- Home
- /
- Learn & Earn
- /
- നിങ്ങള്‍ക്ക് വായ്പാ...
Summary
വായ്പാ ക്ഷമത എന്ന് കേട്ടിട്ടുണ്ടോ
വാഹനം വാങ്ങാനോ വ്യക്തിഗത വായ്പയ്‌ക്കോ നിങ്ങള്‍ ഒരു ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ അവര്‍ ആദ്യം നിങ്ങളുടെ വായ്പാ ക്ഷമതയാകും പരിശോധിക്കുക....
വാഹനം വാങ്ങാനോ വ്യക്തിഗത വായ്പയ്‌ക്കോ നിങ്ങള്‍ ഒരു ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ അവര്‍ ആദ്യം നിങ്ങളുടെ വായ്പാ ക്ഷമതയാകും പരിശോധിക്കുക. നിങ്ങള്‍ക്ക് പ്രസ്തുത വായ്പ നല്‍കിയാല്‍ അത് അടച്ച് തീര്‍ക്കാനുള്ള ശേഷിയുണ്ടോ എന്നാവും അവര്‍ അന്വേഷിക്കുക. ഇതിന് രണ്ട് കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുക.
മനസാണ് കാര്യം
ഒന്ന്, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവ്. രണ്ട്, അത് സമയത്ത് കൃത്യതയോടെ ചെയ്യാനുള്ള നിങ്ങളുടെ മനസ്. ഇത് അറിയാനുള്ള അളവ് കോലായി വായ്പാ ക്ഷമതയെ വിലയിരുത്താം. വായ്പയ്ക്ക് എത്രമാത്രം നിങ്ങള്‍ യോഗ്യരാണ് എന്നതാവും ഇവിടെ പരിശോധിക്കപ്പെടുക. നിങ്ങളുടെ വായ്പാ തിരിച്ചടവുകളുടെ പൂര്‍വകാല ചരിത്രവും ക്രെഡിറ്റ് സ്‌കോറുമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വായ്പാ ക്ഷമത നിശ്ചയിക്കപ്പെടുക.
ആസ്തി ബാധ്യതകള്‍
ചില ധനകാര്യ സ്ഥാപനങ്ങള്‍ പുതിയ വായ്പ അനുവദിക്കുന്നതിന് മുമ്പ് ഒരാളുടെ ആകെ ആസ്തിയും മൊത്തം ബാധ്യതകളും കണക്കിലെടുക്കാറുണ്ട്. എത്രമാത്രം പുതിയ വായ്പകള്‍ക്ക് ഒരു അപേക്ഷകന്‍ യോഗ്യനാണ് എന്നാണ് ഇവിടെ പറയുക. ഇവിടെ മുന്‍വായ്പകളെ കുറിച്ചും അതിന്റെ തിരിച്ചടവ് ചരിത്രവും എല്ലാം പരിശോധിക്കപ്പെടും. ഒരോ അക്കൗണ്ടിലുമുള്ള ബാധ്യതകള്‍, നീക്കി ബാക്കി, വായ്പാ പരിധി, മുമ്പ് എന്തെങ്കിലും അടവ് മുടക്കമുണ്ടെങ്കില്‍ അത്, കുടിശിക, പാപ്പര്‍ ആയിട്ടുണ്ടെങ്കില്‍ ആ വിവരം ഇതെല്ലാം ഒരാളുടെ വായ്പാ ക്ഷമതയില്‍ പരീക്ഷിക്കപ്പെടും.
തിരിച്ചടവ് ചരിത്രം
ഇവിടെ തിരിച്ചടവ് ചരിത്രം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ നിലയില്‍ ഒരു ബാങ്കും, അലംഭാവം കൊണ്ടോ പണദൗര്‍ലഭ്യം കൊണ്ടോ മാസ അടവ് മുടക്കുന്നവരെ വായ്പയ്ക്ക് പരിഗണിക്കാറില്ല. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകിയുള്ള ഇ എം ഐ അടവ്. ഇടയ്ക്കിടെ വരുത്തുന്ന കുടിശിക ഇതും ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കാറില്ല. അടവ് കൃത്യതയോടെ നടത്തുക എന്നതാണ് പ്രധാനം. നിങ്ങളുടെ തിരിച്ചടവുകള്‍ എല്ലാ കൃത്യമാണെങ്കില്‍ ക്രെഡിറ്റ് സ്‌കോറില്‍ അത് പ്രതിഫലിക്കുകയും അത് വായ്പാക്ഷമത ഉയര്‍ത്തുകയും ചെയ്യും.
പലിശ കുറയും
ഓര്‍ക്കുക ക്രെഡിറ്റ് സ്‌കോറില്‍ 35 ശതമാനവും സംഭാവന ചെയ്യുന്നത് മികച്ച് തിരിച്ചടവ് ചരിത്രമാണ്. വായ്പാ ക്ഷമത ഒരാള്‍ക്ക് കൂടുതലാണ് എന്നാല്‍ അതിനര്‍ഥം പണത്തിനായുള്ള നിങ്ങളുടെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാവും എന്നാണ്. അതുപോലെ കുറഞ്ഞു പോയാല്‍ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത ഏറും. ഉയര്‍ന്ന വായ്പ ക്ഷമത ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാകും. ഒപ്പം പ്രോസസിംഗ് ഫീസ് അടക്കമുള്ള കാര്യങ്ങളില്‍ കുറവും ലഭിക്കും.