സമ്പാദ്യ ശീലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കറണ്ട്...
സമ്പാദ്യ ശീലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കറണ്ട് അക്കൗണ്ട് പോലെയല്ല, ഇവിടെ സമ്പാദ്യത്തിന് പലിശ നല്‍കും. സ്ഥിര വരുമാനമുള്ള വ്യക്തികള്‍ക്ക് ഇത് ഏറെ നേട്ടം നല്‍കുന്ന ഒന്നാണ്. അതുപോലെ തന്നെ വാഹനം വാങ്ങല്‍, വിവാഹം പോലുള്ള ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് യോജിച്ച അക്കൗണ്ടുകളുമാണിത്. എല്ലാ ബാങ്കുകളും ഈ സാധ്യത നല്‍കുന്നുണ്ട്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന് ഇടപാടുകാര്‍ക്ക്, കുറവെങ്കിലും പലിശ ലഭിക്കാറുണ്ട്. പല ബാങ്കുകളും വ്യത്യസ്ത നിരക്കിലാണ് സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത്. മൂന്ന് ശതമാനം മുതല്‍ മുകളിലേക്കാണ് ഇങ്ങനെ പലിശയായി അക്കൗണ്ടില്‍ വരുന്നത്. എന്നാല്‍ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ ആദായ നികുതി വിധേയമാണോ?
മറ്റ് ഉറവിടങ്ങളില്‍ നിന്ന് ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് എന്ന് ഹെഡിലാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ കണക്കാക്കുന്നത്. അതായിത് ഇത് നികുതി വിധേയമാണ് എന്നര്‍ഥം. കൂടാതെ ആദായ നികുതി ചട്ടം സെക്ഷന്‍ 80 ടി ടി എ അനുസരിച്ച് ഇതില്‍ നിന്നുള്ള വാര്‍ഷിക നേട്ടം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഇത് നികുതി വിധേയമാണ്.
ഉറവിട നികുതി
സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വര്‍ഷം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഇത് നികുതി വിധേയമാണ് എന്നു പറഞ്ഞല്ലോ. പലിശ വരുമാനം വര്‍ഷം 10,000 രൂപയില്‍ കൂടുതലായാല്‍ ഉറവിടത്തില്‍ നികുതി പിടിക്കുന്നതാണ് ചട്ടമെങ്കിലും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാം.
ഉറവിടത്തില്‍ നികുതി പിടിച്ചില്ല എന്നതുകൊണ്ട് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശവരുമാനം നികുതി നിര്‍ണയിക്കുമ്പോള്‍ മാറ്റിനിര്‍ത്താനാവില്ല. പല അക്കൗണ്ടുകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പല ബാങ്കുകളില്‍ സേവിംഗ്‌സ് അക്കൗണ്ട് എടുത്തിട്ടുള്ളവരാണ് നമ്മള്‍. ചെറുതെങ്കിലും ഇതില്‍ എല്ലാമുളള സമ്പാദ്യം അതിന് ലഭിക്കുന്ന പലിശ വരുമാനവും ചേര്‍ത്താവും ഇവിടെ കണക്കാക്കുക. സേവിംഗ്സ് അക്കൗണ്ടില്‍ നിന്നുള്ള വരുമാനം ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ നോക്കി കൂട്ടികിഴിച്ച് 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ അത് നികുതി വിധേയമാണ്.