18 Oct 2022 9:30 PM GMT
സാമ്പത്തിക മാന്ദ്യത്തിനിടയിലും വിപണിക്ക് ശക്തി പകർന്ന് കമ്പനി ഫലങ്ങൾ
Mohan Kakanadan
Summary
കൊച്ചി: ശക്തമായ മൂന്നാം പാദ ഫലങ്ങളുടെ പിന്തുണയിൽ അമേരിക്കൻ വിപണി ഇന്നലെ രണ്ടാം ദിവസവും മുന്നേറിയതും ഏഷ്യൻ വിപണികൾ ഉയരത്തിൽ വ്യാപാരം നടത്തുന്നതും ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതീക്ഷക്കു വക നൽകുന്നു. യൂറോപ്യൻ വിപണികൾക്കും ഇന്നലെ ശുഭ ദിനമായിരുന്നു. രാവിലെ 8.15-നു ഏഷ്യയിൽ ജപ്പാൻ നിക്കെ (197.73) ഉയർന്നപ്പോൾ തായ്‌വാൻ (-6.62), ഹാങ്ങ് സെങ് (-109.19) എന്നിവ താഴ്ചയിൽ നിൽക്കുകയാണ്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 28 പോയിന്റ് ഉയർന്നു 17,523.00 ൽ വ്യാപാരം […]
കൊച്ചി: ശക്തമായ മൂന്നാം പാദ ഫലങ്ങളുടെ പിന്തുണയിൽ അമേരിക്കൻ വിപണി ഇന്നലെ രണ്ടാം ദിവസവും മുന്നേറിയതും ഏഷ്യൻ വിപണികൾ ഉയരത്തിൽ വ്യാപാരം നടത്തുന്നതും ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതീക്ഷക്കു വക നൽകുന്നു. യൂറോപ്യൻ വിപണികൾക്കും ഇന്നലെ ശുഭ ദിനമായിരുന്നു. രാവിലെ 8.15-നു ഏഷ്യയിൽ ജപ്പാൻ നിക്കെ (197.73) ഉയർന്നപ്പോൾ തായ്‌വാൻ (-6.62), ഹാങ്ങ് സെങ് (-109.19) എന്നിവ താഴ്ചയിൽ നിൽക്കുകയാണ്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 28 പോയിന്റ് ഉയർന്നു 17,523.00 ൽ വ്യാപാരം നടക്കുന്നു.
ഇന്ന് ബജാജ് സ്റ്റീൽ, ഡിസിഎം ശ്രീറാം, ഹാവൽസ്, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, മെട്രോ ബ്രാൻഡ്‌സ്, അൾട്രാടെക് സിമന്റ് എന്നീ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്.
സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച വരിക്കാരുടെ വളർച്ച രേഖപ്പെടുത്തി. അതുപോലെ ഗോൾഡ്‌മാൻ സാക്‌സും ജോൺസൻ ആൻഡ് ജോൺസനും ലോക്‌ഹീഡ് മാർട്ടിനും പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, പ്രതീക്ഷക്കൊത്തു ടെസ്ലയുടെ വില്പന ഉയരാത്തത് ഇന്ന് വാൾസ്ട്രീറ്റിൽ പ്രതിഫലിച്ചേക്കാം. കമ്പനി ഈ പാദത്തിൽ 343,830 വാഹനങ്ങൾ വിതരണം ചെയ്‌തു; വാൾസ്ട്രീറ്റ് പ്രതീക്ഷിച്ചതു 360,000 യൂണിറ്റായിരുന്നു.
നിഫ്റ്റി പി എസ് യു ബാങ്ക്, ഓട്ടോ, മീഡിയ, റീയൽറ്റി സൂചികകൾ ഇന്നലെ മുന്നേറ്റം കാഴ്ചവെച്ചു. ഇന്നും അവ മുന്നേറ്റം തുടരാൻ സാധ്യതയുണ്ട്.
ഇന്നലെ സെന്‍സെക്‌സ് 549.62 പോയിന്റ് ഉയര്‍ന്ന് 58,960.60 ലും നിഫ്റ്റി 175.15 പോയിന്റ് നേട്ടത്തോടെ 17,486.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ കുതിച്ചുയർന്നു. നസ്ഡേക്കും (+96.60) ഡൗ ജോൺസും (+337.98) എസ് ആൻഡ് പി 500 (+42.03) യും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ലണ്ടൻ ഫുട്‍സീ 100 (+16.50), പാരീസ് യുറോനെക്സ്റ്റ് (+26.34), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (+116.58) എന്നീ യൂറോപ്യൻ സൂചികകളും മുന്നേറി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 153.40 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ അധികമായി വാങ്ങിയത് 2,084.71 കോടി രൂപയ്ക്കാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 82.37ല്‍ എത്തി. ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 112 ലാണ്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.26 ശതമാനം കുറഞ്ഞു 90.80 ഡോളറായി.
സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,645 രൂപ; പവന് 37,160 രൂപ.
ബിറ്റ്‌കോയിൻ 16,44,3745 രൂപ.
ട്രാൿസ്ന് ടെക്നോളോജിസ് നാളെ (വ്യാഴാഴ്ച) ലിസ്റ്റ് ചെയ്യും; 75-80 രൂപ ബാൻഡിൽ ഒക്ടോബർ 10 മുതൽ 12 വരെ വിറ്റ കമ്പനിയുടെ 309 കോടി രൂപയുടെ ഐപിഒയ്ക്ക് 2.01 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നു.