image

11 Jan 2022 11:54 PM GMT

Insurance

ഭാരത് ഗൃഹരക്ഷാ പോളിസി, വീടിന് ഉറപ്പാക്കൂ ഇന്‍ഷുറന്‍സ് പരിരക്ഷ

MyFin Desk

ഭാരത് ഗൃഹരക്ഷാ പോളിസി, വീടിന് ഉറപ്പാക്കൂ ഇന്‍ഷുറന്‍സ് പരിരക്ഷ
X

Summary

പ്രകൃതി ദുരന്തങ്ങളില്‍ കൈത്താങ്ങായി ഭാരത് ഗൃഹരക്ഷാ പോളിസി


പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുകയാണ്. മിന്നല്‍ പ്രളയം, വെള്ളപ്പൊക്കം, കടല്‍ക്കയറ്റം, മണ്ണിടിച്ചില്‍ ഇങ്ങനെ ദുരന്തങ്ങള്‍...

 

പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുകയാണ്. മിന്നല്‍ പ്രളയം, വെള്ളപ്പൊക്കം, കടല്‍ക്കയറ്റം, മണ്ണിടിച്ചില്‍ ഇങ്ങനെ ദുരന്തങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍ നമ്മുടെ വാസഗൃഹങ്ങളും റെഡ് സോണിലാണെന്ന് തിരിച്ചറിയേണ്ടി വരും. അപ്രതീക്ഷിതമായി ഇത്തരം ദുരിതങ്ങളുണ്ടാകുമ്പോള്‍ വീടുകളുടെ സുരക്ഷ ഒരു വലിയ പ്രശ്‌നമാണ്. ഇവിടെയാണ് ഭവന ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രസക്തി.

ഭാരത് ഗൃഹരക്ഷാ പോളിസി

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (ഐആര്‍ഡിഎഐ) ഭാരത് ഗൃഹ രക്ഷാ (ബിജിആര്‍) എന്ന പേരില്‍ ഭവന ഇന്‍ഷുറന്‍സ് പോളിസി നടപ്പാക്കുന്നത്. ഭാരത് ഗൃഹരക്ഷാ പോളിസി നിങ്ങളുടെ ഭവനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. അപ്രതീക്ഷിത ദുരന്തങ്ങളില്‍ വീടുനുണ്ടാകുന്ന നാശനഷ്ടങ്ങളടക്കം നിങ്ങളുടെ വീട്ടിലെ വസ്തുക്കള്‍ക്കും ഈ പോളിസി പ്രകാരം ഇന്‍ഷുറന്‍സ് ലഭിക്കും. ഐആര്‍ഡിഎഐയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് തീപ്പിടുത്തം, സ്ഫോടനം, മിന്നല്‍ പ്രളയം, ഭൂകമ്പം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയവയില്‍ നിന്ന് പരരക്ഷ ലഭിക്കും.

ഭാരത് ഗൃഹരക്ഷാ പോളിസി രണ്ട് ഓപ്ഷണല്‍ കവറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഭരണങ്ങള്‍, പാത്രങ്ങള്‍, പുരാവസ്തുക്കള്‍ തുടങ്ങിയ വിലയേറിയ സാധനങ്ങള്‍ക്കുള്ള കവറേജും ഉള്‍പ്പെടെ പരിരക്ഷയുണ്ടാകും. കൂടാതെ വീടിനുണ്ടാകുന്ന നാശനഷാടത്തിനൊപ്പം പോളിസി ഉടമയ്ക്കും പങ്കാളിക്കും ഉണ്ടായേക്കാവുന്ന വ്യക്തിഗത അപകടത്തിനുമുണ്ട് പരിരക്ഷ.

ക്ലെയിം ചെയ്യാം

ക്ലെയിമിനായി ഫയല്‍ ചെയ്യേണ്ടി വന്നാല്‍ ആദ്യം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം. പോളിസി നമ്പറിന്റെ വിശദാംശങ്ങള്‍ നല്‍കി നഷ്ടം സംഭവിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ക്ലെയിം ഫോം സമര്‍പ്പിക്കണം. നഷ്ടത്തിന്റെ സംക്ഷിപ്ത സ്റ്റേറ്റ്‌മെന്റ്, പോലീസിനോ ഏതെങ്കിലും അധികാരിക്കോ റിപ്പോര്‍ട്ട് ചെയ്തതിന്റെ വിശദാംശങ്ങള്‍, വീട് നിര്‍മ്മാണത്തിന്റെ അല്ലെങ്കില്‍ വീട്ടുപകരണങ്ങളുടെ മറ്റേതെങ്കിലും ഇന്‍ഷുറന്‍സിന്റെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് നാശനഷ്ടങ്ങളുടെ തെളിവുകളും വിശദാംശങ്ങളും ഇന്‍ഷുറന്‍സ് കമ്പനി ശേഖരിക്കും. ഇതിന് ശേഷം ഇന്‍ഷുറന്‍സ് തുക കൈമാറും.

കാലാവസ്ഥാ മാറ്റം കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ തുടങ്ങി പല വിധത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. കേരളത്തിന്റെ കാര്യമെടുത്താല്‍ ഉത്തരേന്ത്യയെ അപേക്ഷിച്ച്് വീടുകളും മറ്റും വളരെ വലിയ ചെലവില്‍ നിര്‍മ്മിച്ചതാണ്. അത്കൊണ്ട് തന്നെ ദുരന്തങ്ങളുണ്ടാക്കുന്ന നാശനഷ്ടവും വളരെ വലുതാണ്. ഇത്തരം ദുരന്തങ്ങളെ മുന്നില്‍ കണ്ട്കൊണ്ട് നമ്മുടെ ഭവനം സുരക്ഷിതമാക്കേണ്ടതുണ്ട്. ഇതിനായി ഭാരത് ഗൃഹരക്ഷാ പോളിസിയെടുത്ത് വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കൂ.