14 Oct 2022 2:57 AM IST
വാൾസ്ട്രീറ്റിലെ കുതിപ്പ് ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കാൻ സാധ്യത
Mohan Kakanadan
Summary
കൊച്ചി: അനലിസ്റ്റുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്നലെ യുഎസ്, യൂറോപ്യൻ വിപണികൾ കുതിച്ചു കയറിയത് ആഗോള പ്രവണതകൾ മാറി മറിയുകയാണോ എന്ന് തോന്നിപ്പിക്കുന്നു. എങ്കിലും ഇത് സ്ഥിരമായ ഒരു മുന്നേറ്റമായിരിക്കില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം പണപ്പെരുപ്പത്തിന് തടയിടാൻ യുഎസ് ഫെഡ് 0.75 ശതമാനം നിരക്ക് വർധനക്ക് ഏകദേശം ഉറപ്പിച്ചിരിക്കയാണ്. വിപണി കാത്തിരുന്ന യുഎസ് സെപ്റ്റംബർ റീട്ടെയില്‍ പണപ്പെരുപ്പം (CPI) ഡാറ്റ മാസാടിസ്ഥാനത്തിൽ 0.4 ശതമാനം ഉയർന്നു; അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത് 0.2 ശതമാനമായിരുന്നു. പക്ഷെ, വാർഷികാടിസ്ഥാനത്തിൽ പണപ്പെരുപ്പം 8.3 പ്രതീക്ഷിച്ചിരുന്നത് […]
കൊച്ചി: അനലിസ്റ്റുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്നലെ യുഎസ്, യൂറോപ്യൻ വിപണികൾ കുതിച്ചു കയറിയത് ആഗോള പ്രവണതകൾ മാറി മറിയുകയാണോ എന്ന് തോന്നിപ്പിക്കുന്നു. എങ്കിലും ഇത് സ്ഥിരമായ ഒരു മുന്നേറ്റമായിരിക്കില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം പണപ്പെരുപ്പത്തിന് തടയിടാൻ യുഎസ് ഫെഡ് 0.75 ശതമാനം നിരക്ക് വർധനക്ക് ഏകദേശം ഉറപ്പിച്ചിരിക്കയാണ്.
വിപണി കാത്തിരുന്ന യുഎസ് സെപ്റ്റംബർ റീട്ടെയില്‍ പണപ്പെരുപ്പം (CPI) ഡാറ്റ മാസാടിസ്ഥാനത്തിൽ 0.4 ശതമാനം ഉയർന്നു; അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത് 0.2 ശതമാനമായിരുന്നു. പക്ഷെ, വാർഷികാടിസ്ഥാനത്തിൽ പണപ്പെരുപ്പം 8.3 പ്രതീക്ഷിച്ചിരുന്നത് 8.2 ശതമാനത്തിലാണിപ്പോൾ എത്തി നിൽക്കുന്നത്. ഇതായിരിക്കാം പെട്ടെന്നുള കുതിപ്പിന് കാരണമായത്.
യുഎസിൽ ഡോവ് ജോൺസ് 827.87 പോയിന്റ് ഉയർന്നു 30,038.72 ലും എസ് ആന്റ് പി 500 92 .88 പോയിന്റ് ഉയർന്നു 3,669.91 ലും നസ്‌ഡേക് കോമ്പോസിറ് 232.05 പോയിന്റ് ഉയർന്നു 10,649.15 ലും എത്തി.
ലണ്ടൻ ഫുട് സീയും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ഇന്നലെ ഉയർച്ചയിലാണ് അവസാനിച്ചത്.ഏഷ്യൻ വിപണിയിൽ പരക്കെ ഒരു ഉണർവാണ് രാവിലെ കാണുന്നത്. ജപ്പാൻ നിക്കെയും തായ്വാനും ഹാങ് സെങ്ങും ജക്കാർത്ത കോംപസിറ്റും ഉയർന്നു തന്നെ തുടരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ആകട്ടെ രാവിലെ 8.15 നു 350 പോയിന്റ് കുതിപ്പിലാണ് വ്യപ്രാരം നടക്കുന്നത്.
കൂടാതെ, ഇരുണ്ട ആകാശത്തിനിടയിലും ഒരു വെള്ളി രേഖ പോലെ വേൾഡ് ഇക്കോണോമിക് ഔട്‍ലൂക്കിൽ ഇന്ത്യ 2022 ൽ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജിയവ ഇന്നലെ പറഞ്ഞത് വിപണിക്ക് ശുഭ പ്രതീക്ഷ നൽകുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടന ഇന്ത്യയാണെന്ന അവരുടെ അഭിപ്രായം നിക്ഷേപകർക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. എന്നാൽ ആഗോള വളർച്ച 2021-ലെ 6 ശതമാനത്തിൽ നിന്നും 2022-ൽ 3.2 ശതമാനമായി കുറയുമെന്നും അവർ പറയുന്നുണ്ട്.
"സമീപകാലത്തു സൂചികകൾ ഇതേ നില തുടരാന് സാധ്യത. 16950 ൽ പിന്തുണ ലഭിക്കാനിടയുള്ളപ്പോൾ മുകളറ്റത്തു 17300 ൽ സമ്മർദമുണ്ടാവാം; എൽ കെ പി സെക്യൂരിറ്റീസ് സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു.
ടെക്‌നോളജി ഭീമനായ ഇന്‍ഫോസിസിന്റെ രണ്ടാം പാദ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 23.4 ശതമാനം ഉയര്‍ന്നു 36,538 കോടി രൂപയായി. അറ്റാദായം 11 ശതമാനം വര്‍ധിച്ചു 6,021 കോടി രൂപയായി. മൈൻഡ് ട്രീയും നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല; രണ്ടാം പാദത്തിൽ 31.5 ശതമാനം വളർച്ചയാണ് കമ്പനി വരുമാനത്തിൽ രേഖപ്പെടുത്തിയത്.
ഇന്ന് ശ്രീ സിമന്റ്, ബജാജ് ഓട്ടോ, ടാറ്റ ഏലസ്‌സി, ഫെഡറൽ ബാങ്ക് എന്നീ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്. ഇന്ത്യൻ വിപണിക്ക് ശക്തി പകരാൻ ഇതിനാവുമെന്നാണ് കണക്കുകൂട്ടൽ.
ബാങ്ക്, ടെക്‌നോളജി, ഓട്ടോ ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കാൻ ഇടയുണ്ട്.
ഇന്നലെ സെന്‍സെക്‌സ് 390.58 പോയിന്റ് താഴ്ന്ന് 57,235.33 ലും, നിഫ്റ്റി 109.25 പോയിന്റ് ഇടിഞ്ഞ് 17,014.35 ലും വ്യാപാരം അവസാനിപ്പിച്ചു.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ: വാങ്ങിയത് 5,282.29 കോടി രൂപ;
വില്പന നടത്തിയത് 4,529.00 കോടി രൂപ. 753.29 കോടി രൂപ അറ്റ വാങ്ങൽ.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ: വാങ്ങിയത് 4,958.06 കോടി രൂപ;
വില്പന നടത്തിയത് 6,594.൪൯ കോടി രൂപ അറ്റ വില്പന -1,636.43 കോടി രൂപ.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഒരു ആശങ്കയായി തുടരുന്നു; ഇന്നലെ അത് 82.40 -ലെത്തി. ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 112.24 ലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 94.47 ഡോളറായി കുറഞ്ഞിട്ടുണ്ട്.
സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,675 രൂപ; പവന് 37,400 രൂപ.
ബിറ്റ്‌കോയിൻ 16,67,499 രൂപ.