- Home
- /
- Industries
- /
- Banking
- /
- നോര്‍ക്ക-പ്രവാസികളുടെ...
Summary
സാമ്പത്തികമായും ഭരണപരമായും സ്വാതന്ത്ര്യമുള്ള നോര്‍ക്ക-റൂട്ട്‌സ് എന്ന സ്ഥാപനം വഴിയാണ് നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് .
വിദേശത്തും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കു വേണ്ട സഹായങ്ങളും ഉറപ്പുവരുത്തുക,...
വിദേശത്തും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കു വേണ്ട സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് സഹായിക്കുക, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോണ്‍-റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്സ് (നോര്‍ക്ക).
ഗവണ്‍മെന്റ് സെക്രട്ടറിയുടെ കീഴിലുള്ള പ്രവാസി കേരളീയകാര്യ വകുപ്പിന് സംസ്ഥാനതല ഓഫീസോ, ജില്ലാ ഓഫീസുകളോ നിലവിലില്ല. എന്നാല്‍, നോര്‍ക്ക വകുപ്പിന്റെ കീഴില്‍ സര്‍ക്കാരിന്റെ 51.3% ഓഹരി പങ്കാളിത്തത്തോടെ നോര്‍ക്ക-റൂട്ട്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നത്.
വിദേശ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്നതിലേക്കുവേണ്ടി ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ഒരു നോര്‍ക്ക സെല്ലും മുംബൈയില്‍ ഒരു എന്‍.ആര്‍.കെ. ഡെവലപ്പ്‌മെന്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തികമായും ഭരണപരമായും സ്വാതന്ത്ര്യമുള്ള നോര്‍ക്ക-റൂട്ട്‌സ് എന്ന സ്ഥാപനം വഴിയാണ് നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് .
സാന്ത്വന
തിരികെയെത്തിയ പ്രവാസി കേരളീയര്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കുന്നു. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവര്‍ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കാരുണ്യം
പ്രവാസികളുടെ ഭൗതിക അവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നിയമപരമായ അവകാശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം. പ്രവാസി കേരളീയന്റെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ഏറ്റവും ചിലവുകുറഞ്ഞ രീതിയില്‍ സ്വദേശത്തു എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് സഹായിക്കുന്നു പ്രവാസിയുടെ മൃതശരീരം തിരികെ എത്തിക്കുന്നതിന് ചെലവായ തുക പിന്നീട്
ആശ്രിതര്‍ക്ക് തിരിച്ചു കൊടുക്കുകയാണ് പതിവ്. അത്യധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് മാത്രമാണ് ഈ പദ്ധതിക്കായി അപേക്ഷിക്കുവാന്‍ കഴിയുക.
എന്‍ ഡി പി ആര്‍ ഇ എം
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാന്‍ നോര്‍ക്ക റൂട്ട്സിന്റെ സമഗ്ര പുനരധിവാസ പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (എന്‍ ഡി പി ആര്‍ ഇ എം). 30 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി, കാര്‍ഷിക-വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍, സേവനങ്ങള്‍ മുതലായവയ്ക്ക് വായ്പ എന്നിവ എന്‍ ഡി പി ആര്‍ ഇ എം-ലൂടെ ലഭിക്കുന്നു.
കോവിഡ് ധനസഹായം
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക. ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്‍.ഒ/സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമര്‍പ്പിക്കണം. എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് പണം
അയക്കില്ല.
കൂടാതെ കൊവിഡ് ബാധിച്ച് മരിച്ചതോ തിരികെ നാട്ടിലെത്തിയതോ ആയ പ്രവാസികളുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ നോര്‍ക്ക ധനസഹായം നല്‍കുന്നുണ്ട്. 18ന് താഴെയുള്ളവര്‍ക്ക് നിരനിക്ഷേപമായും 18 വയസിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായും ലഭിക്കും.