- Home
- /
- Learn & Earn
- /
- ഐ ടി പാര്‍ക്കുകളെ...

Summary
ലോകത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയാണ് വിവരസാങ്കേതിക രംഗം. സോഫ്റ്റ് വെയര്‍ ഡെവലെപ്പ്‌മെന്റ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പുതിയ കണ്ടെത്തലുകള്‍ വരെ ഈ മേഖലയില്‍ അനുദിനം സംഭവിക്കുന്നു. ഓരോ ദിവസവും ഓരോ പുതിയ പുതിയ ആശയങ്ങളും വലുതും ചെറുതുമായ നിരവധി സ്ഥാപനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. പ്രത്യേകം ഹബ്ബുകളോ പ്രത്യേക സാമ്പത്തിക മേഖലകളോ ഒരുക്കി സര്‍ക്കാരുകള്‍ ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൌകര്യങ്ങള്‍ എല്ലാം ഒരുക്കി സ്ഥാപിക്കുന്ന ഇത്തിരം കേന്ദ്രങ്ങളെയാണ് ഐടി പാര്‍ക്കുകള്‍ […]
ലോകത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയാണ് വിവരസാങ്കേതിക രംഗം. സോഫ്റ്റ് വെയര്‍ ഡെവലെപ്പ്‌മെന്റ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ...
ലോകത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയാണ് വിവരസാങ്കേതിക രംഗം. സോഫ്റ്റ് വെയര്‍ ഡെവലെപ്പ്‌മെന്റ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പുതിയ കണ്ടെത്തലുകള്‍ വരെ ഈ മേഖലയില്‍ അനുദിനം സംഭവിക്കുന്നു. ഓരോ ദിവസവും ഓരോ പുതിയ പുതിയ ആശയങ്ങളും വലുതും ചെറുതുമായ നിരവധി സ്ഥാപനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. പ്രത്യേകം ഹബ്ബുകളോ പ്രത്യേക സാമ്പത്തിക മേഖലകളോ ഒരുക്കി സര്‍ക്കാരുകള്‍ ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൌകര്യങ്ങള്‍ എല്ലാം ഒരുക്കി സ്ഥാപിക്കുന്ന ഇത്തിരം കേന്ദ്രങ്ങളെയാണ് ഐടി പാര്‍ക്കുകള്‍ അല്ലെങ്കില്‍ സൈബര്‍ പാര്‍ക്കുകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറ്.
പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഓഫീസ് കെട്ടിടങ്ങള്‍, പരിധിയില്ലാത്ത, വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍, വൈദ്യുതി തുടങ്ങി സ്ഥാപനത്തിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കും. മാത്രവുമല്ല ഇത്തരം കേന്ദ്രങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളാക്കി നികുതിയിനത്തിലുള്ള ഇളവുകളും നല്‍കാറുണ്ട്. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതും തൊഴിലവസരം ഒരുക്കുന്നതും ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്. തൊഴിലെടുക്കുന്നവരുടെ മാനസിക ഉല്ലാസത്തിനും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം. ഫുഡ് കോര്‍ട്ടുകള്‍, ജിമ്മുകള്‍, ഓഫീസിന് സമീപത്തു തന്നെ താമസിക്കാനുള്ള അപ്പാര്‍ട്ട്മെന്റുകള്‍, പബ്ബുകള്‍ എന്നിങ്ങനെ ഒരാളുടെ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളെല്ലാം ഇത്തരം പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുണ്ടാകും.
കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു ഐടി പാര്‍ക്ക് തുറന്നത്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കാണ് ഇത്. ഇന്ത്യയിലെ പ്രധാന ഐടി പാര്‍ക്കുകള്‍ ഏതൊക്കെയാണെന്നു നോക്കാം
ടെക്നോപാര്‍ക്ക് - തിരുവനന്തപുരം
1990 നവംബര്‍ 18-ന് കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്കാണ് ടെക്നോപാര്‍ക്ക്. 2015 ലെ കണക്കനുസരിച്ച്, ടെക്നോപാര്‍ക്കിന് 10 ദശലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി 400-ലധികം കമ്പനികളുണ്ട്. വികസനത്തിന്റെ ഭാഗമായി മറ്റൊരു 37 ഹെക്ടര്‍ (91 ഏക്കര്‍) കൂടി കൂട്ടിച്ചേര്‍ത്ത് മൂന്നാം ഘട്ട വിപുലീകരണവും നടക്കുന്നു. ടെക്നോസിറ്റി എന്ന പേരില്‍ 423 ഏക്കറില്‍ പള്ളിപ്പുറത്തിന് സമീപത്ത് ഒരു സംയോജിത ഐടി ടൗണ്‍ഷിപ്പും ഒരുങ്ങുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി പാര്‍ക്കുകളിലൊന്നായ ടെക്‌നോപാര്‍ക്കില്‍ അരലക്ഷത്തിലേറെപേര്‍ തൊഴിലെടുക്കുന്നുണ്ട്.
