്നാല്‍ കൃത്യമായ ധാരണയില്ലാത്തതിനാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ പലര്‍ക്കും സാധിക്കാറില്ല. ഇത് പലപ്പോഴും അധിക ബാധ്യതയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. ശരിയായ വിദ്യാഭ്യാസ വായ്പകള്‍ എങ്ങനെ തിരഞ്ഞെടുക്കാം.
ശരിയായ വായ്പ
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പലരും വ്യക്തിഗത വായ്പകള്‍ക്ക് പിന്നാലെ പോകാറുണ്ട്. ലഭ്യമാകുന്നതിനുള്ള നൂലാമാലകള്‍ കുറയുമെങ്കിലും ഇത് വലിയ തിരിച്ചടവ് ബാധ്യത വരുത്തി വയ്ക്കും. ഉയര്‍ന്ന പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിനേക്കാള്‍ ലാഭവും സൗകര്യവുമാണ് വിദ്യാഭ്യാസ വായ്പകള്‍. ശരാശരി 10% പലിശ ഈടാക്കുന്നതാണ് വ്യക്തിഗത വായ്പകളെങ്കില്‍ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പകള്‍ ശരാശരി 8% പലിശനിരക്കില്‍ ലഭിക്കും. സ്വകാര്യ ബാങ്കുകളുടെ നിരക്ക് ഇതിലും കൂടിയേക്കും.
എത്ര തുക വരെ ലഭിക്കും?
പഠന ചെലവ്, കുടുംബത്തിന്റെ മൊത്തം വരുമാനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാവും ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നത്. ഇന്ത്യയിലെവിടെയും പഠിക്കാന്‍ 2 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ലഭിക്കുമ്പോള്‍ വിദേശ പഠനത്തിന് ഇതിനെക്കാള്‍ ഉയര്‍ന്ന തുക ലഭിക്കും. പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, തൊഴില്‍ സാധ്യത എന്നിവയെല്ലാം പരിഗണിച്ചാവും തുക നിര്‍ണയിക്കുക.
ആര്‍ക്കെല്ലാം ലഭിക്കും?
സാമ്പത്തിക പ്രതിസന്ധി മൂലം ഉപരിപഠനത്തിന് ചേരാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസകരമാണ് ഇത്തരം വായ്പകള്‍. എല്ലാ കോഴ്‌സുകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കാറുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ സ്‌കോര്‍ ഇതിനൊരു പ്രധാന ഘടകമാണ്. നഴ്‌സിംഗ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വേഗത്തില്‍ വായ്പ ലഭിക്കും. രക്ഷിതാക്കള്‍ സഹ അപേക്ഷകരായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ബാങ്ക് വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കും. കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം മുതല്‍ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറു മാസത്തിനു ശേഷം (ഇവയില്‍ ഏതാണോ നേരത്തെ) തിരിച്ചടവ് തുടങ്ങിയാല്‍ മതി. നിങ്ങളുടെ വായ്പാ തുക അടിസ്ഥാനമാക്കി ബാങ്ക് ജാമ്യം ആവശ്യപ്പെട്ടേക്കാം. ലോണ്‍ തിരിച്ചടവിന് ആദായനികുതി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യാഭ്യാസ വായ്പ അധിക പലിശയിളവിന് അര്‍ഹതയുണ്ടാകും.
ആവശ്യമായ രേഖകള്‍
1) പേര്, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍,
അപേക്ഷകന്റെ ഫോട്ടോ
2) കോളേജ് അഡ്മിഷന്‍ ലെറ്റര്‍
3) പഠനചെലവ് തെളിയിക്കുന്ന രേഖകള്‍
4) വരുമാനം സബന്ധിച്ച രേഖകള്‍- സാലറി സ്ലിപ്, ബാങ്ക്
സ്റ്റേറ്റ്മെന്റ്, ഇന്‍കം ടാക്സ് റിട്ടേണ്‍ രേഖ
കോഴ്‌സുകള്‍
സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഉപരിപഠനം പ്രതിസന്ധിയിലായവര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഇത്തരം ലോണുകള്‍. എല്ലാ കോഴ്സുകള്‍ക്കും അപേക്ഷിക്കാം:
രാജ്യത്തിനകത്തും പുറത്തുമായി ചെയ്യുന്ന എല്ലാ തരത്തിലുമുള്ള ബിരുദ-ബിരുദാനന്തര-ഡിപ്ലോമ, വൊക്കേഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് വായ്പ ബാധകമാണ്. ലാബ്, ട്യൂഷന്‍, എക്സാമിനേഷന്‍, ഹോസ്റ്റല്‍, യൂണിഫോം-ബുക്ക് ഫീസുകളും, കോഷന്‍ ഡെപ്പോസിറ്റും വിദേശപഠനത്തിനുള്ള യാത്രാ ചെലവുകളുമെല്ലാം വായ്പയില്‍ ഉള്‍പ്പെടുന്നു.
നിബന്ധനകള്‍
കോഴ്സ് ഫീയും അപേക്ഷകന്റെ വാര്‍ഷിക വരുമാനവുമായിരിക്കും വായ്പ ലഭിക്കുന്നതിനുള്ള നിര്‍ണായക ഘടകങ്ങള്‍. വായ്പയ്ക്കായി അപേക്ഷിക്കുന്നതിന് ഒരു സഹ അപേക്ഷകന്‍ ഉണ്ടായിരിക്കണം. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ലോണുകള്‍ക്ക് ഗ്യാരണ്ടിയുടെയോ സെക്യൂരിറ്റിയുടെയോ ആവശ്യമില്ല. 4 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ഒരു തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടി ആവശ്യമാണ്. 7.5 ലക്ഷത്തിലധികം തുകയ്ക്ക് ഈട് നല്‍കണം. വിദേശ പഠനത്തിന് വായ്പാതുക പര്യാപ്തമല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥി പാര്‍ട് ടൈം ജോലി തിരയുന്നത് നല്ലതാണ്. ഇന്‍ഷുറന്‍സും ഇവിടെ അനിവാര്യമാണ്.