സമ്പദ്‌വ്യസ്ഥയില്‍ പണത്തിന്റെ ഒഴുക്ക് ചാക്രികമാണ്. കൊടുക്കുന്ന പണം തിരികെ കിട്ടാതാവുമ്പോള്‍ ആ ഒഴുക്ക് തടസ്സപ്പെടും....
സമ്പദ്‌വ്യസ്ഥയില്‍ പണത്തിന്റെ ഒഴുക്ക് ചാക്രികമാണ്. കൊടുക്കുന്ന പണം തിരികെ കിട്ടാതാവുമ്പോള്‍ ആ ഒഴുക്ക് തടസ്സപ്പെടും. വായ്പകള്‍ തിരിച്ചുകിട്ടാത്ത വരുമ്പോള്‍ വായ്പകൊടുക്കല്‍ ബുദ്ധിമുട്ടിലാവുന്നു. അത് കൊണ്ട് വായ്പ നല്‍കുന്ന ആള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന്ന് അത് തിരിച്ചു നല്‍കാനുള്ള ശേഷിയുണ്ടോ എന്നും വായ്പ തിരിച്ചടവിന്റെ ചരിത്രം എങ്ങനെയാണ് എന്നൊക്കെ നോക്കിയാണ് ഇന്ന് ബാങ്കുകളും മറ്റും വായ്പ നല്‍കുന്നത്. എല്ലാ സാമ്പത്തിക വായ്പ സ്ഥാപനങ്ങള്‍ക്കും ബാധകമാവുന്ന രീതിയില്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ തിരിച്ചടവ് ശേഷിയെ വിലയിരുത്തി തരം തിരിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് ക്രെഡിറ്റ് റേറ്റിംഗ്. ഇന്ത്യയിലെ റേറ്റിംഗ് ഏജന്‍സികളെല്ലാം സെബിയുടെ (SEBI) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
വ്യക്തികള്‍ കമ്പനികള്‍ എന്നിവ കൂടാതെ രാജ്യങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും റേറ്റ് ചെയ്യപ്പെടാറുണ്ട്-സാമ്പത്തിക സ്ഥിരതയും നിക്ഷേപ സൗഹൃദ അന്തരീക്ഷം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്. ക്രെഡിറ്റ് റേറ്റിംഗിന്ന് ഓരോ ഏജന്‍സിക്കും അതിന്റെതായ രീതിയുണ്ട്. രാജ്യങ്ങള്‍, കമ്പനികള്‍, സര്‍ക്കാരുകള്‍, സെക്യൂരിറ്റികള്‍, എന്‍ പി ഒ (എന്‍ പി ഒ- നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍), പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ക്രെഡിറ്റ് റേറ്റിംഗിന്ന് വിധേയമാവാറുണ്ട്. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍, ബാധ്യതകളുടെ അളവും തരവും, വായ്പകളുടെ കൊടുക്കല്‍ വാങ്ങല്‍ പശ്ചാത്തലം, തിരിച്ചടവിനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളൊക്കെയാണ് റേറ്റിംഗിന് വേണ്ടി പരിഗണിക്കുന്നത്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വ്യക്തികള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍, കമ്പനികള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് അടയാളങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുന്നത്.