- Home
- /
- Personal Finance
- /
- Fixed Deposit
- /
- ബാങ്കുകളിലെ അനാഥപ്പണം...
Summary
കഴിഞ്ഞ 10 വര്‍ഷമായി ഒരു പണമിടപാടും നടക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപമാണ് അവകാശികളില്ലാത്ത പണമായി വിലയിരുത്തപ്പെടുന്നത്
രാജ്യത്തെ വിവിധ ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് എത്ര രൂപയാണെന്നറിയുമോ? കുറച്ചൊന്നുമല്ല....
രാജ്യത്തെ വിവിധ ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് എത്ര രൂപയാണെന്നറിയുമോ? കുറച്ചൊന്നുമല്ല. 1,50,000 കോടി രൂപ. 2020 ഡിസംബറിലെ കണക്കാണ് ഇത്. ഇതില്‍ നിങ്ങളുടേയും പണം ഉള്‍പ്പെട്ടിരിക്കാം. ചെറിയ അലംഭാവം കൊണ്ടോ, അല്ലെങ്കില്‍ മറവി മൂലമോ അതുമല്ലെങ്കില്‍ ചെറിയ പിശകിനെ തുടര്‍ന്നോ ഒക്കെയാകും ഇങ്ങനെ നമ്മുടെ അധ്വാനത്തിന്റെ ഫലം അവകാശികളില്ലാത്ത നിധിയിലേക്ക് മുതല്‍ കൂട്ടിയത്.
വിനിമയമില്ലാതെ 10 വര്‍ഷം
പ്രധാനപ്പെട്ട വസ്തുത 20,000 കോടി രൂപയും ഈ നിധിയിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ടത് 2018- 2019 വര്‍ഷങ്ങളിലാണ്. എന്തുകൊണ്ടാണ് ഈ കാലയളവില്‍ അവകാശികളില്ലാത്ത പണം കുതിച്ചുയര്‍ന്നത്? കഴിഞ്ഞ 10 വര്‍ഷമായി ഒരു പണമിടപാടും നടക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപമാണ് അവകാശികളില്ലാത്ത പണമായി വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ അവകാശികളില്ലാതാകുന്ന പണം ഏറ്റവുമധികം ശേഖരിക്കപ്പെട്ടിട്ടുള്ളത് ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമാണ്. പൊതുമേഖലയിലെ മുതിര്‍ന്ന ബാങ്കായ എസ് ബി ഐ യിലാണ് ആകെ അവകാശികളില്ലാത്ത പണത്തിന്റെ 15 ശതമാനവും വെറുതെ കിടക്കുന്നത്.
കുതിച്ചുയരുന്നു
ഇക്കാലയളവില്‍ ബാങ്കുകളിലെ ഇത്തരം അക്കൗണ്ടുകളും അതിലെ പണത്തിന്റെ തോതും കുതിച്ചുയര്‍ന്നിട്ടുണ്ട്. 2018-20 വര്‍ഷങ്ങളില്‍ 1.7 ഇരട്ടിയായിട്ടാണ് ഇത് ഉയര്‍ന്നത്. രാജ്യത്ത് വിവിധ ബാങ്കുകളില്‍ ഇങ്ങനെയുള്ള അക്കൗണ്ടുകളിലായി 1,24,356 കോടി രൂപയാണ് അവകാശികളെ തേടുന്നത്. പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിപ്പിക്കാത്ത അക്കൗണ്ടുകളുട എണ്ണം 8.13 കോടി വരും.
പൊതുമേഖലാ ബാങ്കുകള്‍
രാജ്യത്തെ അവകാശികളെ തേടുന്ന പണത്തിന്റെ സിംഹഭാഗവും പൊതുമേഖലാ ബാങ്കിലാണ്. എസ് ബി ഐ യില്‍ മാത്രമായി 1.31 കോടി അക്കൗണ്ടുകളിലായി 3,577 കോടി രൂപയാണ് ഇങ്ങനെ അനാഥമായി കിടക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇങ്ങനെ കിടക്കുന്ന തുക 23,171 കോടി രൂപ വരും. ഇതില്‍ മുന്തിയ പങ്കും സ്വാഭാവികമയി എല്‍ ഐ സിയുടെ വിഹിതമാണ്. ഏതാണ്ട് 82%. പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പോളിസികളും നോമിനികള്‍ ക്ലെയിം ചെയ്യാത്തതുമെല്ലാം ഇതിനകത്ത് വരും. പോളിസിയെ കുറിച്ച് മറന്ന് പോയവരും, മരണം മൂലം അനാഥമായതുമെല്ലാം ഉള്‍പ്പെടുന്ന വിഭാഗമാണ് ഇത്.
നിങ്ങളുടെ പണം അവകാശപ്പെടാം
ഇങ്ങനെ അവകാശികളില്ലാതാകുന്ന പണം നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ ഫണ്ടിലേക്കാണ് (ഡി ഇ എ എഫ്) പോവുക. ആര്‍ ബി ഐയ്ക്ക് കീഴിലുള്ള സ്ഥാപനമാണ് ഇത്. അവകാശികള്‍ ഇല്ലാത്ത പണവും നിയമപരമായി നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെങ്കില്‍ ക്ലെയിം ചെയ്യാം. നിയമപരമായ അവകാശികളാണ് നിങ്ങളെങ്കില്‍ ഇങ്ങനെ പണം ലഭിക്കാനുണ്ടെങ്കില്‍ ബന്ധപ്പെട്ട ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയില്‍ പോയി അണ്‍ക്ലെയ്മ്ഡ് ഡിപ്പോസിറ്റ് അപേക്ഷ പൂരിപ്പിച്ച് നല്‍കണം. നിയമപരമായ അവകാശം തെളിയിക്കുന്ന രേഖ കരുതണം. അവകാശി മരിച്ചതാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.