വ്യത്യസ്ത കാലയളവുകളിലെ ഒരു വ്യവസായത്തിന്റെ വളര്‍ച്ചയുടെ തോതിനെ കാണിക്കുന്നതാണ് കോംപൗണ്ടഡ് ആനുവല്‍ ഗ്രോത്ത് റേറ്റ് (CAGR) .നിക്ഷേപങ്ങളില്‍...
വ്യത്യസ്ത കാലയളവുകളിലെ ഒരു വ്യവസായത്തിന്റെ വളര്‍ച്ചയുടെ തോതിനെ കാണിക്കുന്നതാണ് കോംപൗണ്ടഡ് ആനുവല്‍ ഗ്രോത്ത് റേറ്റ് (CAGR) .നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം (Rate of Return) കണക്കാക്കുന്നതില്‍ ഇത് പ്രധാനമാണ്. കാലക്രമേണ മൂല്യം കൂടുകയോ, കുറയുകയോ ചെയ്യുന്ന എന്തിന്റെയും വരുമാനം നിര്‍ണയിക്കാനുള്ള കൃത്യമായ മാര്‍ഗങ്ങളിലൊന്നാണ് CAGR.
ഇത് നിക്ഷേപ സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി ഉപയോഗിക്കുന്ന ഒരു അളവുകോലാണ്. ഒരു ബിസിനസിന്റെ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും ലാഭത്തിന്റെ കണക്കെടുപ്പ് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഓരോ ഘട്ടത്തിലും ലാഭത്തിന്റെ പുനര്‍നിക്ഷേപം (reinvestment) കൂടി കണക്കാക്കിയുള്ള വളര്‍ച്ചാനിരക്കാണ് CAGR കാണിക്കുന്നത്. ഇത് യഥാര്‍ത്ഥ വരുമാന തോത് കാണിക്കുന്നില്ല, പകരം പ്രതീകാത്മകമാണ്.
അടിസ്ഥാനപരമായി ഇതൊരു വളര്‍ച്ചാനിരക്കിനെയാണ് സൂചിപ്പിക്കുന്നത്. ഒരു കമ്പിനി ഒരു നിശ്ചിത നിരക്കില്‍ എല്ലാ വര്‍ഷവും വളരുകയും അതില്‍ നിന്നുള്ള ലാഭം പുനര്‍ നിക്ഷേപം നടത്തുകയും ചെയ്താല്‍ അതിന്റെ വളര്‍ച്ച ഒരു കാലഘട്ടത്തിനു ശേഷം എത്രയായിരിക്കുമെന്ന് CAGR വ്യക്തമാക്കുന്നു. EBITDA, ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (capex) പോലുള്ള പ്രധാന അളവുകള്‍ക്കും, വരുമാനം കണക്കാക്കാനും CAGR ഉപയോഗിക്കുന്നു. കൂടാതെ ഭാവിയിലെ വളര്‍ച്ചാനിരക്കുകള്‍ പ്രവചിക്കാനും ഇത് സഹായകരമാണ്.