കാര്‍ഷികവിളകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന് നല്‍കുന്ന സര്‍ട്ടിഫിക്കേഷന്‍ അടയാളമാണ് അഗ് മാർക്ക് അഥവാ അഗ്രിക്കൾച്ചറൽ മാർക്ക്....
കാര്‍ഷികവിളകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന് നല്‍കുന്ന സര്‍ട്ടിഫിക്കേഷന്‍ അടയാളമാണ് അഗ് മാർക്ക് അഥവാ അഗ്രിക്കൾച്ചറൽ മാർക്ക്. കാര്‍ഷികക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മാര്‍ക്കറ്റിംഗ് ആന്റ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ഒരു സര്‍ട്ടിഫിക്കേഷന്‍ അടയാളമാണിത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഫരീദാബാദിലെ ഹരിയാനയിലാണ് അഗ് മാർക്ക് ഹെഡ് ഓഫീസ്.
1937-ലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് (ഗ്രേഡിംഗ് ആന്‍ഡ് മാര്‍ക്കിങ്) ആക്‌ട് പ്രകാരം ഇന്ത്യയില്‍ നിയമപരമായി ഇത് നടപ്പിൽ വന്നു. പിന്നീട് 1986-ല്‍ ഈ ആക്റ്റിൽ ഭേദഗതി വരുത്തി. വിവിധതരം പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പാചക എണ്ണകള്‍, സസ്യ എണ്ണകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, വെര്‍മിസെല്ലി പോലുള്ള സെമി-പ്രോസെസ്സഡ് ഉത്പ്പന്നങ്ങള്‍ തുടങ്ങി 224 വ്യത്യസ്‌ത ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡമാണിത്.
വിവിധ സ്ഥലങ്ങളിലും വിവിധ സാഹചര്യങ്ങളിലുമുള്ള കാര്‍ഷികോത്പന്നങ്ങളുടെ ഗുണത്തിന് വന്‍തോതില്‍ വ്യത്യാസം കാണാം. എന്നാൽ വിലയിൽ പലപ്പോഴും ആ വിത്യാസം ഉണ്ടാകാറില്ല. അതിനാല്‍ ഉത്പാദകര്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ താത്പര്യം കുറയുകയും, തന്മൂലം ഗൃഹാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും നല്ല സാധനങ്ങള്‍ ലഭിക്കാന്‍ പ്രയാസം നേരിടുകയും ചെയ്യും. ഉത്പന്നങ്ങള്‍ക്കു പൊതുവായ ഒരു ഗുണനിലവാരമില്ലാത്ത സാഹചര്യത്തിൽ മായം ചേര്‍ക്കലുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള ഒരു പരിഹാരമെന്നനിലയിലാണ് അഗ് മാർക്ക് നിയമം നിലവില്‍ വന്നത്.
അഗ് മാർക്ക് സര്‍ട്ടിഫിക്കേഷന്‍ രാജ്യത്തുടനീളമുള്ള പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഗ് മാർക്ക് ലബോറട്ടറികള്‍ വഴിയാണ് നടപ്പാക്കുന്നത്. നാഗ്‌പൂരിലെ സെന്‍ട്രല്‍ അഗ് മാർക്ക് ലബോറട്ടറി കൂടാതെ, 11 പ്രമുഖ നഗരങ്ങളിലും (മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, കാണ്‍പൂര്‍, കൊച്ചി, ഗുണ്ടൂര്‍, അമൃത്‌സർ, ജയ്‌പൂർ, രാജ്‌കോട്ട്, ഭോപ്പാല്‍) റീജിയണല്‍ ലബോറട്ടറികളുണ്ട്. ഓരോ പ്രാദേശിക ലബോറട്ടറികളും പ്രാദേശിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളുടെ പരിശോധനയില്‍ ശ്രദ്ധിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, പൊടിച്ച മസാലകള്‍, നെയ്യ്, വെണ്ണ, സസ്യ എണ്ണകള്‍, കടുകെണ്ണ, തേന്‍, ഭക്ഷ്യധാന്യങ്ങള്‍(ഗോതമ്പ്), ഗോതമ്പ് ഉത്പ്പന്നങ്ങള്‍ (ആട്ട, സൂജി) എന്നിവയിലെ അഫ്‌ലാറ്റോക്‌സിന്‍ ടെസ്റ്റ് ഉള്‍പ്പെടെ ഈ ലബോറട്ടറികളിലെല്ലാം രാസ പരിശോധന, മൈക്രോബയോളജിക്കല്‍ പരിശോധന, കീടനാശിനി ടെസ്റ്റുകള്‍ എന്നിവ നടത്തുന്നു. പയറുപൊടി, സോയാബീന്‍ വിത്ത്, ബംഗാള്‍ പയര്‍, ഇഞ്ചി, ഓയില്‍ കേക്ക്, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണ, എണ്ണകളും കൊഴുപ്പുകളും, മാംസം തുടങ്ങി എല്ലാവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും പരിശോധന നടത്തിയാണ് അഗ് മാർക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.