സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എടുക്കാറുണ്ട്. വ്യക്തിഗത ആരോഗ്യ പോളിസികളേക്കാള്‍...
സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എടുക്കാറുണ്ട്. വ്യക്തിഗത ആരോഗ്യ പോളിസികളേക്കാള്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നവയായിരിക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍. കാരണം ഇവിടെ സ്ഥാപനത്തിലെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് വേണ്ടി ഒരുമിച്ചാകും പോളിസികള്‍ എടുക്കുക. അപ്പോള്‍ പ്രീമിയം തുകയില്‍ ആനുകൂല്യവും പോളിസിയില്‍ അധിക നേട്ടവും സ്വാഭാവികമാണ്.
സ്വകാര്യ മേഖലയിലും കോര്‍പ്പറേറ്റ് രംഗത്തും ഇത്തരം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍ സര്‍വസാധാരണമാണ്. സര്‍ക്കാര്‍ മേഖലയെ പോലെയല്ല ഇവിടെ നിരന്തരം തൊഴില്‍ മാറിക്കൊണ്ടിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ സ്ഥാപനത്തിലേക്ക് ചേക്കേറുമ്പോള്‍ പഴയ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യം തുടരില്ല. പിന്നീട് പുതിയ പോളിസി എടുക്കുമ്പോള്‍ തുടര്‍ച്ച നഷ്ടപ്പെടുന്നതിനാല്‍ പല രോഗങ്ങളും പരിധിക്ക് വെളിയിലാകുകയും ചെയ്യും. ഇതൊഴിവാക്കാന്‍ സ്ഥാപനം മാറുന്നതോടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ നിന്ന് വ്യക്തിഗത ഇന്‍ഷുറന്‍സിലേക്ക് നിങ്ങള്‍ക്ക് മൈഗ്രേറ്റ് ചെയ്യാം. അതിന് ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്.
കമ്പനിയെ അറിയിക്കാം
നിലവിലെ നിങ്ങളുടെ പോളിസിയുടെ നേട്ടം തുടര്‍ച്ചയായി ലഭിക്കാന്‍ അതേ കമ്പനിയുടെ തന്നെ വ്യക്തിഗത പോളിസി എടുക്കുന്നതാണ് നല്ലത്. ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയെ വ്യക്തിഗത പോളിസിയിലേക്ക് പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ആ കമ്പനിയെ അറയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജോലി വിടുന്നതിന് 30-45 ദിവസം മുമ്പ് തന്നെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കമ്പനിയെ ഇത് അറിയിച്ചിരിക്കണം. എന്നിട്ട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കണം.
പുതിയ പോളിസിയിയില്‍ ലഭ്യമായ ഇന്‍ക്ലൂഷന്‍, എക്‌സ്‌ക്ലൂഷന്‍ നിബന്ധനകള്‍ ഇവയെല്ലാം കണക്കിലെടുക്കണം. പിന്നീട് അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം നല്‍കാം. ഐ ആര്‍ ഡി എ യുടെ ചട്ടമനുസരിച്ച് അതേ കമ്പനിയുടെ തന്നെ വ്യക്തിഗത പോളിസിയാണ് നല്ലത്. നിങ്ങളുടെ നിലവിലുള്ള പോളിസി അവസാനിക്കുന്നതിന് 45 ദിവസം മുമ്പെങ്കിലും ഇക്കാര്യം കമ്പനിയെ അറിയിച്ചിരിക്കണം.
മെഡിക്കല്‍ പരിശോധന
പോര്‍ട്ട് ചെയ്യുമ്പോള്‍ മെഡിക്കല്‍ പരിശോധന നടത്തേണ്ടി വന്നേയ്ക്കാം. പുതിയ പോളിസിയ്ക്ക് നിലവിലുള്ളതിന്റെ ആനുകൂല്യത്തിന്റെ തുടര്‍ച്ചയായ വെയിറ്റിംഗ് പീരിയഡ്, ഇന്‍ക്ലൂഷന്‍, എസ്‌ക്ലൂഷന്‍ എന്നിവ ലഭിക്കും. ഇവിടെ നിങ്ങള്‍ക്ക് നിലവിലുള്ള കവറേജ് കൂട്ടി വേണമെങ്കില്‍ അക്കാര്യവും കമ്പനിയുമായി ചര്‍ച്ച ചെയ്യാം. ആവശ്യത്തിനനുസരിച്ച് കവറേജും പ്രീമിയവും ഉള്ള പോളിസികള്‍ തിരഞ്ഞെടുക്കാം.
അരുത്
കമ്പനി വിട്ടു എന്നു കരുതി തുടര്‍ന്ന് വരുന്ന ആരോഗ്യ പോളിസിയില്‍ അലംഭാവം കാണിക്കരുത്. പോളിസി ഇടയില്‍ നിര്‍ത്തിയില്‍ പല ആനുകൂല്യങ്ങളും നഷ്ടമാകും. പിന്നീട് പുതിയ പോളിസി എടുക്കുമ്പോള്‍ പ്രായം കൂടി വരുന്നതിനാല്‍ പഴയ ആനുകൂല്യം പലതും ലഭ്യമല്ലാതാകും. അതുകൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ തുടര്‍ച്ച നിര്‍ബന്ധമായും ശ്രദ്ധിക്കണം.