12 Jan 2022 6:00 AM GMT
Summary
1993 സെപ്‌റ്റംബറിൽ പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ ഓർഡിനൻസ് അടിസ്ഥാനമാക്കി 1993 ഒക്ടോബറിൽ നിലവിൽ വന്ന നിയമാനുസൃത പൊതു സംഘടനയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മനുഷ്യാവകാശ സംരക്ഷണ നിയമം പ്രകാരം ഇതിന് ബന്ധപ്പെട്ട മേഖലയിൽ നിയമനിർമ്മാണാധികാരവും നൽകിയിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണവും പ്രോത്സാഹനവും ഇതിന്റെ പ്രധാന കർത്തവ്യമാണ്. മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന ചുമതലകൾ ഇവയൊക്കെയാണ്. ●കേന്ദ്ര സർക്കാറിന്റെയോ സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ ഉണ്ടാവുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുക. ●മനുഷ്യാവകാശം ഉറപ്പാക്കാൻ വേണ്ട ഫലപ്രദമായ നടപടികൾ കൈക്കൊള്ളുക. ●ഭീകരവാദം ഉൾപ്പെടെ മനുഷ്യാവകാശം അനുഭവയോഗ്യമല്ലാതാക്കുന്ന തടസ്സപ്പെടുത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തുകയും അത് മറികടക്കാൻ വേണ്ട ശുപാർശകൾ നടപ്പാക്കുകയും ചെയ്യുക. ●മനുഷ്യാവകാശം സംബന്ധിച്ച അന്തർദേശീയ നിയമങ്ങളും കാഴ്ചപാടുകളും പഠിച്ച് അതിന്റെ കാര്യക്ഷമമായ നടത്തിപ്പിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക. ●മനുഷ്യാവകാശ മേഖലയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തുക ●ജയിലുകൾ സന്ദർശിച്ച് അവിടുത്തെ സ്ഥിതിഗതികൾ പഠിക്കുക ●മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒകൾക്കും സംഘടനകൾക്കും വേണ്ട പ്രോത്സാഹനം നൽകുക. അദ്ധ്യക്ഷനും അഞ്ച് അംഗങ്ങളും ഉൾപ്പെടുന്നതാണ് മനുഷ്യാവകാശ കമ്മിഷൻ. അദ്ധ്യക്ഷൻ സുപ്രീം കോടതിയിലെ മുൻ ചീഫ് ജസ്റ്റിസോ ജഡ്‌ജിയോ ആയിരിക്കണം. ഒരംഗം സുപ്രീം കോടതി ജഡ്‌ജിയോ മുൻ ഹൈക്കോടതി ജഡ്‌ജിയോ ആയിരിക്കണം. മറ്റു മൂന്ന് അംഗങ്ങളിൽ ഒരാളെങ്കിലും മനുഷ്യവകാശം സംബന്ധിച്ച വിഷയങ്ങളിൽ അറിവുള്ള ഒരു വനിതയായിരിക്കണം.