ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളെ പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ് ജി ഡി ആര്‍. വിദേശ ധനകാര്യസ്ഥാപനങ്ങളോ, വിദേശ ബാങ്കുകളോ ഈ...
ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളെ പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ് ജി ഡി ആര്‍. വിദേശ ധനകാര്യസ്ഥാപനങ്ങളോ, വിദേശ ബാങ്കുകളോ ഈ ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കുന്നു. ജി ഡി ആര്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ ഈ ധനകാര്യ സ്ഥാപനങ്ങളില്‍ സൂക്ഷിക്കും. അതിന് ആനുപാതികമായ ജി ഡി ആര്‍ അവര്‍ പുറത്തിറക്കും. ജി ഡി ആര്‍ പുറത്തിറക്കുമ്പോള്‍ അത്രതന്നെ ഓഹരികളും വിപണിയിലേക്ക് വരികയാണ്. ഇതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കറന്‍സിയില്‍ (യു എസ് ഡോളറിലോ യൂറോയിലോ) ത്തന്നെ പണം സ്വരൂപിക്കാനാകും. എന്നാല്‍ ഈ ഓഹരികള്‍ക്കു നല്‍കുന്ന ലാഭവിഹിതം (dividend) ഇന്ത്യന്‍ രൂപയിലാകും നല്‍കുന്നത്. ഇന്ത്യന്‍ രൂപയിലുള്ള ഡിവിഡന്റിനെ വിദേശ കറന്‍സിയിലേക്ക് മാറ്റി നിക്ഷേപകര്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്തം ബാങ്കിന്റേതാണ്. ഇത്തരത്തില്‍, നിക്ഷേപകന്റെ ലാഭത്തില്‍ കുറവ് വരുന്നു. കൂടാതെ ഇവയ്ക്ക് ഇന്ത്യയിലും വിദേശത്തും (നിക്ഷേപകന്റെ രാജ്യത്തും) നികുതി ഈടാക്കാന്‍ സാധ്യതയുണ്ട്.
ജി ഡി ആറുകള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളില്‍ അനായാസം കൈമാറ്റം
ചെയ്യാനാവും. ഒരു ഇന്ത്യന്‍ കമ്പനിയ്ക്ക് അതിന്റെ ഓഹരികള്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അല്ലെങ്കില്‍ ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ ഇതിലൂടെ കഴിയും. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ നിയമപരമായ കടമ്പകളില്ലാതെ തന്നെ അവിടെ നിന്നും മൂലധനം സമാഹരിക്കാന്‍ ഇതിലൂടെ സാധിക്കും. സ്വന്തം രാജ്യത്തെ വിപണികള്‍ക്കു പുറമെ മറ്റു രാജ്യങ്ങളിലും ഓഹരികള്‍ വില്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം. ഓരോ വിപണിയിലെയും കൃത്യമായ നിയമങ്ങള്‍ പാലിച്ചിരിക്കണമെന്നു മാത്രം. ഒരു ജി ഡി ആര്‍ എത്ര ഓഹരികളെ പ്രതിനിധാനം ചെയ്യുന്നു എന്നത് ഓരോ കമ്പിനിയുടെ കാര്യത്തിലും വ്യത്യസ്തമായിരിക്കും.
വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് ജി ഡി ആറില്‍ നിക്ഷേപിക്കുന്നതാണ് ഓരോ വിപണിയിലും പ്രത്യേകം പ്രത്യേകമായി ബ്രോക്കറേജ് അക്കൗണ്ടുകള്‍ തുറക്കുന്നതിലും പ്രാദേശിക നികുതികള്‍ നല്‍കുന്നതിലും ലാഭകരം. നിക്ഷേപ സ്ഥാപനങ്ങളാണ് (FII) പ്രധാനമായും ജി ഡി ആര്‍ വാങ്ങുന്നത്. വളരെ കുറച്ചു കമ്പനികള്‍ മാത്രമേ ജി ഡി ആര്‍ പുറത്തിറക്കുന്നുള്ളൂ എന്നത് ഇതിന്റെ ഒഴുക്കിനെ (liquidtiy) ബാധിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതകള്‍ ഇന്ത്യന്‍ കമ്പനികളെ ബാധിക്കാം എന്നതാണ് ഇതിന്റെ പ്രധാന കോട്ടം.