image

11 Jan 2022 6:39 AM

Technology

ന്യൂറാലിങ്ക് എന്നാൽ എന്താണ്?

MyFin Desk

ന്യൂറാലിങ്ക്  എന്നാൽ എന്താണ്?
X

Summary

തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണം ഇതിനോടകം തന്നെ എലികളിലും പന്നികളിലും ഒക്കെ പരീക്ഷിച്ച് വിജയം കണ്ടിരിക്കുകയാണ്.


മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാനാവുമോ. എങ്ങനെ സാധിക്കും എന്നല്ലേ, ന്യൂറാലിങ്ക്...

മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാനാവുമോ. എങ്ങനെ സാധിക്കും എന്നല്ലേ, ന്യൂറാലിങ്ക് എന്ന കമ്പനി ഈയൊരാശയവുമായി വളരെയേറെ മുന്നിലെത്തി കഴിഞ്ഞു. നിര്‍മിതബുദ്ധി മനുഷ്യ വംശത്തിന് ഭീഷണിയാണെന്ന് പല തവണ തുറന്നു പറഞ്ഞിട്ടുള്ള ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആണ് ഈയൊരു സംരംഭത്തിനും പിന്നില്‍.

2016 ല്‍ തുടക്കമിട്ട ഈ സാങ്കേതികവിദ്യ മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണം ഇതിനോടകം തന്നെ എലികളിലും പന്നികളിലും ഒക്കെ പരീക്ഷിച്ച് വിജയം കണ്ടിരിക്കുകയാണ്.

തളര്‍വാതരോഗികള്‍ക്ക് പരസഹായമില്ലാതെ തന്നെ സ്വന്തം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കാനും മസ്തിഷ്‌ക വൈകല്യമുള്ള ആളുകളെ ശാക്തീകരിക്കാനുമാണ് ഈ സാങ്കേതിക വിദ്യ ലക്ഷ്യമിടുന്നത്. ന്യൂറാലിങ്ക് മസ്തിഷ്‌ക 'ത്രെഡുകള്‍' സ്ഥാപിച്ച ഒരു ചിപ്പ് ഇതിനകം പരീക്ഷാണാര്‍ത്ഥം പുറത്തിറക്കി കഴിഞ്ഞു.

മസ്തിഷ്‌ക വൈകല്യങ്ങള്‍ മനസിലാക്കി ചികിത്സ ലഭ്യമാക്കാന്‍ ഈ ചിപ്പുകള്‍ വഴി കഴിയുന്നു. ചെവിയുടെ പിന്നില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന ഈ വയര്‍ലെസ്സ് ചിപ്പിന് തലച്ചോറുമായി ഘടിപ്പിച്ചിട്ടുള്ള ത്രെഡ്ഡുകളില്‍ നിന്നുള്ള ഉയര്‍ന്ന അളവില്‍ ഡാറ്റ കൈമാറാനും, തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളെ ആംപ്ലിഫൈ ചെയ്യാനും കഴിയുമെന്നുമാണ് അവകാശ വാദം.

ആദ്യത്തെ ഉപകരണത്തിനു ശേഷം പുതിയൊരു ഉപകരണം കൂടി കമ്പനി പരിചയപ്പെടുത്തുന്നു. തലച്ചോറില്‍ ചെറിയൊരു ദ്വാരമുണ്ടാക്കിയാണ് ഈ ഉപകരണം ഘടിപ്പിക്കുന്നത്. തലച്ചോറിലെ കോശങ്ങളിലേക്ക് 1024 നേര്‍ത്ത ഇലക്ട്രോഡ് ചാനലുകള്‍ ബന്ധിപ്പിച്ചതിനു ശേഷം തലച്ചോറില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ നിന്ന് ബ്ലൂടൂത്ത് വഴി പുറത്തുള്ള ഉപകരണത്തിലേക്ക് വിവരകൈമാറ്റം നടത്തുന്ന രീതിയിലാണിത് സജ്ജീകരിച്ചിരിക്കുന്നത്.

ശരീരം തളര്‍ന്നുപോയ ആളുകള്‍ക്ക് ആശയവിനിമയം സാധ്യമാക്കാനും അവരെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയുമാണ് ന്യൂറാലിങ്ക് പ്രധാനമായി ലക്ഷ്യമിടുന്നത്. നിലവിലുള്ള ഉല്‍പ്പന്നങ്ങളേക്കാള്‍ വളരെ ചെറുതും വിലകുറഞ്ഞതും മസ്തിഷ്‌ക കോശങ്ങളെ സ്വാധീനിക്കാത്തതും കൂടുതല്‍ മസ്തിഷ്‌ക ഡാറ്റ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് കമ്പനി പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നത്.