ഒരു കമ്പനിയുടെ ആഭ്യന്തര വിപണിയ്ക്കു പുറത്ത് വിദേശ കറന്‍സിയില്‍ ഇറക്കുന്ന, ഓഹരിയായി മാറ്റാവുന്ന, കടപ്പത്രങ്ങളാണ് ഫോറിന്‍...
ഒരു കമ്പനിയുടെ ആഭ്യന്തര വിപണിയ്ക്കു പുറത്ത് വിദേശ കറന്‍സിയില്‍ ഇറക്കുന്ന, ഓഹരിയായി മാറ്റാവുന്ന, കടപ്പത്രങ്ങളാണ് ഫോറിന്‍ കറന്‍സി കണ്‍വേര്‍ട്ടിബിള്‍ ബോണ്ട്. ഇത് കടപ്പത്രങ്ങളുടെയും (bonds), ഓഹരികളുടെയും (equity) മധ്യഭാഗത്തു നില്‍ക്കുന്ന ഉല്‍പ്പന്നമാണ്. കടപ്പത്രങ്ങളെപ്പോലെ ഇവയ്ക്കും വാര്‍ഷിക പലിശ (coupon) ലഭിക്കും. എന്നാല്‍ നിക്ഷേപകന് താല്‍പ്പര്യമുണ്ടെങ്കില്‍ ഇവയെ ഓഹരികളായി മാറ്റാം. സാധാരണയായി ഇത്തരം ബോണ്ടുകള്‍ പുറത്തിറക്കുന്നത് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ഉദാഹരണമായി, ഒരു ഇന്ത്യന്‍ കമ്പനി വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ അവിടുത്തെ വളര്‍ച്ചയ്ക്ക് കൂടുതല്‍ മൂലധനം സ്വരൂപിക്കേണ്ടി വരും. അതിനായി എഫ് സി സി ബികള്‍ പുറത്തിറക്കാം. അമേരിക്കന്‍ ഡോളറിലോ, യൂറോയിലോ, മറ്റു കറന്‍സികളിലോ തുക
സമാഹരിക്കാം. എഫ് സി സി ബികള്‍ പുറത്തിറക്കുന്ന അതേ കറന്‍സിയില്‍ത്തന്നെ പലിശയും (coupon), കാലാവധിയെത്തുമ്പോള്‍ ലഭിക്കാനുള്ള തുകയും (principal repayment) ലഭിക്കും.
ഒരു കമ്പനിയുടെ ആഭ്യന്തരവിപണിയിലെ കറന്‍സിയേക്കാള്‍ സ്ഥിരത വിദേശ കറന്‍സിക്ക് ഉണ്ടെന്നു തോന്നിയാല്‍ എഫ് സി സി ബി പുറത്തിറക്കുന്നതാവും അനുയോജ്യം. ഉദാഹരണമായി, ഒരു ഇന്ത്യന്‍ കമ്പിനി യൂറോപ്യന്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് എന്നിരിക്കട്ടെ. അപ്പോള്‍ അവര്‍ക്ക് മൂലധനം വേണ്ടിവരും. അതിനായി അവര്‍ക്ക് അനവധി സാധ്യതകളുണ്ട്. ഒന്നുകില്‍ ഇന്ത്യന്‍ രൂപയില്‍ കടപ്പത്രമിറക്കി ഇന്ത്യയില്‍ നിന്നും പണം സമാഹരിച്ചതിനു ശേഷം ആ തുക ഏതെങ്കിലുമൊരു യൂറോപ്യന്‍ കറന്‍സി (യൂറോ, പൗണ്ട്, ഡോയിഷ് മാര്‍ക്- Deutsche Mark) യിലേക്ക് മാറ്റണം. അപ്പോള്‍ എക്സ്ചേഞ്ച് റേറ്റില്‍ നഷ്ടമുണ്ടാകും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ എഫ് സി സി ബി പുറത്തിറങ്ങിയാല്‍ പല നേട്ടങ്ങളുമുണ്ടാകും. ഒന്നാമത്, ആ വിപണികളില്‍ പലിശ കുറവായിരിക്കും. മറ്റൊന്ന്, ആ കറന്‍സികള്‍ക്ക് രൂപയെ അപേക്ഷിച്ച് സ്ഥിരത (stability) കൂടുതലായിരിക്കും. മൂന്നാമത്, എക്സ്ചേഞ്ച് റേറ്റിലുള്ള നഷ്ടം ഒഴിവാക്കാം.
എഫ് സി സി ബികള്‍ നിക്ഷേപകന് ഓഹരികളാക്കി മാറ്റാനുള്ള അവസരമുണ്ട്. അവ ഓഹരികളാക്കി മാറ്റുന്നത് ഒരു പ്രത്യേക അനുപാതത്തിലാണ്. കമ്പനിയുടെ ഓഹരികള്‍ നല്ല ലാഭം നേടിത്തരുന്നവയാണെങ്കില്‍ കടപ്പത്രം ഓഹരികളാക്കി മാറ്റാന്‍ നിക്ഷേപകര്‍ക്ക് താല്‍പര്യമുണ്ടാകും. മറിച്ചായാല്‍, ബോണ്ട് കാലാവധിയെത്തുമ്പോള്‍ അവര്‍ മുടക്കിയ പണം തിരികെ വാങ്ങാം.