image

7 Jan 2022 6:30 AM GMT

Market

സര്‍ക്ക്യൂട്ട് ബ്രേക്കർ എന്നാലെന്ത്?

MyFin Desk

സര്‍ക്ക്യൂട്ട് ബ്രേക്കർ എന്നാലെന്ത്?
X

Summary

ഇത് വ്യക്തിഗത സെക്യൂരിറ്റികള്‍ക്കും, മാര്‍ക്കറ്റ് സൂചികകള്‍ക്കും ബാധകമാണ്.


വിപണിയിലെ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനുള്ള അടിയന്തിര നിയന്ത്രണ നടപടിയാണ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍....

വിപണിയിലെ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനുള്ള അടിയന്തിര നിയന്ത്രണ നടപടിയാണ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍. വിപണിയിലെ പ്രവണതയ്ക്കനുസരിച്ച് അമിതമായ വില്‍പ്പനയോ, അല്ലെങ്കില്‍ നഷ്ടമോ ഉണ്ടാകുന്ന സമയങ്ങളില്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ പ്രവര്‍ത്തിക്കുന്നു. വ്യാപാര വിപണികളില്‍, മുന്‍കൂട്ടി നിശ്ചയിച്ച വിലയിലെത്തുമ്പോള്‍ വ്യാപാരം നിര്‍ത്തിക്കൊണ്ട് സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നു. അതായത്, നിക്ഷേപകര്‍ പരിഭ്രാന്തരായി വില്‍ക്കുന്നത് തടയാനാണ് പ്രധാനമായും ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത് വ്യക്തിഗത സെക്യൂരിറ്റികള്‍ക്കും, മാര്‍ക്കറ്റ് സൂചികകള്‍ക്കും ബാധകമാണ്. വ്യക്തിഗത സെക്യൂരിറ്റികള്‍ക്കുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ വില കൂടിയാലും, കുറഞ്ഞാലും പ്രവര്‍ത്തനക്ഷമമാകും.

വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടുകള്‍ പോലെയാണ് ഇവയുടെ പ്രവര്‍ത്തനവും. വിപണി വില ഗണ്യമായി കുറയുമ്പോള്‍ ഇത് ട്രേഡിംഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 3 ലെവലുകളായാണ് ഇടിവുകള്‍ കണക്കാക്കുന്നത്. സൂചിക മുന്‍ ദിവസത്തെ ക്ലോസിനെക്കാള്‍ 7% ഇടിയുമ്പോള്‍ അത് ലെവല്‍ 1 ആയി കണക്കാക്കുന്നു. 13% ഇടിവിനെ ലെവല്‍ 2 ആയും 20% ഇടിവിനെ ലെവല്‍ 3 ആയുമാണ് കണക്കാക്കുന്നത്. ലെവല്‍ 1, ലെവല്‍ 2 സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും ട്രേഡിംഗ് നിര്‍ത്തും. എന്നാല്‍ ലെവല്‍ 3 സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ ആ ദിവസത്തെ വ്യാപാരം പൂര്‍ണമായും അവസാനിപ്പിക്കുന്നു. അമിതമായ ഊഹക്കച്ചവട നേട്ടങ്ങള്‍, അല്ലെങ്കില്‍ നഷ്ടങ്ങള്‍, തടയാന്‍ സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ സഹായിക്കുന്നു.

1987 ല്‍ യു എസിലാണ് ആദ്യമായി മാര്‍ക്കറ്റ് വൈഡ് സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ അവതരിപ്പിച്ചത്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (DJIA) ഒരു ദിവസം കൊണ്ട് 22% ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ആയിരുന്നു അത്. 2012 ലാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ (SEC) സര്‍ക്ക്യൂട്ട് ബ്രേക്കറുകള്‍ക്ക് പുറമേ ലിമിറ്റ് അപ്പ്, ലിമിറ്റ് ഡൗണ്‍ മെക്കാനിസം അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസത്തിന്റെ ക്ലോസിംഗ് പ്രൈസ് വെച്ച്, തൊട്ടടുത്ത ദിവസത്തേയ്ക്ക് സെബിയും സ്റ്റോക്ക് എക്സ്ചെഞ്ചും ഒരു ഫിക്സ്ഡ് പ്രൈസ് നിശ്ചയിക്കുന്നു. ആ വിലയുടെ മുകളിലേക്കോ, താഴേയ്ക്കോ പോയാല്‍ അവിടെവെച്ച് വ്യാപാരം നില്‍ക്കും. ഉദാഹരണമായി, ഒരു ഓഹരി കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 1000 രൂപയിലാണെന്ന് കരുതുക. തൊട്ടടുത്ത ദിവസത്തേയ്ക്ക് സെബിയും സ്റ്റോക്ക് എക്സ്ചേഞ്ചും ആ ഓഹരിയ്ക്ക് വെച്ച പ്രൈസ് ബാന്‍ഡ് 10% ആണെങ്കില്‍ അതിന്റെ ലിമിറ്റ് അപ്പ് 1100 ഉം, ലിമിറ്റ് ഡൗണ്‍ 900 വും ആയിരിക്കും. അപ്പോള്‍ 900 രൂപ മുതല്‍ 1100 രൂപ വരെയുള്ള ഒരു പ്രൈസ് ബാന്‍ഡില്‍ മാത്രമേ ആ സ്റ്റോക്കിന് ആ ദിവസം നീങ്ങാന്‍ കഴിയൂ. ഇതാണ് സര്‍ക്ക്യൂട്ട് ലിമിറ്റ് എന്നറിയപ്പെടുന്നത്.