image

7 Jan 2022 5:55 AM

Learn & Earn

തൊഴിലാളി സംഘടനകള്‍

MyFin Desk

തൊഴിലാളി സംഘടനകള്‍
X

Summary

തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിലാളികള്‍ ചേര്‍ന്ന് ആരംഭിക്കുന്ന സംഘടനയാണ് ട്രേഡ് യൂണിയന്‍ അഥവാ തൊഴിലാളി സംഘടനകള്‍.


തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിലാളികള്‍ ചേര്‍ന്ന് ആരംഭിക്കുന്ന സംഘടനയാണ് ട്രേഡ് യൂണിയന്‍ അഥവാ തൊഴിലാളി സംഘടനകള്‍....

തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിലാളികള്‍ ചേര്‍ന്ന് ആരംഭിക്കുന്ന സംഘടനയാണ് ട്രേഡ് യൂണിയന്‍ അഥവാ തൊഴിലാളി സംഘടനകള്‍. അവരുടെ അവകാശം സംരക്ഷിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട ശമ്പളം നേടിയെടുക്കുക തുടങ്ങിയ പൊതു ലക്ഷ്യങ്ങള്‍ക്കായി ഈ തൊഴിലാളി സംഘടന പ്രവര്‍ത്തിക്കുന്നു. ട്രേഡ് യൂണിയനുകള്‍ യഥാര്‍ത്ഥത്തില്‍ വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമാണ്.

സംഘടനയിലെ തൊഴിലാളികള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യമനുസരിച്ച് വിലപേശുവാനും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നേടിയെടുക്കാനുമാവും. വിദഗ്ധ തൊഴിലാളികളുടെ ഒരു പ്രത്യേക വിഭാഗം, വിവിധ ട്രേഡുകളില്‍ നിന്നുള്ള തൊഴിലാളികളുടെ ഒരു വിഭാഗം (ജനറല്‍ യൂണിയന്‍), പ്രത്യേക വ്യവസായത്തില്‍ ഉള്ള യൂണിയന്‍ (ഇഡസ്ട്രിയല്‍ യൂണിയന്‍) തുടങ്ങി എല്ലാ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന് വ്യത്യസ്ഥ യൂണിയനുകളുണ്ട്.

അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധതരത്തിലുള്ള സമരമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും മുഖ്യമായ സമരായുധമാണ് പണിമുടക്ക്. തൊഴിലിടങ്ങളിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിലൂടെ, മാനേജ്‌മെന്റിനെ തൊഴിലാളി സംഘടനകളുമായുള്ള ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കുകയെന്നതാണ് പണിമുടക്കിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സര ബുദ്ധിയോടെ തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി തൊഴിലാളികള്‍ക്കിടയില്‍ അനൈക്യവും വിഭാഗീയതയും വളരുകയാണുണ്ടായത്. തൊഴിലാളികളുടെ പൊതുവായ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതിനേക്കാള്‍ തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിപത്യമുറപ്പിക്കുക എന്നതാണ് ഇന്ന് കാണാനാവുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ട്രേഡ് യൂണിയനാണ് എ ഐ ടി യു സി (ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്). കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി പി ഐ) പിന്തുണയുള്ള സംഘടനയാണിത്. കോൺഗ്രസ്സിന്റെ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സും (ഐ എൻ ടി യു സി), കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്) ന്റെ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി ഐ ടി യു) ഉം, ഭാരതീയ ജനത പാർട്ടിയുടെ ഭാരതീയ മസ്‌ദൂർ സംഘ് (ബി എം എസ് ) ഉമാണ്‌ മറ്റു പ്രധാന ട്രേഡ് യൂണിയനുകൾ. ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ (എസ്‌ ഇ ഡബ്‌ള്യു എ), ഏകദേശം 2,000,000 അംഗങ്ങളുള്ള ഒരു ട്രേഡ് യൂണിയനാണ്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ട്രേഡ് യൂണിയനുകളുടെ അതിപ്രസരം കേരളത്തെ സംരഭക സൗഹൃദമല്ലാതാക്കിയിട്ടുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ലോക സമ്പദ്ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ആധുനികവത്ക്കരണത്തിനും യന്ത്രവത്ക്കരണത്തിനും ട്രേഡ് യൂണിയന്‍ തടസ്സം നിൽക്കാറുണ്ടെന്നു പറയപ്പെടുമെങ്കിലും കുത്തക മുതലാളിത്തത്തിനെതിരെ തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇത്തരം സംഘടനകൾ സാരമായ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോഷക സംഘടനകളെന്ന നിലയ്ക്ക് ട്രേഡ് യൂണിയനുകളുണ്ട്.