image

18 Oct 2022 5:59 AM GMT

Technology

മാന്ദ്യ ഭീതി: ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

James Paul

മാന്ദ്യ ഭീതി: ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
X

Summary

  യൂറോപ്പിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുകയും യുഎസില്‍ മാന്ദ്യ സാധ്യത ഉയരുകയും ചെയ്തതോടെ ഇന്ത്യയിലെ നാല് മികച്ച ഐടി സേവന കമ്പനികള്‍ അവരുടെ നിയമനം വെട്ടിക്കുറച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച് സിഎല്‍ എന്നീ മുന്‍ നിര കമ്പനികളാണ് പുതിയ നിയമനങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഈ കമ്പനികള്‍ രണ്ടാം പാദത്തില്‍ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചിട്ടുമുണ്ട്. വിപ്രോയിൽ 94 ശതമാനം കുറവ് ബംഗളൂരു ആസ്ഥാനമായുള്ള വിപ്രോ 2021 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 11,475 ജീവനക്കാരെ പുതിതായി നിയമിച്ച സ്ഥാനത്ത് ഈ […]


യൂറോപ്പിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുകയും യുഎസില്‍ മാന്ദ്യ സാധ്യത ഉയരുകയും ചെയ്തതോടെ ഇന്ത്യയിലെ നാല് മികച്ച ഐടി സേവന കമ്പനികള്‍ അവരുടെ നിയമനം വെട്ടിക്കുറച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച് സിഎല്‍ എന്നീ മുന്‍ നിര കമ്പനികളാണ് പുതിയ നിയമനങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഈ കമ്പനികള്‍ രണ്ടാം പാദത്തില്‍ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചിട്ടുമുണ്ട്.

വിപ്രോയിൽ 94 ശതമാനം കുറവ്

ബംഗളൂരു ആസ്ഥാനമായുള്ള വിപ്രോ 2021 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 11,475 ജീവനക്കാരെ പുതിതായി നിയമിച്ച സ്ഥാനത്ത് ഈ വര്‍ഷം അതേ കാലയളവില്‍ 605 ജീവനക്കാര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. നിയമനങ്ങളില്‍ 94.7% കുറവാണ് ഉണ്ടായിരിക്കുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നീ മൂന്ന് കമ്പനികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം 42,590- ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അതേ പാദത്തില്‍ അത് 20144 ആയി ചുരുങ്ങി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, എണ്ണ പ്രതിസന്ധി തുടങ്ങിയ ആഗോള അനിശ്ചിതത്വങ്ങളും, യുഎസ് ഉള്‍പ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യവും, പണപ്പെരുപ്പവും നിയമനങ്ങള്‍ വെട്ടികുറക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടികാട്ടപ്പെടുന്നു.

കൊച്ചിയിൽ പകുതി നിയമനം

ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്- മെറ്റാ പ്ലാറ്റ്ഫോമുകള്‍, ട്വിറ്റര്‍ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ മന്ദഗതിയിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഐടി നിയമനങ്ങളിലും കുറവുണ്ടായത്."ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എച്ച് സിഎല്‍ എന്നീ നാല് പ്രമുഖ കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷം 1.6 ലക്ഷം പുതുമുഖങ്ങളെ നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിയമനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇവര്‍ കഴിഞ്ഞ വര്‍ഷം 2.2 ലക്ഷം പേരെ പുതിതായി നിയമിച്ചിരുന്നു. കേരളത്തിലും ഐടി നിയമനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിയമനങ്ങള്‍ പകുതിയില്‍ താഴെ മാത്രമാണ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ ഐടി കമ്പനികളുടേയും പ്രധാന ഉപഭോക്താക്കള്‍ അമേരിക്കന്‍ കമ്പനികളാണ്. അവിടെ ജോലിയിലും നിയമനങ്ങളിലും കുറവ് വന്നത് ഇന്ത്യന്‍ കമ്പനികളിലും പ്രതിഫലിച്ചു," കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

"കഴിഞ്ഞ പാദത്തില്‍ ഐടി നിയമനങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പല കമ്പനികളും വിവിധ കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരെ ഒഴിവാക്കി. അത്യന്താപേക്ഷിതമായ നിയമനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വിപ്രോ കഴിഞ്ഞ പാദത്തില്‍ 605 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. മുന്‍ വര്‍ഷം ഇതിന്റെ എത്രയോ ഇരട്ടി നിയമനങ്ങള്‍ നടന്ന സ്ഥാനത്താണിതെന്നോര്‍ക്കണം," ഐടി അസ്സോസിയേഷന്‍ പ്രസിഡന്റ് എബി അനൂപ് പറഞ്ഞു.

സെപ്തംബര്‍ പാദത്തില്‍ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം പല പാദങ്ങള്‍ക്ക് ശേഷം 10,000 ത്തില്‍ താഴെയായി. മുന്‍ പാദത്തിലെ 14,136 പേരെ അപേക്ഷിച്ച് 9,840 പേരെമാത്രമാണ് പുതുതായി ചേര്‍ത്തത്. ടിസിഎസിലെ ആകെ ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ 6.1 ലക്ഷമാണ്.