image

13 Jan 2022 4:37 AM GMT

Learn & Earn

ബാങ്ക് വായ്പ വേണോ? ചില്ലറക്കാരനല്ല ക്രെഡിറ്റ് സ്‌കോര്‍

MyFin Desk

ബാങ്ക് വായ്പ വേണോ? ചില്ലറക്കാരനല്ല ക്രെഡിറ്റ് സ്‌കോര്‍
X

Summary

  സാമ്പത്തിക പ്രതിസന്ധി നമ്മെ അലട്ടുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ബാങ്ക് വയ്പകളെ കുറിച്ചാകും. വിവിധ വായ്പ ആവശ്യങ്ങളുമായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ പലപ്പോഴും നല്ല പ്രതികരണമായിരിക്കില്ല ബാങ്കുകളില്‍ നിന്നും ലഭിക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പലപ്പോഴും ഇവിടെ വില്ലനാകും. ഉയര്‍ന്ന സ്‌കോര്‍ ഉള്ളവര്‍ക്ക് ബാങ്കുകള്‍ വിളിച്ച് വായ്പ നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭവന- വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ ഇങ്ങനെ ആവശ്യങ്ങള്‍ എന്തുമാകട്ടെ പ്രധാന മാനദണ്ഡം ഈ സ്‌കോര്‍ തന്നെയായിരിക്കും. എന്താണ് ക്രെഡിറ്റ് സ്‌കോര്‍? നിങ്ങളുടെ വായ്പാക്ഷമത […]


സാമ്പത്തിക പ്രതിസന്ധി നമ്മെ അലട്ടുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ബാങ്ക് വയ്പകളെ കുറിച്ചാകും. വിവിധ വായ്പ ആവശ്യങ്ങളുമായി ധനകാര്യ സ്ഥാപനങ്ങളെ...

 

സാമ്പത്തിക പ്രതിസന്ധി നമ്മെ അലട്ടുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ബാങ്ക് വയ്പകളെ കുറിച്ചാകും. വിവിധ വായ്പ ആവശ്യങ്ങളുമായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ പലപ്പോഴും നല്ല പ്രതികരണമായിരിക്കില്ല ബാങ്കുകളില്‍ നിന്നും ലഭിക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പലപ്പോഴും ഇവിടെ വില്ലനാകും. ഉയര്‍ന്ന സ്‌കോര്‍ ഉള്ളവര്‍ക്ക് ബാങ്കുകള്‍ വിളിച്ച് വായ്പ നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭവന- വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ ഇങ്ങനെ ആവശ്യങ്ങള്‍ എന്തുമാകട്ടെ പ്രധാന മാനദണ്ഡം ഈ സ്‌കോര്‍ തന്നെയായിരിക്കും.

എന്താണ് ക്രെഡിറ്റ് സ്‌കോര്‍?

നിങ്ങളുടെ വായ്പാക്ഷമത സൂചിപ്പിക്കുന്ന പ്രധാന മാനദണ്ഡമാണ് ക്രെഡിറ്റ് സ്‌കോര്‍. സിബില്‍ എന്ന ഏജന്‍സി ആണ് ഇത് നിര്‍ണയിക്കുന്നതെന്നതിനാല്‍ ഇതിനെ സിബില്‍ സ്‌കോര്‍ എന്നും പറയാറുണ്ട്. ക്രെഡിറ്റ് സ്‌കോര്‍, സിബില്‍ സ്‌കോര്‍ എന്നീ വാക്കുകള്‍ പലപ്പോഴും ആശയകുഴപ്പമുണ്ടാക്കാറുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണ്ണയിക്കുന്നതിനായി പ്രധാനമായും നാല് ഏജന്‍സികളാണ് ഇന്ത്യയിലുള്ളത്.

ട്രാന്‍സ് യൂണിയന്‍ സിബില്‍, എക്‌സ്പീരിയന്‍ പിഎല്‍സി, ഹൈമാര്‍ക്ക്, ഇക്യുഫാക്‌സ് എന്നിവയാണ് നാല് ഏജന്‍സികള്‍. ഇവയില്‍ ട്രാന്‍സ് യൂണിയന്‍ സിബിലാണ് ഇവിടെ പ്രധാനം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ വായ്പാ വിവരങ്ങള്‍ ട്രാന്‍സ് യൂണിയന്‍ സിബിലിലേക്ക് നല്‍കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണ്ണയിക്കുക. സിബില്‍ നല്‍കുന്ന സ്‌കോര്‍ ആയതിനാല്‍ ഇത് സിബില്‍ സ്‌കോര്‍ ആയി അറിയപ്പെടുന്നു എന്ന് മാത്രം.