ഇന്‍ഫോപാര്‍ക്ക് - കൊച്ചി
കേരളത്തില്‍ ടെക്‌നോപാര്‍ക്കിന് ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച ഐടി പാര്‍ക്കാണ് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്. രണ്ട് ഘട്ടങ്ങളായി വികസിപ്പിച്ചെടുത്ത ഇന്‍ഫോ പാര്‍ക്കില്‍ നൂറുകണക്കിന് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങളിലായി ഇവിടെ ജോലി ചെയ്യുന്നത് ആയിരക്കണക്കിന് പേരാണ്. വിപ്രോ, ടി സി എസ്, യു എസ് ടി ഗ്ലോബല്‍, കോഗ്‌നിസന്റ്, കെ പി എം ജി തുടങ്ങിയ ആഗോള ഐടി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
മഗര്‍പട്ട സാറ്റലൈറ്റ് ടൗണ്‍ഷിപ്പ്- പൂനെ
വാക്കിംഗ് ടു വര്‍ക്ക് എന്ന ആശയം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഐടി ടെക് പാര്‍ക്കുകളിലൊന്നാണ് മഗര്‍പട്ട. ഐടി പാര്‍ക്ക് ഒരു ടൗണ്‍ഷിപ്പ് പോലെയാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. വീടും ഓഫീസും ഒരു ചുറ്റളവില്‍ തന്നെ ഒരുക്കിയിരിക്കുന്നു.
ഇലക്ട്രോണിക് സിറ്റി- ബെംഗളൂരു
ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന പേര് ബംഗളൂരുവിന് ലഭിച്ചത് ഇലക്ട്രോണിക്സ് സിറ്റി നിര്‍മ്മിച്ചതിന് ശേഷമാണ്. മിക്ക മുന്‍നിര ഐടി കമ്പനികളുടേയും ആസ്ഥാനം ബെംഗളൂരുവില്‍ ആണ്. പലഘട്ടങ്ങളായാണ് ഇലക്ട്രോണിക്ക് സിറ്റി വികസിപ്പിച്ചത്. ഇതിന് പുറമെ ബംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായി നിരവധി സൈബര്‍പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൈടെക് സിറ്റി- ഹൈദരാബാദ്
ഇന്ത്യയുടെ ഹൈടെക്ക് സിറ്റി എന്നാണ് ഹൈദരാബാദ് അറിയപ്പെടാന്‍ കാരണം നഗരത്തിലെ ടെക്ക് കമ്പനികളുടെ സാന്നിധ്യമാണ്. ആയിരക്കണക്കിന് ടെക്ക് കമ്പനികളാണ് ഹൈദരാബാദിലുള്ളത്. ഹൈടെക് സിറ്റി എന്നപേരില്‍ ഐടി പാര്‍ക്ക് ആരംഭിച്ച് അന്നത്തെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഐടി ടെക്ക് വ്യവസായത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ എളുപ്പത്തില്‍ എത്തിചേരാന്‍ കഴിയുന്നു. ഹൈദരാബാദിലെ ഈ ഐടി പാര്‍ക്കില്‍ മറ്റ് നാല് ചെറിയ ഐടി പാര്‍ക്കുകളും ഉണ്ട് - സൈബര്‍ ടവേഴ്സ്, സൈബര്‍ ഗേറ്റ്വേ, എല്‍ ആന്‍ഡ് ടി ഇന്‍ഫോസിറ്റി, മൈന്‍ഡ്സ്പേസ് ഐടി പാര്‍ക്ക് എന്നിവയാണ് ആ നാലെണ്ണം.
മില്ലേനിയം സിറ്റി ഐടി പാര്‍ക്ക് -കൊല്‍ക്കത്ത
കൊല്‍ക്കത്തയിലെ ശ്രദ്ധാകേന്ദ്രമായി അറിയപ്പെടുന്ന മില്ലേനിയം സിറ്റി ഐടി പാര്‍ക്ക് ഇപ്പോള്‍ സാള്‍ട്ട്‌ലേക്ക് സിറ്റി എന്നാണ് അറിയപ്പെടുന്നത്.
ടൈഡല്‍ പാര്‍ക്ക് - ചെന്നെ
ചെന്നൈയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കാണ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൈഡല്‍ പാര്‍ക്ക്. സര്‍ക്കാര്‍ ഏജന്‍സിയായ തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും സര്‍ക്കാര്‍ സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് തമിഴ്‌നാടും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ടൈഡല്‍ പാര്‍ക്ക്.
സിപ്‌കോട്ട് ഐടി പാര്‍ക്ക് - ചെന്നൈ
സര്‍ക്കാര്‍ സ്ഥാപനമായ തമിഴ്നാട്ടിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഐ ടി പാര്‍ക്ക്. നോയിഡയിലെ ഡി എല്‍ എഫ് ഐ ടി പാര്‍ക്ക്, മുംബൈയിലെ ഇന്‍ഫോടെക് പാര്‍ക്ക് ഇങ്ങനെ ചെറുതും വലുതുമായ ഒരുപാട് ഐ ടി പാര്‍ക്കുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. ഐ ടി, ഐ ടി ഇതരതൊഴില്‍ മേഖലകളിലും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ക്കൊപ്പം സര്‍ക്കാരുകള്‍ക്ക് നല്ലൊരു വരുമാനവും ഇത്തരം ഐ ടി പാര്‍ക്കുകള്‍ ഉറപ്പുനല്‍കുന്നുണ്ട്.