ഓഹരികളുടെ വില കുറയുന്ന ട്രെന്‍ഡ് മാറിയെന്നും, വില ഉയരാന്‍ തുടങ്ങിയെന്നും തെറ്റായ സന്ദേശം വ്യാപാരികള്‍ക്ക് നല്‍കുന്നതാണ് ബുള്‍ ട്രാപ്പ് (bull...
ഓഹരികളുടെ വില കുറയുന്ന ട്രെന്‍ഡ് മാറിയെന്നും, വില ഉയരാന്‍ തുടങ്ങിയെന്നും തെറ്റായ സന്ദേശം വ്യാപാരികള്‍ക്ക് നല്‍കുന്നതാണ് ബുള്‍ ട്രാപ്പ് (bull trap). യഥാര്‍ത്ഥത്തില്‍ വില അപ്പോഴും താഴ്ന്നു കൊണ്ടിരിക്കുകയാവും. ഇവിടെ ഓഹരികളുടെ വില ഉയരുന്നില്ല. ഉയരാന്‍ പോകുന്നു എന്നൊരു സാങ്കേതിക പ്രതീതി (technical pattern) സൃഷ്ടിക്കുന്നതേയുള്ളൂ. ഒരു ഓഹരിയുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും, അത് വാങ്ങുന്നതോ ഹോള്‍ഡ് (hold) ചെയ്യുന്നതോ ആണ് ലാഭകരമെന്നുമുള്ള തെറ്റായ സന്ദേശമായിരിക്കും ബുള്‍ ട്രാപ്പ് നല്‍കുക. ഇതിനനുസരിച്ച് വ്യാപാരികള്‍ നീങ്ങിയാല്‍ നഷ്ടം നേരിടേണ്ടി വരും. ബെയര്‍ ട്രാപ്പിന്റെ വിപരീതമാണിത്. റെസിസ്റ്റന്‍സ് ലെവലിന് മുകളില്‍ ബ്രേക്കൗട്ട് (breakout) ആയ ഓഹരികള്‍ വ്യാപാരികള്‍ വാങ്ങുമ്പോള്‍ ബുള്‍ ട്രാപ്പ് സംഭവിക്കാം.
ബ്രേക്കൗട്ട് സംഭവിച്ചു കഴിഞ്ഞാല്‍ ഓഹരിവില കുറച്ചു നേരത്തേക്ക് ഉയരുന്ന ട്രെന്‍ഡ് കാണിക്കും. ചിലപ്പോള്‍ പെട്ടെന്ന് അവ താഴേക്ക് വീഴുകയും ചെയ്യും. ബ്രേക്കൗട്ട് നിലനിര്‍ത്താനുള്ള ശേഷി വ്യാപാരികള്‍ക്ക് ഇല്ലാതെ പോകുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ, ഓഹരികള്‍ മുകളിലേക്ക് കയറുകയാണെന്ന ധാരണയില്‍ ചിലര്‍ അവ വാങ്ങിക്കൂട്ടും. അപ്പോള്‍ അവര്‍ ബുള്‍ ട്രാപ്പില്‍ പെട്ടുപോകും. അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴേക്കും വില താഴേക്ക് പോയിട്ടുണ്ടാവും.