ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ മോട്ടോര്‍ വാഹനങ്ങളിലും വേണ്ട നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ അടയാളമാണ് നോണ്‍ പൊല്യൂട്ടിങ്...
ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ മോട്ടോര്‍ വാഹനങ്ങളിലും വേണ്ട നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ അടയാളമാണ് നോണ്‍ പൊല്യൂട്ടിങ് വെഹിക്കിള്‍ സ്റ്റിക്കര്‍. മോട്ടോര്‍ വാഹനം ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്ന് ഈ അടയാളം സാക്ഷ്യപ്പെടുത്തുന്നു. ഒരു പുതിയ വാഹനത്തിന് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുമ്പോള്‍ വാഹനം വില്‍ക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്‍ കാലാവധി. ഇതിനുശേഷം, വാഹനം വീണ്ടും പരിശോധിക്കേണ്ടതുണ്ട്.
അറ്റകുറ്റപ്പണികള്‍ക്കിടയില്‍ വാഹനം കമ്പനികളുടെ ഗാരേജില്‍ ടെസ്റ്റ് ചെയ്യുകയും പുതുക്കിയ സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം. വാഹനം പുറന്തള്ളുന്ന മലിനീകരണം മാനദണ്ഡങ്ങള്‍ക്കനുസൃതമാണെങ്കില്‍ വാഹന ഉടമയ്ക്ക് പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് (പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്) പുതുക്കി നല്‍കും. പുതിയ വാഹനം വാങ്ങുമ്പോള്‍ പതിപ്പിക്കുന്ന നോണ്‍ പൊല്യൂട്ടിങ് വെഹിക്കിള്‍ സ്റ്റിക്കര്‍ നമുക്ക് നീക്കം ചെയ്യാനാകും.
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് (പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്)
വാഹനത്തില്‍ നിന്നു പുറന്തള്ളുന്ന വായു മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്. ബിഎസ് സ്റ്റേജ് 2, 3 വാഹനങ്ങള്‍ക്ക് 6 മാസവും സ്റ്റേജ് 4,6 വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം വരെയുമാണ് സര്‍ട്ടിഫിക്കറ്റ് കാലാവധി. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം വരെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതുപോലെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക മലിനീകരണമില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇവയാണ് ഒരു പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍…
1. ഇഷ്യൂ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പര്‍
2. വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍
3. ടെസ്റ്റ് നടത്തിയ തീയതി
4. സര്‍ട്ടിഫിക്കറ്റിന്റെ അവസാന തീയതി
5. പരിശോധനയില്‍ നിന്നുള്ള നിരീക്ഷണങ്ങള്‍
2017 അവസാനത്തോടെ, രാജ്യത്തെ വായു മലിനീകരണത്തിനെതിരെ പോരാടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പരിസ്ഥിതി മലിനീകരണ (പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള്‍) അതോറിറ്റി (ഇപിസിഎ) ഉയര്‍ത്തിയ ശുപാര്‍ശകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഇതനുസരിച്ച് കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുമായി പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നീട്ടികിട്ടുന്നത് അനുവദിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം വായു മലിനീകരണത്തിനെതിരെ പോരാടുന്നതിനുള്ള ആദ്യ ചുവടുവെപ്പായി ഇത് കണക്കാക്കപ്പെടുന്നു.