9 Nov 2022 3:00 AM GMT
daily stock market updates
Summary
ശക്തമായ രണ്ടാം പാദ കമ്പനിഫലങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വിപണി നിയന്ത്രിച്ചത്. ആഗോള വിപണികളെല്ലാം ഇന്നലെ ഒരുവിധം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് നല്ല ലക്ഷണമായി കരുതാം. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.00-നു തുടങ്ങുമ്പോൾ 45.00 പോയിന്റ് ഉയർന്നു വ്യാപാരം ആരംഭിച്ചത് നമുക്ക് ആശ്വാസം പകരും
കൊച്ചി: ഗുരുനാനാക് ജയന്തിയുടെ അവധി കഴിഞ്ഞുള്ള ഇന്നത്തെ വ്യാപാരം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തിയിൽ മുന്നോട്ട് കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ കുറെ ദിവസങ്ങളായി ശക്തമായ കമ്പനിഫലങ്ങളുടെ പിൻബലത്തിൽ അത് തന്നെയാണ് കാണുന്നത്. മോർഗൻ സ്റ്റാൻലിയുടെ ഇന്നലെ പുറത്തിറങ്ങിയ പഠനത്തിൽ ഇന്ത്യ അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതായത് പരമ്പരാഗതമായി മേൽക്കോയ്മ കയ്യാളുന്ന യൂറോപ്പിലെ രാജ്യങ്ങളെയും ജപ്പാനെയും പിന്തള്ളി അമേരിക്കയെയും ചൈനയെയും മാത്രം മുന്നിൽ കണ്ടു കുതിക്കാനൊരുങ്ങുകയാണ് ഭാരതം.
ശക്തമായ രണ്ടാം പാദ കമ്പനിഫലങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വിപണി നിയന്ത്രിച്ചത്. ആഗോള വിപണികളെല്ലാം ഇന്നലെ ഒരുവിധം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് നല്ല ലക്ഷണമായി കരുതാം. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.00-നു തുടങ്ങുമ്പോൾ 45.00 പോയിന്റ് ഉയർന്നു വ്യാപാരം ആരംഭിച്ചത് നമുക്ക് ആശ്വാസം പകരും
ആൾകാര്ഗോ, ധനക്ഷ്മി ബാങ്ക് എന്നീ കമ്പനികളുടെ ഫലങ്ങൾ വിപണിക്ക് ആവേശം പകർന്നുവെന്നതിൽ സംശയമില്ല.
തിങ്കളാഴ്ച അവസാനഘട്ട വ്യാപാരത്തില്‍ സൂചികകൾ മുന്നേറിയത് നിക്ഷേപകർക്ക് ആശ്വാസമായി. സെന്‍സെക്സ് 234.79 പോയിന്റ് ഉയര്‍ന്ന് 61,185.15 ലും, നിഫ്റ്റി 85.65 പോയിന്റ് നേട്ടത്തോടെ 18,202.80 ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 61,401.54 എന്ന ഉയര്‍ന്ന നിലയിലേക്കും, 60,714.36 പോയിന്റ് എന്ന താഴ്ന്ന നിലയിലേക്കും എത്തിയിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി തുടരുന്നത് ഒരു നല്ല ലക്ഷണമാണ്. തിങ്കളാഴ്ച അവർ 1,948.51 കോടി രൂപയ്ക്കു അധികം വാങ്ങി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ പതിവ് പോലെ അന്നും -844.20 കോടി രൂപയുടെ അധിക വില്പന നടത്തി.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു:
"രണ്ടാം പാദ ഫലങ്ങളിൽ നിന്നുള്ള പ്രധാന നേട്ടം ബാങ്കിംഗ് വിഭാഗത്തിന്റെ മികച്ച പ്രകടനമാണ്, മികച്ച ക്രെഡിറ്റ് വളർച്ച, ആസ്തി നിലവാരം മെച്ചപ്പെടുത്തൽ, ഉയർന്ന മാർജിനുകൾ എന്നിവ ഇതിനു സഹായകമായി. ഈ പ്രവണത വരും പാദങ്ങളിലും തുടരാൻ സാധ്യതയുണ്ട്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ തമ്മിലുള്ള വില വ്യത്യാസം കുറയുന്നു. പ്രീമിയം സെഗ്‌മെന്റ്, പ്രത്യേകിച്ച് ഓട്ടോമൊബൈൽസ് വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചു. ക്യാപിറ്റൽ ഗുഡ്‌സ് ഓർഡർ ബുക്ക് വരാനിരിക്കുന്ന നല്ല സമയങ്ങളെ സൂചിപ്പിക്കുന്നു. ഐടി ഫലങ്ങൾ മാന്യമായ വളർച്ചയോടെ പ്രതീക്ഷിച്ച ലൈനിലാണ്. ഏറ്റവും ദുർബലമായ വിഭാഗം എണ്ണയും വാതകവും, ലോഹങ്ങളും സിമന്റുമാണ്. ഫാർമയിൽ, മേഖലയിലെ നിരാശാജനകമായ ഫലങ്ങൾക്കിടയിൽ സൺ ഫാർമ മികച്ച പ്രകടനം റിപ്പോർട്ട് ചെയ്തു."
