1 Nov 2022 5:51 AM IST
Summary
ഡെല്‍ഹി: ആര്‍ബിഐ ഇറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) പൈലറ്റ് പ്രോജക്ട് ഇന്ന് മുതല്‍ ആരംഭിക്കും. ഹോള്‍സെയില്‍ ആവശ്യങ്ങള്‍ നടത്താന്‍ സാധിക്കുന്ന രീതിയിലാണ് ആദ്യഘട്ടത്തില്‍ കറന്‍സി ഇറക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള ഡിജിറ്റല്‍ കറന്‍സി ഒരു മാസത്തിനകം ഇറക്കുമെന്നും ആര്‍ബിഐയുടെ അറിയിപ്പിലുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികളിലേക്കുള്ള ഇടപാടുകള്‍ക്കാവും ആദ്യം സിബിഡിസി ഉപയോഗിക്കാന്‍ സാധിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര […]
ഡെല്‍ഹി: ആര്‍ബിഐ ഇറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) പൈലറ്റ് പ്രോജക്ട് ഇന്ന് മുതല്‍ ആരംഭിക്കും. ഹോള്‍സെയില്‍ ആവശ്യങ്ങള്‍ നടത്താന്‍ സാധിക്കുന്ന രീതിയിലാണ് ആദ്യഘട്ടത്തില്‍ കറന്‍സി ഇറക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള ഡിജിറ്റല്‍ കറന്‍സി ഒരു മാസത്തിനകം ഇറക്കുമെന്നും ആര്‍ബിഐയുടെ അറിയിപ്പിലുണ്ട്.
സര്‍ക്കാര്‍ സെക്യൂരിറ്റികളിലേക്കുള്ള ഇടപാടുകള്‍ക്കാവും ആദ്യം സിബിഡിസി ഉപയോഗിക്കാന്‍ സാധിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇപ്പോള്‍ ഇ-റുപ്പി പൈലറ്റ് പ്രോജക്ടിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ബാങ്കുകളെല്ലാം തന്നെ ആര്‍ബിഐയുമായി ഇടപാട് നടത്തുന്നതിന് പ്രത്യേക അക്കൗണ്ടുകള്‍ തുറന്നു കഴിഞ്ഞു. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ സിബിഡിസി സഹായിക്കുമെന്നും, ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്.
2022-23 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ ആമുഖം അവതരിപ്പിച്ചിരുന്നു. കൂടാതെ 'ധനകാര്യ ബില്‍ 2022' പാസാക്കികൊണ്ട് 1934 ലെ ആര്‍ബിഐ നിയമത്തിന്റെ പ്രസക്തമായ വകുപ്പില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
• സിബിഡിസി എന്നാല്‍?
സര്‍ക്കാരിന്റെ പിന്തുണയുള്ള ഒരു ഡിജിറ്റല്‍ കറന്‍സിയായിരിക്കും സിബിഡിസി. സാധാരണയായി ബ്ലോക്ക് ചെയിന്‍ മാതൃകയിലാണ് ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നത്. എന്നാല്‍ ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.
നിലവില്‍ സ്വകാര്യ കമ്പനി നടത്തുന്ന ഇലക്ട്രോണിക് വാലറ്റുകളോട് സാമ്യമുള്ള സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി 2023ന്റെ തുടക്കത്തോടെ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയായി അവതരിപ്പിക്കനാണ് സാധ്യത.
റഷ്യ, കസാഖിസ്ഥാന്‍,യൂറോപ്യന്‍ യൂണിയന്‍, ചൈന, ഉള്‍പ്പടെയുള്ളവര്‍ സിബിഡിസി അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. അറ്റ്ലാന്റിക് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 11 രാജ്യങ്ങളിലാണ് നിലവില്‍ സിബിഡിസി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. ഇക്കഡോര്‍, ഈസ്റ്റേണ്‍ കരീബിയന്‍ (8 രാജ്യങ്ങള്‍), സെനഗല്‍, നൈജീരിയ, ബഹ്മാസ്, ജമൈക്ക, എന്നിവയാണ് ഈ രാജ്യങ്ങള്‍.