സ്‌കോര്‍ പരിശോധിക്കാം

ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ഹോം പേജിലെ പേഴ്‌സണല്‍ ടാബില്‍ 'ഗെറ്റ് യുവേഴ്‌സ് നൗ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ചെറിയൊരു തുക അടച്ച ശേഷം 'ഗെറ്റ് യുവര്‍ സിബില്‍ സ്‌കോര്‍' ക്ലിക്ക് ചെയ്യുന്നതോടെ വിശദമായ റിപ്പോര്‍ട്ട് ലഭിക്കും.ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്ന സിബില്‍ സ്‌കോര്‍ റിപ്പോര്‍ട്ട് പിന്നീട് വരിസംഖ്യാ അടിസ്ഥാനത്തില്‍ ലഭിക്കുകയും ചെയ്യും.

ഒരു മാസത്തേക്ക് 550 രൂപയും, മൂന്ന് മാസത്തേക്ക് 800 രൂപയും, ഒരു വര്‍ഷത്തേക്ക് 1,200 രൂപയുമാണ് വരിസംഖ്യാ. സൗജന്യ ക്രെഡിറ്റ് സ്‌കോറിനാണ് അപേക്ഷിക്കുന്നതെന്ന് കരുതുക. അങ്ങനെയെങ്കില്‍ ആദ്യഘട്ടം നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കി സൈന്‍ അപ്പ് ചെയ്യുക. ശേഷം ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ ഏതെങ്കിലും നല്‍കുക. ഇതില്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്ത്‌കൊണ്ട് മുന്നോട്ട് പോകാം. സൈന്‍ അപ്പ് ചെയ്യുന്ന സമയത്ത് നല്‍കിയ ഇ മെയിലിലേക്ക് ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാകുന്നു.

ശ്രദ്ധിക്കാം, സ്‌കോറിനെ

വായ്പ്പക്കായി അപേക്ഷിക്കുന്നവരുടെ തിരിച്ചടവ് ചരിത്രം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. വായ്പ ഉപയോഗ അനുപാതം, നിലവിലുള്ള വായ്പ്പകളുടെ എണ്ണം എന്നിവയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു. വായ്പ അപേക്ഷകരുടെ സാമ്പത്തിക സമഗ്രതയുടെ സ്‌കോര്‍ബോര്‍ഡാണ് ക്രെഡിറ്റ് സ്‌കോര്‍. വായ്പ നല്‍കേണ്ടതുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്ന ഘടകം. വേഗത്തില്‍ വായ്പ ലഭിക്കുന്നതിന് ക്രെഡിറ്റ് സ്‌കോര്‍ അനിവാര്യമാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുണ്ടെങ്കില്‍ കുറഞ്ഞ പലിശനിരക്കിനായി ധനകാര്യ സ്ഥാപനങ്ങളുമായി വിലപേശാനാകും.

സ്‌കോര്‍ മെച്ചപ്പെടുത്താം?

കുടിശ്ശികകള്‍ എത്രയും വേഗത്തില്‍ അടച്ചു തീര്‍ക്കുകയാണെങ്കില്‍ കുറഞ്ഞ സമയംകൊണ്ട് സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താം. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയും കാര്‍ഡ് പേയ്‌മെന്റുകള്‍ കൃത്യസമയത്ത് നടത്തുകയും ചെയ്യുക. മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവുകള്‍ കുറഞ്ഞ പരിധിയില്‍ നിര്‍ത്തുക എന്നതും പ്രധാനമാണ്. സാധാരണ വ്യക്തികളുടെ ക്രെഡിറ്റ് സ്‌കോര്‍ 300 മുതല്‍ 900 വരെയാണ് രേഖപ്പെടുത്തുന്നത്. പൊതുമേഖലാ ബാങ്കുകള്‍ കൂടിയ ക്രെഡിറ്റ് സ്‌കോറില്‍ വായ്പ നല്‍കുമ്പോള്‍ സ്വകാര്യ ബാങ്കുകള്‍ കുറഞ്ഞ സ്‌കോറും പരിഗണിക്കാറുണ്ട്. പലപ്പോഴും 700 ന് മുകളിലാണ് മികച്ച സ്‌കോറായി പരിഗണിക്കപ്പെടുന്നത്.