ലോക വിപണി
മറ്റു ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (-38.60), ജക്കാർത്ത കോമ്പസിറ്റ് (-52.27) ഷാങ്ഹായ് (-0.15), ടോക്കിയോ നിക്കെ (-64.09) എന്നിവ ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്. എന്നാൽ, കോസ്‌പി (17.63), തായ്‌വാൻ (128.63) എന്നിവ പച്ചയിലാണ്.
യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (+6.15) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+155.23) പാരീസ് യുറോനെക്സ്റ്റും (+24.89)നേരിയ നേട്ടത്തിൽ അവസാനിച്ചു.
ചൊവ്വാഴ്ച അമേരിക്കന്‍ വിപണികള്‍ പിടിച്ചു കയറി: നസ്‌ഡേക് കോമ്പസിറ്റും (+51.68) എസ് ആൻഡ് പി 500 (+21.31) ഉം ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (+333.83) മുന്നേറി.
കമ്പനി ഫലങ്ങൾ
സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 10 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തിയതായി എച്ച്സിഎൽ ഇൻഫോസിസ്റ്റംസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 13 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഫീനിക്സ് മിൽന്റെ ഏകീകൃത അറ്റാദായം 212% വർധിച്ച് 185.8 കോടി രൂപയായി.
എന്നാൽ ഡോ.ലാൽ പാത്ത് ലാബ്‌സ്ന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 24.8 ശതമാനം കുറഞ്ഞ് 72.4 കോടി രൂപയായി.
ബി പി സി എൽ, സീയറ്റ് ടയേഴ്‌സ്, കോൾ ഇന്ത്യ, ഡിവൈസ് ലാബ്, ഇന്ത്യ സിമന്റ്, പേടിഎം, ഉജ്ജീവൻ, വിനതി ഓർഗാനിക്‌സ്
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,670 രൂപ.
യുഎസ് ഡോളർ = 81.38 രൂപ.
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 97.11 ഡോളർ
ബിറ്റ് കോയിൻ = 16,37,999 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.33 ശതമാനം ഇടിഞ്ഞ് 109.62 ആയി.
ഇന്നത്തെ ഫലങ്ങൾ
ഇന്ന് എഡൽവീസ് ഫിനാൻഷ്യൽ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗുജറാത്ത് ആൽക്കലിസ്, ലുപിൻ ലിമിറ്റഡ്, നാഷണൽ അലുമിനിയം, എൻ ഡി ടി വി, സ്റ്റാർ ഹെൽത്ത്, ടാറ്റ മോട്ടോഴ്സ്, വെങ്കിസ്, വണ്ടർല ഹോളിഡേയ്സ്, വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.
ഐപിഓ
സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫർ ഇന്ന് ആരംഭിച്ചു 11ന് വെള്ളിയാഴ്ച സമാപിക്കും. 1,462 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന ഐ പി ഓക്ക് ഒരു ഷെയറിന് ₹386 മുതൽ ₹407 വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫർ ഇന്ന് ആരംഭിക്കും. 1,960 കോടി രൂപയുടെ ഇഷ്യു നവംബർ 11-ന് അവസാനിക്കും. ഇഷ്യുവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹450 മുതൽ ₹474 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ബ്രോക്കറേജ് വീക്ഷണം
രണ്ടാം പാദത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സോളാർ ഇൻഡസ്ട്രീസ്, ഓറിയന്റ് ഇലെക്ട്രിക്സ്, സിപ്ല എന്നിവ വാങ്ങാമെന്നാണ് പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഷ്നൈഡർ ഇലക്ട്രിക് എന്നീ ഓഹരികൾ വാങ്ങാമെന്നു എൽ കെ പി സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നുണ്ട്.
ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, എസ്ബിഐ കാർഡ്‌സ് എന്നീ ഓഹരികൾ വാങ്ങാം എന്നാണ് ജിയോജിത് പറയുന്നത്.