image

27 Oct 2022 4:34 AM GMT

Technology

'ജിയോബുക്ക്' കളത്തിലെത്തി, 'കച്ചമുറുക്കി' അസൂസും, എയ്‌സറും

MyFin Desk

ജിയോബുക്ക് കളത്തിലെത്തി, കച്ചമുറുക്കി അസൂസും, എയ്‌സറും
X

Summary

ഗാഡ്ജറ്റുകളുടെ കടന്നു വരവ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ആളുകളുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണാണ് ഇതിലെ താരം. പിന്നെ ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയൊക്കെ സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ വിപണിയിലെത്തി. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചേഴ്‌സുമായി വിവിധ ബ്രാന്‍ഡുകളുടെ ഗാഡ്ജറ്റുകള്‍ വിപണിയില്‍ വാഴുമ്പോഴാണ് ജിയോ ബുക്ക് എന്ന 'ചെറു ലാപ്‌ടോപ്പ്' റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. ജിയോയുടെ ബ്രാന്‍ഡ് നെയിം നല്‍കുന്ന തിളക്കത്തെക്കാളുപരി ഈ ലാപ്‌ടോപില്‍ എന്തുണ്ട് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചു കഴിഞ്ഞു. 4ജി സിം […]


ഗാഡ്ജറ്റുകളുടെ കടന്നു വരവ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ആളുകളുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണാണ് ഇതിലെ താരം. പിന്നെ ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയൊക്കെ സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ വിപണിയിലെത്തി. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചേഴ്‌സുമായി വിവിധ ബ്രാന്‍ഡുകളുടെ ഗാഡ്ജറ്റുകള്‍ വിപണിയില്‍ വാഴുമ്പോഴാണ് ജിയോ ബുക്ക് എന്ന 'ചെറു ലാപ്‌ടോപ്പ്' റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.
ജിയോയുടെ ബ്രാന്‍ഡ് നെയിം നല്‍കുന്ന തിളക്കത്തെക്കാളുപരി ഈ ലാപ്‌ടോപില്‍ എന്തുണ്ട് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചു കഴിഞ്ഞു. 4ജി സിം ഇന്‍ബിള്‍റ്റ് ആയിട്ടുള്ള ഏക മോഡലാണിത്. ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണില്‍ ഉള്ള ഫീച്ചേഴ്‌സ് ജിയോ ബുക്കില്‍ ഇല്ലല്ലോ എന്ന് ചോദിച്ചാല്‍ അതിശയിക്കാനൊന്നുമില്ല. കാരണം കുറഞ്ഞ കോണ്‍ഫിഗറേഷന്‍ വേണ്ടവര്‍ക്കായാണ് ജിയോ ബുക്ക് ഇറക്കിയിരിക്കുന്നത്.
മാത്രമല്ല ഇതേ വിലയില്‍ ലഭിക്കുന്ന മറ്റ് ഗാഡ്ജറ്റുകളെ പറ്റിയും ടെക്ക് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുകയാണ്. പര്‍ച്ചേസ് പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 19,900 രൂപയാണ് ജിയോ ബുക്കിനായി ഇപ്പോള്‍ മുടക്കേണ്ടി വരിക. എന്നാല്‍ ഈ വിലയ്ക്ക് തന്നെ ഒരു ടിബി എസ്എസ്ഡി ഉള്‍പ്പടെയുള്ള ലാപ്‌ടോപ് മാര്‍ക്കറ്റില്‍ ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് യോജിച്ച ഗാഡ്ജറ്റ് തിരഞ്ഞെടുക്കാമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
ആദ്യം ജിയോ ബുക്കിനെ അറിയാം
