image

10 Jan 2022 5:29 AM GMT

Technology

എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി (XR)

MyFin Desk

എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി (XR)
X

Summary

വിനോദം, വിപണനം, റിയല്‍ എസ്റ്റേറ്റ്, പരിശീലനം, റിമോട്ട് വര്‍ക്ക് എന്നിങ്ങനെയുള്ള വിപുലമായ രീതികളില്‍ പ്രയോഗിക്കപ്പെടുന്ന അതിവേഗം വളരുന്ന ഒരു മേഖലയാണ് ഇന്ന് XR.


ചാനലുകളിലും ഷോപ്പിംഗ് മാളിലെ ബിഗ് സ്‌ക്രീനുകളിലുമൊക്കെ കാണുന്ന യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന വിഷ്വലുകള്‍ എങ്ങനെയാണ്...

ചാനലുകളിലും ഷോപ്പിംഗ് മാളിലെ ബിഗ് സ്‌ക്രീനുകളിലുമൊക്കെ കാണുന്ന യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന വിഷ്വലുകള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? റിയാലിറ്റിയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പല തരത്തില്‍ അവതരിപ്പിക്കുന്നതാണ് ഓഗ്മെന്റഡ് റിയാലിറ്റി (AR), മിക്‌സഡ് റിയാലിറ്റി (MR), വെര്‍ച്വല്‍ റിയാലിറ്റി (VR) എന്ന പ?ദങ്ങളൊക്കെ അര്‍ത്ഥമാക്കുന്നത്. ഈ സാങ്കേതിക വിദ്യകളൊക്കെ സംയോജിപ്പിച്ച് എന്തെങ്കിലും കൂടുതലായി ചെയ്യാന്‍ എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി സഹായിക്കുന്നു.

എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ് ആര്‍) എന്നത് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു ടെക്‌നോളജിയാണ്. എല്ലാ യഥാര്‍ത്ഥ-വെര്‍ച്വല്‍ സാഹചര്യങ്ങളേയും ഹ്യൂമന്‍-മെഷീന്‍ ഇടപെടലുകളിലൂടെ പുനര്‍നിര്‍മ്മിക്കുന്നു. ഇവിടെ 'എക്‌സ്' നിലവിലുള്ളതോ ഭാവിയില്‍ ഉണ്ടായേക്കാവുന്നതോ ആയ സ്‌പെഷ്യല്‍ കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെ വേരിയബിളിനെ ആണ് പ്രതിനിധീകരിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി (AR), മിക്‌സഡ് റിയാലിറ്റി (MR), വെര്‍ച്വല്‍ റിയാലിറ്റി (VR) എന്നിങ്ങനെ എല്ലാ സാങ്കേതിക വിദ്യയും എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി എന്ന ഒറ്റ കുടക്കീഴില്‍ വരുമെന്ന് സാരം.

സമീപഭാവിയില്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍ വി ആര്‍ ഹെഡ്‌സെറ്റ്, ഏ ആര്‍ ഗ്ലാസ് തുടങ്ങിയ എല്ലാ ഗാഡ്ജറ്റുകളും ചേര്‍ന്ന് ഒറ്റ എക്‌സ് ആര്‍ വിയറബിള്‍ ആയി മാറുമെന്നാണ് സാങ്കേതികവിദ്യയുടെ വികാസം ചൂണ്ടിക്കാട്ടുന്നത്. അതായയത് വീട്ടിലെ വലിയ ടിവി മുതല്‍ നിങ്ങളുടെ എല്ലാ സ്‌ക്രീനുകളേയും മാറ്റി പകരം അവിടെ എക്‌സ് ആര്‍ സ്ഥാനം പിടിക്കുമെന്ന് സാരം. 5ജി നെറ്റുവര്‍ക്കുകള്‍ വ്യാപകമാകുന്നതോടെ ഇതിന്റെ വളര്‍ച്ചയും വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍.

പോള്‍ മില്‍ഗ്രാം അവതരിപ്പിച്ച റിയാലിറ്റി-വെര്‍ച്വാലിറ്റി എന്ന ആശയത്തിന്റെ തുടര്‍ച്ചയായിട്ടാണ് എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റിയും അവതരിച്ചത്. 'പൂര്‍ണ്ണമായും യഥാര്‍ത്ഥമായത്' മുതല്‍ 'പൂര്‍ണ്ണമായും വെര്‍ച്വല്‍' എന്നാശയത്തിന്റെ ഒരു സൂപ്പര്‍സെറ്റാണ് XR. വിനോദം, വിപണനം, റിയല്‍ എസ്റ്റേറ്റ്, പരിശീലനം, റിമോട്ട് വര്‍ക്ക് എന്നിങ്ങനെയുള്ള വിപുലമായ രീതികളില്‍ പ്രയോഗിക്കപ്പെടുന്ന അതിവേഗം വളരുന്ന ഒരു മേഖലയാണ് ഇന്ന് XR.