ക്രെഡിറ്റ് കാര്‍ഡിനായി വിവിധ ബാങ്കുകളെ സമീപിച്ച് ഫലം കാണാതെ പിന്‍മാറിയവര്‍ ധാരാളമാണ്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബാങ്കുകള്‍ ഇത്...
ക്രെഡിറ്റ് കാര്‍ഡിനായി വിവിധ ബാങ്കുകളെ സമീപിച്ച് ഫലം കാണാതെ പിന്‍മാറിയവര്‍ ധാരാളമാണ്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബാങ്കുകള്‍ ഇത് അനുവദിക്കില്ല. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ചരിത്രം, സാമ്പത്തിക അച്ചടക്കം ഇവയെല്ലാം ഇതിനായി ബാങ്കുകള്‍ പരിഗണിക്കുന്നു. ശമ്പള വരുമാനക്കാരാണെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക നിലവാരം, പ്രവര്‍ത്തന ചരിത്രം, ശമ്പളത്തിന്റ കൃത്യത ഇതെല്ലാം ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ ബാങ്കുകള്‍ പരിഗണിക്കുന്ന വിഷയങ്ങളാണ്.
ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവിന് പണം മുന്‍കൂറായി ഇടപാടുകാരന് നല്‍കുകയാണ്. ഒരു ഗ്യാരണ്ടിയുമില്ലാതെ. റിസ്‌ക് കൂടുതലായതുകൊണ്ടാണ് വരുമാനവും ക്രെഡിറ്റ് സ്‌കോറുമെല്ലാം കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ബാങ്കുകള്‍ ഉറപ്പാക്കുന്നത്. ഇങ്ങനെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള സാധ്യതയാണ് സ്ഥിര നിക്ഷേപം. നിക്ഷേപിക്കാന്‍ പണം കൈയ്യിലുണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ആവശ്യമുണ്ടോ എന്ന് ചോദിച്ചേക്കാം. ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യവും മെച്ചവും സ്ഥിര നിക്ഷേപത്തിന് ഇല്ല എന്നതാണ് ഇതിനുത്തരം. ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനായി മാത്രം സ്ഥിര നിക്ഷേപം നടത്തിയാലും തെറ്റില്ല.
സ്ഥിരനിക്ഷേപം
നിങ്ങള്‍ക്ക് ഏതെങ്കിലും ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കില്‍ അതിനോട് ബന്ധപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. സാധാരണ സ്ഥിരവരുമാനക്കാര്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുക. എന്നാല്‍ എഫ് ഡി യുടെ ഈടില്‍ അനുവദിക്കുന്ന കാര്‍ഡിന് വരുമാന സ്രോതസ് പ്രശ്നമല്ല.
ഏതാണ്ടെല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപത്തെ ആധാരമായിക്കി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഈ നിക്ഷേപം ഗ്യാരണ്ടിയാക്കി മാറ്റിയാണ് കാര്‍ഡ് നല്‍കുന്നത്. 15,000 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ കാര്‍ഡിന് പരിഗണിക്കും. നിക്ഷേപത്തുകയുടെ വലിപ്പമനുസരിച്ച് ഇങ്ങനെ നല്‍കുന്ന കാര്‍ഡിന്റെ വായ്പാ പരിധി ഉയരുന്നു. നിക്ഷേപത്തുകുയുടെ 80 മുതല്‍ 90 ശതമനം വരെ ഇങ്ങനെ നല്‍കാറുണ്ട്. ഉദാഹരണത്തിന് 1,00,000 രൂപയാണ് നിക്ഷേപമെങ്കില്‍ 80,000 രൂപ വരെ ചെലവാക്കാനാവുന്ന കാര്‍ഡുകളാവും നല്‍കുക. ഏതു ബാങ്കിലാണോ നിക്ഷേപമുള്ളത് അവിടെ നിന്ന് മാത്രമേ കാര്‍ഡ് ലഭിക്കൂ. ഒന്നിലധികം നിക്ഷേപങ്ങളുണ്ടെങ്കില്‍ ഇവ കൂട്ടിചേര്‍ത്ത തുകയാകും ക്രെഡിറ്റ് ലിമിറ്റായി പരിഗണിക്കുക.
പറ്റില്ല
പക്ഷെ, ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. ഈ നിക്ഷേപം പിന്‍വലിക്കാനാവില്ല. കാരണം ഇതിന്റെ പിന്‍ബലത്തിലാണ് ഇവിടെ കാര്‍ഡ് നല്‍കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ അടവ് മുടങ്ങിയാല്‍ സ്വാഭാവികമായും ബാങ്ക് പണമെടുക്കുന്നത് നിക്ഷേപത്തില്‍ നിന്നായിരിക്കും.
പലിശ കുറയും
അക്കൗണ്ടില്‍ മുന്‍കൂര്‍ പണം നല്‍കി കാര്‍ഡ് എടുത്തിട്ടുള്ളതിനാല്‍ ബാങ്കുകള്‍ക്ക്് റിസ്‌ക് ഇവിടെ കുറവാണ്. സാധാരണ കാര്‍ഡുകളില്‍ ബാങ്ക് പണം വായ്പയായിട്ടാണ് നല്‍കുക. അപ്പോള്‍ റിസ്‌ക് കൂടും. പലിശ നിരക്കും കൂടും. എന്നാല്‍ എഫ് ഡി അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡിന് റിസ്‌ക്ക് ഇല്ല എന്നു തന്നെ പറയാം. അതുകൊണ്ട് മറ്റുളളവയേക്കാള്‍ ഇവിടെ പലിശ നിരക്ക് കുറയുന്നു. ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്ക് 36 ശതമാനം മുതല്‍ വാര്‍ഷിക പലിശ ഈടാക്കുമ്പോള്‍ ഇവിടെ 24 ശതമാനം മുതലാണ് പലിശ. മറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന ഫീസുകളും ഇത്തരം കാര്‍ഡുകളില്‍ ഉണ്ടാകില്ല. സാധാരണ കാര്‍ഡുകള്‍ക്ക് 500 രുപ മുതല്‍ മുകളിലേക്ക് ചാര്‍ജ് ഈടാക്കാറുണ്ട്.