ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഐ എസ് ഒ) എന്നത് വിവിധ ദേശീയ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനുകളില്‍...
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഐ എസ് ഒ) എന്നത് വിവിധ ദേശീയ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര ഏജൻസിയാണ്. ഇതൊരു സ്വതന്ത്ര, സര്‍ക്കാരിതര സംഘടനയാണ്. 1947 ഫെബ്രുവരി 23-ന് സ്ഥാപിതമായ ഈ സംഘടന ലോകമെമ്പാടുമുള്ള സാങ്കേതിക, വ്യാവസായിക, വാണിജ്യ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് ഇതിന്റെ ആസ്ഥാനം. അംഗങ്ങളായ 166 രാജ്യങ്ങളില്‍ ഈ ഓര്‍ഗനേസേഷന്‍ പ്രവര്‍ത്തിക്കുന്നു.
സുരക്ഷിതവും വിശ്വസനീയവും നല്ല നിലവാരവുമുള്ള ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഐ എസ് ഓ മാര്‍ക്ക് നല്‍കുന്നു. രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ മാനദണ്ഡങ്ങള്‍ നല്‍കിക്കൊണ്ട് ലോക വ്യാപാരം സുഗമമാക്കുന്നതിനും ഐ എസ് ഒ സഹായിക്കുന്നു. അതോടൊപ്പം ഉത്പ്പന്നങ്ങളും സാങ്കേതികവിദ്യയും മുതല്‍ ഭക്ഷ്യസുരക്ഷ, കൃഷി, ആരോഗ്യ സംരക്ഷണം തുടങ്ങി എല്ലാ മേഖലയും ഉള്‍ക്കൊള്ളുന്ന ഇരുപതിനായിരത്തിലധികം മാനദണ്ഡങ്ങളും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ അന്തര്‍ദേശീയമായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാല്‍ കമ്പനികള്‍ക്ക് ഉപയോക്താക്കളെ തങ്ങളുടേതാക്കി നിലനിര്‍ത്താന്‍ കഴിയുന്നു. ഐ എസ് ഓ, ഐ എസ് ഓ ലോഗോ എന്നിവ രണ്ടും രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രകളാണ്, അവയുടെ വ്യാജ ഉപയോഗം നിയമവിരുദ്ധമാണ്.