ദൂരെ പഠിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും ഒരേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനായാലോ? എല്ലാവരുടെയും അത്യാവശ്യം നടക്കും...
ദൂരെ പഠിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും ഒരേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനായാലോ? എല്ലാവരുടെയും അത്യാവശ്യം നടക്കും എന്നു മാത്രമല്ല വ്യത്യസ്ത കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ചെലവും റിസ്‌കും ഒട്ടും ഉണ്ടാവുകയുമില്ല. ഒറ്റ അക്കൗണ്ടില്‍ എല്ലാവര്‍ക്കും കാര്‍ഡുകള്‍ ലഭിക്കും എന്നതാണ് ഇതിന്റെ നേട്ടം. പ്രാഥമിക കാര്‍ഡിനൊപ്പം വിതരണം ചെയ്യുന്ന അധിക കാര്‍ഡുകളാണ് ആഡ് ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. ഇവിടെ ഒറ്റ ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ ഭാര്യ/ ഭര്‍ത്താവ്, 18 വയസുള്ള കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് അധിക കാര്‍ഡുകള്‍ നല്‍കും. ഒന്നു മുതല്‍ അഞ്ചു വരെ കാര്‍ഡുകള്‍ ഇങ്ങനെ അനുവദിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളുണ്ടാകും.
ചാര്‍ജുകള്‍
സാധാരണ നിലയില്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കാറില്ല. പക്ഷെ, ചില ബാങ്കുകള്‍ ചെറിയ തുക ഈടാക്കാറുമുണ്ട്. ചില ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ തുക അനുസരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ ആഡ് ഓണ്‍ കാര്‍ഡുകളും പ്രധാന കാര്‍ഡുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും.
വായ്പാ പരിധി
സാധാരണ നിലയില്‍ ആഡ് ഓണ്‍ കാര്‍ഡുകളുുടെ വായ്പാ പരിധി പ്രാഥമിക കാര്‍ഡുകളെക്കാള്‍ കുറവായിരിക്കും. ഇവിടെ പ്രാഥമിക കാര്‍ഡിന്റെ വായ്പാ പരിധി എല്ലാ കാര്‍ഡുകള്‍ക്കുമായി വീതിച്ച് നല്‍കുന്നു. അതായിത് രണ്ട് ലക്ഷം രൂപ കവറേജുള്ള കാര്‍ഡില്‍ നാല് അംഗങ്ങളെ ചേര്‍ച്ചിട്ടുണ്ടെങ്കില്‍ ജോലി സ്ഥലത്ത് അച്ഛനും പഠിക്കുന്ന സ്ഥലത്ത് മകള്‍ക്കും വീട്ടില്‍ മാതാപിതാക്കളിലൊരാള്‍ക്കും ഭാര്യക്കും ചേര്‍ന്ന് പരമാവധി രണ്ട് ലക്ഷം രൂപ ചെലവാക്കാം.
ആര് എത്ര ചെലവാക്കിയാലും അത് പ്രാഥമിക കാര്‍ഡില്‍ പ്രതിഫലിക്കും. അതായിത് അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള റജിസ്‌ട്രേഡ് മൊബൈലില്‍ പണമിടപാടിന്റെ വിവരങ്ങള്‍ ലഭിക്കും. ഇതിലൂടെ പ്രഥമിക കാര്‍ഡ് കൈയ്യിലുള്ള ആള്‍ക്ക് എല്ലാ കാര്‍ഡുകളുടെയും ചെലവാക്കല്‍ പ്രവണത മനസിലാക്കുകയും നിയന്ത്രിക്കുകയുമാകാം.
ക്രെഡിറ്റ് സ്‌കോര്‍
ഇവിടെ പ്രത്യേകം ശ്രദ്ധ വേണ്ട ഒരു കാര്യമുണ്ട്. കാര്‍ഡ് ആരുടെ അക്കൗണ്ടുമായിട്ടാണോ ബന്ധിപ്പിച്ചിരിക്കുന്നത് അവരുടെ ക്രെഡിറ്റ് സ്‌കോറിലായിരിക്കും ബാധ്യതകള്‍ പ്രതിഫലിക്കുക. അതായിത് കാര്‍ഡിന്റെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ അഥവാ വായ്പ ഉപയുക്തതാ മാനം മാറിയാലും കുടിശിക ആയാലും അതിന്റെ ഫലം അനുഭവിക്കുക പ്രാഥമിക കാര്‍ഡുടമയായിരിക്കും. അതുകൊണ്ട് കുടുംബാംഗങ്ങളാണെങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് നല്ലതാണ്. അതോടൊപ്പം പല സ്ഥലത്തും പല പ്രായത്തിലുമുള്ളവര്‍ക്ക് നാലോ അഞ്ചോ കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ഇത് നഷ്ടപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യത ഏറെയാണ്. ഇക്കാര്യത്തിലും ജാഗ്രത നിര്‍ബന്ധമാണ്.