എടിഎംല്‍ പണമില്ലെങ്കില്‍ ഇനി മുതല്‍ ബന്ധപ്പെട്ട ബാങ്കുകള്‍ പിഴ നല്‍കേണ്ടി വരും. എത്രയാണെന്നോ? 10,000 രൂപ. അത്യാവശ്യത്തിന് പണം എടുക്കാനായി...
എടിഎംല്‍ പണമില്ലെങ്കില്‍ ഇനി മുതല്‍ ബന്ധപ്പെട്ട ബാങ്കുകള്‍ പിഴ നല്‍കേണ്ടി വരും. എത്രയാണെന്നോ? 10,000 രൂപ. അത്യാവശ്യത്തിന് പണം എടുക്കാനായി ഓടിയെത്തി എടിഎം (ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍) ല്‍ എത്തുമ്പോഴാകും പണമില്ല എന്നറിയുന്നത്. ഇത് ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കുറവായിരിക്കും. പലപ്പോഴും നഗരങ്ങളില്‍ എടിഎം ന് പാര്‍ക്കിംഗ് സംവിധാനം ഉണ്ടാകാറില്ല. വളരെ ദൂരെ ഒരു സ്ഥലം തരപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്ത് പണത്തിനായ എത്തി നിരാശരായി മടങ്ങുകയേ ഇവിടെ നിവൃത്തിയുള്ളു. അടുത്ത എടിഎം ലും സ്ഥിതി പലപ്പോഴും വ്യത്യസ്തമാകാന്‍ ഇടയില്ല. ഇത്തരത്തിലുള്ള പരാതികള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ആര്‍ ബി ഐ ഇടപെട്ടത്. നാടു നീളെ എടിഎം സ്ഥാപിച്ച് ആവശ്യത്തിന് പണം നിറയ്ക്കാത്ത ബാങ്കുകള്‍ക്ക് വലിയ പിഴ ചുമത്താനൊരുങ്ങി ആര്‍ ബി ഐ രംഗത്തു വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം.
ഒക്ടോബര്‍ ഒന്ന്
ഒക്ടോബര്‍ ഒന്നു മുതലാണ് ആര്‍ ബി ഐ ഇത് നിരീക്ഷിക്കുന്നത്. പണമില്ലാത്ത എടിഎമ്മുകള്‍ എവിടെയെങ്കിലുമുണ്ടങ്കില്‍ 10,000 രൂപ ബാങ്കുകള്‍ പിഴയൊടുക്കേണ്ടി വരും. മണിക്കൂര്‍ കണക്കാക്കിയാണ് പിഴ ഈടാക്കുക. പണം തീര്‍ന്നാല്‍ പത്ത് മണിക്കൂറിനകം എടിഎം ല്‍ അത് വീണ്ടും നിറച്ചിരിക്കണമെന്ന് ആര്‍ ബി ഐ യുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പണമില്ലാതെ തുടരാനുളള പരമാവധി സമയം 10 മണിക്കൂറാക്കുകയും മോണിറ്ററിംഗ് ശക്തമാക്കുകയും ചെയ്യുന്നതോടെ പണമുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ബാങ്കുകള്‍ക്ക് വരും. ദിവസങ്ങളോളം പണമില്ലാതെ എ ടി എമ്മുകള്‍ ശൂന്യമായി കിടക്കുന്ന അവസ്ഥ ഇതോടെ ഒഴിവാകുമെന്ന് കരുതാം.
2,16,766 മെഷിനുകള്‍
ഏകദേശം 2.5 ലക്ഷം എടിഎമ്മുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. .ആര്‍ ബി ഐ യുടെ പുതിയ തീരുമാനത്തോടെ ഉപഭോക്താക്കള്‍ക്ക് ഇനി ധൈര്യമായി പണത്തിനായി എടിഎം സന്ദര്‍ശിക്കാം. 2021 ജൂണ്‍ വരെ രാജ്യത്ത് 2,16,766 എടിഎം കളാണ് പ്രവര്‍ത്തന നിരതമായിട്ടുള്ളത്. ഇതില്‍ 70,000 ത്തിനടുത്ത് മുന്‍നിര ബാങ്കായ എസ് ബി ഐ യുടേതാണ്.
ബാങ്കുകള്‍ക്ക് വേണ്ടി പണം എടിഎമ്മുകളില്‍ സമയാസമയങ്ങളില്‍ എത്തിക്കുന്നത് കാഷ് ഇന്‍ ട്രാന്‍സിറ്റ് കമ്പനികളോ മറ്റ് സര്‍വീസ് പ്രെവൈഡര്‍മാരോ ആണ്. പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുകയായിരുന്നു ഇവര്‍ ഇതുവരെ.