ജിയോ ബുക്ക് എന്ന പേരില്‍ റിലയന്‍സ് ജിയോ 15,799 രൂപയ്ക്കാണ് (പ്രാരംഭ വില) കമ്പനിയുടെ ആദ്യത്തെ 4 ജി ലാപ്ടോപ്പ് പുറത്തിറക്കിയത്. ജിയോ ഒ എസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പില്‍ ഇന്‍ബില്‍റ്റ് ആയി ഉള്‍പ്പെടുത്തിയിരിക്കുന്ന ജിയോ സിം 4ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് നല്‍കുന്നു. ഇതിലെ ആപ്പുകള്‍ക്ക് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക പിന്തുണയുണ്ട്. പാസ്സീവ് കൂളിംഗ് ടെക്നോളജി ലാപ്ടോപ്പിന്റെ താപ നില നിയന്ത്രിച്ച് ശബ്ദ രഹിത പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ ബാക്കപ്പ് ലഭിക്കും. വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോര്‍ട്ട് കൂടാതെ 2 എംബി വെബ് കാമറയും ജിയോബുക്കിലുണ്ട്. ജിയോ സ്റ്റോറില്‍ നിന്ന് ഇഷ്ടമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സൂപ്പര്‍ ലൈറ്റ് വെയിറ്റ് മോഡല്‍ ലാപ്ടോപ്പ് ജിയോ ബ്ലൂ കളറില്‍ ലഭ്യമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ബ്രൗസിംഗിനും മതിയായതാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു.
ജിയോ ബുക്ക് സ്പെസിഫിക്കേഷന്‍സ്: 11.6-ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, സ്‌ക്രീന്‍ റെസൊല്യൂഷന്‍ 1366-768, ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 665 ചിപ്പ് സെറ്റ്, 64-ബിറ്റ് 2 ജിഗാസെര്‍ട്ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 2ജിബി റാം , 32 ജിബി സ്റ്റോറേജ്, എംബെഡഡ് ജിയോ സിം കാര്‍ഡ്, 4 ജി എല്‍ടിഇ കണക്റ്റിവിറ്റി സപ്പോര്‍ട്ട്, ഒരു യുഎസ്ബി പോര്‍ട്ട് , ഒരു യുഎസ്ബി സി ടൈപ്പ് മിനി പോര്‍ട്ട്, 5000 എംഎഎച്ച് ബാറ്ററി, വൈ -ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി.
അസൂസ് പെന്റിയം ക്വാഡ് കോര്‍ ലാപ്‌ടോപ്പ്
19,990 രൂപയ്ക്ക് ലഭിക്കുന്ന മികച്ചൊരു ലാപ്‌ടോപാണിത്. ഇന്റല്‍ പെന്റിയം ക്വാഡ് കോര്‍ പ്രോസസ്സറുള്ള ഈ ലാപ്‌ടോപ്പിന് 4 ജിബി ഡിഡിആര്‍4 റാം, 64 ബിറ്റ് വിന്‍ഡോസ് 10 ഒഎസ്, 1 ടിബി ഹാര്‍ഡ് ഡിസ്‌ക്, 15.6 ഇഞ്ച് ഡിസ്‌പ്ലേ, ഒരു വര്‍ഷം കാലാവധിയുള്ള ഓണ്‍സൈറ്റ് വാറണ്ടി എന്നിവയാണുള്ളത്.
ഇന്റലിന്റെ തന്നെ ഇന്റഗ്രേറ്റഡ് യുഎച്ച്ഡി 605 ഗ്രാഫിക്ക് പ്രൊസസ്സറാണ് ലാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെറും 1.9 കിലോഗ്രാം മാത്രമാണ് ലാപ്‌ടോപ്പിന്റെ ഭാരം. വേഗതയുള്ള വൈഫൈ കണക്ടിവിറ്റിയും ഇതിലുണ്ട്. ബ്ലൂടൂത്ത് 4.1 വേര്‍ഷനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും ഈ മോഡല്‍ ലഭ്യമാണ്.
ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്ക്
14,990 രൂപ വിലയുള്ള മികച്ചൊരു ക്രോംബുക്കാണിത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഐഡിയാപാഡ് 3ല്‍ ഉള്ളത്. ഡ്യുവല്‍ കോര്‍ ഇന്റല്‍ സെലറോണ്‍ പ്രോസസറുള്ള ക്രോംബുക്കില്‍ 11.6 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ ബാറ്ററി ലൈഫും ലഭിക്കും. മികച്ച ശ്രവണാനുഭം നല്‍കുന്ന 2 വാട്ട് ഓഡിയോ ഉള്ള സ്റ്റീരിയോ സ്പീക്കറാണ് ക്രോംബുക്കിലുള്ളത്. മികച്ച ഡാറ്റ പരിരക്ഷ ഉറപ്പാക്കുന്ന ഗൂഗിള്‍ എച്ച് 1 സുരക്ഷാ ചിപ്പും ലെനോവോ നല്‍കിയിട്ടുണ്ട്. ഇന്‍ബിള്‍ഡ് സിം ഇല്ലാത്ത മോഡലാണിത്.
ഇനിയുമുണ്ട് മോഡലുകള്‍
ഇവയ്ക്ക് പുറമേ അസൂസ് ഇ-ബുക്ക് 12 സെലറോണ്‍ ഡ്യുവല്‍ കോര്‍, അസൂസ് ക്രോംബുക്ക് സെലറോണ്‍ ഡ്യുവല്‍ കോര്‍, എച്ച്പി മീഡിയോ ടെക്ക് കോംപാനിയോ 500, എയ്‌സര്‍ വണ്‍ 10 ആറ്റം ക്വാഡ് കോര്‍, ലെനോവോ എപിയു ഡ്യുവല്‍ കോര്‍ ഇ2 തുടങ്ങിയവയൊക്കെ 20,000 രൂപയില്‍ താഴെ മാത്രം വിലയുള്ള ലാപ്‌ടോപ്പ് / ക്രോംബുക്ക് മോഡലുകളാണ്.