image

17 Oct 2022 3:26 AM GMT

Healthcare

1.2 ലക്ഷം ഫീസ് വേണമെന്ന് മെഡിക്കല്‍ സൂപ്രണ്ട്: വിദേശത്ത് പഠിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ് ഫീസ് വേണ്ടന്ന് ഹൈക്കോടതി

Thomas Cherian K

1.2 ലക്ഷം ഫീസ് വേണമെന്ന് മെഡിക്കല്‍ സൂപ്രണ്ട്: വിദേശത്ത് പഠിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ് ഫീസ് വേണ്ടന്ന് ഹൈക്കോടതി
X

Summary

കൊച്ചി: വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ച് ഇന്ത്യയിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അതിഭീമമായ ഇന്റേണ്‍ഷിപ്പ് ഫീസ് തലവേദനയാകില്ല. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അതിഭീമമായ ഇന്റേണ്‍ഷിപ്പ് ഫീസ് അടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഡോ. അര്‍ജ്ജുന്‍ രാജീവും മറ്റ് 17 മെഡിക്കല്‍ ബിരുദധാരികളും ചേര്‍ന്ന് സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇത് പ്രകാരം ഹര്‍ജിക്കാര്‍ക്ക് ഫീസ് അടയ്ക്കാതെ തന്നെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാമെന്നും ഇത് പൂര്‍ത്തിയാക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും 'കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്' […]


കൊച്ചി: വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ച് ഇന്ത്യയിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അതിഭീമമായ ഇന്റേണ്‍ഷിപ്പ് ഫീസ് തലവേദനയാകില്ല. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അതിഭീമമായ ഇന്റേണ്‍ഷിപ്പ് ഫീസ് അടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഡോ. അര്‍ജ്ജുന്‍ രാജീവും മറ്റ് 17 മെഡിക്കല്‍ ബിരുദധാരികളും ചേര്‍ന്ന് സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ഇത് പ്രകാരം ഹര്‍ജിക്കാര്‍ക്ക് ഫീസ് അടയ്ക്കാതെ തന്നെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാമെന്നും ഇത് പൂര്‍ത്തിയാക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും 'കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്' നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും ജസ്റ്റീസ് വി.ജി അരുണിന്റെ ഉത്തരവിലുണ്ട്. ഫീസ് അടയ്ച്ചില്ലെന്ന് കാട്ടി ഇന്റേണ്‍ഷിപ്പ് നിര്‍ത്തലാക്കുമെന്നും സര്‍ട്ടിഫിക്കറ്റ് തരില്ലെന്നും പറഞ്ഞ് കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന തന്നോട് പ്രതിമാസം 10,000 വച്ച് 12 മാസത്തേക്ക് ആകെ 1.20 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടതെന്ന് ഡോ. അര്‍ജ്ജുന്‍ രാജീവ് പറയുന്നു. മാത്രമല്ല ആശുപത്രിയില്‍ നിന്നും സ്റ്റൈപന്‍ഡ് തുക കൊടുത്തിട്ടുമില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 25,000 രൂപ വരെയാണ് സ്റ്റൈപന്‍ഡായി നല്‍കുന്നതെന്നും വാദിഭാഗം ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഡ്വ. വി.എ ഹരിത, അഡ്വ. ജീവന്‍ രാജീവ് എന്നിവരാണ് ഹൈക്കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്.
"സ്റ്റൈപെന്‍ഡ് തടഞ്ഞ് വെക്കാന്‍ പാടില്ല": ഹൈക്കോടതി
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ 2022 മാര്‍ച്ച് 4, മെയ് 19 എന്നീ തീയതികളിലായി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് സ്റ്റൈപന്‍ഡ് നല്‍കണമെന്നും അത് ഒരു കാരണവശാലും തടഞ്ഞ് വെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ ലംഘനമാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നതെന്നും ഹര്‍ജിയില്‍ വാദിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ പലയിടത്തും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് സ്റ്റൈപന്‍ഡ് കൃത്യമായി ലഭിക്കുന്നില്ലെന്ന് മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും, ആശുപത്രി അധികൃതരെ ഭയന്നാണ് പലരും നിയമവ്യവഹാരത്തിലേക്ക് കടക്കാത്തതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വിദേശത്ത് നിന്നും പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. എംസിഐയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് ഉള്‍പ്പടെയുള്ളവ പാസായവര്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അനുമതി കിട്ടുക.
ഇത്രയും കഷ്ടപ്പെട്ട് മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യാനെത്തുമ്പോള്‍ അമിത ഇന്റേണ്‍ഷിപ്പ് ഫീസും സ്റ്റൈപെന്‍ഡ് തടഞ്ഞ് വെക്കുന്നതും പോലുള്ള കാര്യങ്ങള്‍ ഏറെ വലയ്ക്കുന്നുണ്ടെന്നും, നിലവില്‍ വിദേശത്ത് പഠനം നടത്തുന്നവര്‍ ഇന്ത്യയിലേക്ക് പ്രാക്ടീസ് ചെയ്യാന്‍ മടിക്കുന്ന അവസ്ഥയിലേക്ക് ഇത്തരം തടസങ്ങള്‍ കാരണമാകുമെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.