കറന്‍സി നിരോധനവും പിന്നീട് വന്ന കോവിഡ് മാഹാമാരിയും നേരിട്ടുള്ള പണക്കൈമാറ്റം വല്ലാതെ കുറച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍...
കറന്‍സി നിരോധനവും പിന്നീട് വന്ന കോവിഡ് മാഹാമാരിയും നേരിട്ടുള്ള പണക്കൈമാറ്റം വല്ലാതെ കുറച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍ ഇക്കാലയളവില്‍ കുതിച്ചുയര്‍ന്നു. ഒരു ബാങ്കിന്റെ ഉപഭോക്താവ് സ്വന്തം അക്കൗണ്ടിലൂടെ മറ്റൊരാള്‍ക്ക് ഇലക്ട്രോണിക് മാധ്യമത്തിലൂടെ പണം കൈമാറുന്നതിനെയാണ് ഇ എഫ് ടി അഥവാ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
സ്വീകര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്നതുകൊണ്ട് ഇതിനെ നേരിട്ടുള്ള നിക്ഷേപം എന്നും പറയാറുണ്ട്. അതായത് ഇവിടെ പണം കൈമാറുന്നതിന് ചെക്ക് അടക്കമുള്ള ഭൗതീകമായ രേഖകള്‍ ആവശ്യമില്ല. പരമ്പരാഗതമായ രീതിയിലുള്ള പണവിനിമയ സംവിധാനത്തേക്കാളും കാര്യക്ഷമവും വേഗതയേറിയതുമാണ് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍. പണകൈമാറ്റത്തിന് അനാവശ്യമായ പേപ്പര്‍ ജോലികളും മറ്റും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. എ ടി എം ഇടപാടുകള്‍, കാര്‍ഡ് ഉപയോഗിച്ചുള്ള പണവിനിമയം, ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ വരും.
ഇലക്ട്രോണിക് സിഗ്നല്‍ വഴിയാണ് ഇ എഫ് ടി പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍, ലാപ് ടോപ് അടക്കമുള്ള സംവിധാനങ്ങളിലൂടെ ഓഫീസില്‍ നിന്നോ വീടുകളില്‍ നിന്നോ ഇത് ചെയ്യാമെന്നുള്ളതുകൊണ്ട് ഇ എഫ് ടി യ്ക്ക് വേഗത്തില്‍ പ്രചാരം ലഭിച്ചു. പല വിധത്തിലുള്ള ഇല്‌ട്രോണിക് ഫണ്ട് കൈമാറ്റം സാധ്യമാകുമെങ്കിലും ഏറ്റവും മികച്ചത് ഏത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. അയയ്ക്കുന്ന ഫണ്ടിന്റെ വലിപ്പം, ഇതിനായി വരുന്ന ചെലവ്, അയച്ച പണം സ്വീകരിക്കാന്‍ എടുക്കുന്ന പരമാവധി സമയം ഇതെല്ലാം ഇവിടെ പരിഗണിക്കേണ്ടി വരും. ഒരേ ബാങ്കിലെ വ്യത്യസ്ത അക്കൗണ്ടുകള്‍ തമ്മില്‍ ഇങ്ങനെ പണം
കൈമാറാം. മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഐ എം പി എസ് (ഇമ്മിഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്) സംവിധാനത്തിലൂടെയുള്ള പണവിനിമയമെല്ലാം ഇതിന്റെ ഭാഗമാണ്. ആപ്പ് അധിഷ്ഠിതമായ യു പി ഐ പണമിടപാടുകളും ഇതില്‍ ഉള്‍പ്പെടും.