60 വയസില്‍ കൂടുതല്‍ പ്രായമായ വ്യക്തികള്‍ക്ക് സ്വന്തം വീടിന്റെ വില കൃത്യമായ ഇടവേളകളില്‍, എല്ലാ മാസവും അല്ലെങ്കില്‍ വര്‍ഷത്തില്‍ പല...
60 വയസില്‍ കൂടുതല്‍ പ്രായമായ വ്യക്തികള്‍ക്ക് സ്വന്തം വീടിന്റെ വില കൃത്യമായ ഇടവേളകളില്‍, എല്ലാ മാസവും അല്ലെങ്കില്‍ വര്‍ഷത്തില്‍ പല തവണകളായി, ലഭിക്കാന്‍ സാധിക്കുന്ന സംവിധാനത്തെയാണ് റിവേഴ്സ്-മോര്‍ട്ട്ഗേജ് വായ്പ എന്നു പറയുന്നത്. ഇത് വ്യക്തികളും ഭവനവായ്പാ സ്ഥാപനങ്ങളും തമ്മിലുള്ള കരാറാണ്. സാധാരണയായി പണത്തിന് അത്യാവശ്യം വന്നാല്‍ വീടു വില്‍ക്കുകയാണ് നാം ചെയ്യുന്നത്; ഇവിടെ വീടു വില്‍ക്കേണ്ട ആവശ്യമില്ല. വീടിന്റെ ഉടമസ്ഥനും പങ്കാളിക്കും അവരുടെ മരണം വരെ വീട്ടില്‍ താമസിക്കാം. എന്നാല്‍ മരണശേഷം വീട് ധനകാര്യസ്ഥാപനത്തിന്റെ സ്വന്തമാകും. അവര്‍ക്ക് അതുവിറ്റ് മുതലും പലിശയും ഈടാക്കാം. ബാക്കി വരുന്ന തുക വീട്ടുടമയുടെ അവകാശികള്‍ക്ക് ലഭിക്കും.
അവകാശികളിലാര്‍ക്കെങ്കിലും വീട് സ്വന്തമാക്കണമെങ്കില്‍ മുതലും പലിശയും ചേര്‍ന്ന തുക സ്ഥാപനത്തിനു നല്‍കി അത് സ്വന്തമാക്കാം. റിവേഴ്സ് മോര്‍ട്ട്ഗേജില്‍ നിന്നുള്ള പണം ഒരു വായ്പയായാണ് പരിഗണിക്കുന്നത്. അതൊരു ലാഭകരമായ വരുമാനമല്ല. അതിനാല്‍ ഇതിന് നികുതി നല്‍കേണ്ടതില്ല.
വാര്‍ധക്യകാലത്തുണ്ടാകുന്ന എല്ലാ സാമ്പത്തിക ആവശ്യങ്ങളെയും നിറവേറ്റാന്‍ ഈ മാര്‍ഗത്തിലൂടെ കഴിയും. സ്വന്തം വീടു മാത്രമുള്ള വൃദ്ധരായ വ്യക്തികള്‍ക്ക് അത് വില്‍ക്കാതെ ജീവിതാവസാനം വരെ അവിടെ കഴിയാനും സുരക്ഷിതമായ വരുമാനം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുന്നു.