മറ്റൊരു കമ്പനിയുടെ ഓഹരികളായി മാറ്റാവുന്ന ഫോറിന്‍ കറന്‍സി ബോണ്ടുകളെയാണ് എഫ് സി ഇ ബി എന്നു വിളിക്കുന്നത്. ഇത് വിദേശ...
മറ്റൊരു കമ്പനിയുടെ ഓഹരികളായി മാറ്റാവുന്ന ഫോറിന്‍ കറന്‍സി ബോണ്ടുകളെയാണ് എഫ് സി ഇ ബി എന്നു വിളിക്കുന്നത്. ഇത് വിദേശ കറന്‍സിയിലാണ് പുറത്തിറക്കുന്നത്. വാങ്ങുന്നവര്‍ വിദേശികളുമായിരിക്കും. എഫ് സി ഇ ബികള്‍ ഓഹരികളായി മാറ്റാന്‍ തീരുമാനിച്ചാല്‍, ബോണ്ടുകള്‍ പുറത്തിറക്കിയ കമ്പനിയുടെ ഓഹരികളാവില്ല നിക്ഷേപകന് ലഭിക്കുന്നത്, പകരം അതേ പ്രമോട്ടര്‍ ഗ്രൂപ്പിലുള്ള മറ്റൊരു കമ്പനിയുടേതായിരിക്കും. ഓഹരികള്‍ നല്‍കുന്ന കമ്പനിയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള യോഗ്യതയുണ്ടാവണം.
വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഉപയോഗിക്കാവുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഇത്. എഫ് സി സി ബിയുമായി ഇതിനുള്ള പ്രധാന വ്യത്യാസം എഫ് സി ഇ ബികള്‍ ഓഹരികളായി മാറ്റുമ്പോള്‍ ഓഹരി നല്‍കുന്ന കമ്പനിയുടെയോ (offered company), ബോണ്ടുകള്‍ പുറത്തിറക്കുന്ന കമ്പിനിയുടെയോ (issuing company) പുതിയ ഓഹരികള്‍ പുറപ്പെടുവിക്കുന്നില്ല. പകരം, ബോണ്ടുകള്‍ പുറപ്പെടുവിക്കുന്ന കമ്പനി ഓഹരി നല്‍കുന്ന കമ്പനിയുടെ ഒരു നിശ്ചിത ശതമാനം ഓഹരികള്‍ കൈവശം വെച്ചിരിക്കണമെന്നാണ് നിയമം. ബോണ്ടുകള്‍ ഓഹരികളാക്കി മാറ്റുമ്പോള്‍ ഈ ഓഹരികളാണ് നിക്ഷേപകന് നല്‍കുന്നത്. ഇതിനാല്‍ പുതിയ ഓഹരികള്‍ സൃഷ്ടിക്കുന്നില്ല. രണ്ടു കമ്പനികളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയായിരിക്കണം. ആര്‍ ബി ഐ യുടെ അനുമതിയോടെ മാത്രമേ ഈ കടപ്പത്രം പുറത്തിറക്കാന്‍ സാധിക്കൂ.