1 Oct 2022 6:28 AM GMT
5ജി രാജ്യത്തിന് സമർപ്പിച്ചു; പുതുയുഗപ്പിറവിയിലേക്കുള്ള കാൽവെയ്‌പ്പെന്ന് പ്രധാനമന്ത്രി
Myfin Editor
Summary
ഡെൽഹി: ഏറെ നാളുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുതുയുഗത്തിന്റെ ഉദയത്തിന് രാജ്യം സാക്ഷ്യം വഹിച്ചതായും അവസരങ്ങളുടെ സാഗരമാണ് 5ജി-യിലൂടെ ലഭ്യമാകുകയെന്നും ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. 2ജി, 3ജി, 4ജി ടെലികോം സേവനങ്ങള്‍ക്കായി നമ്മൾ മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്നെങ്കിൽ ഇന്ന് 5ജിയിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2022 സമ്മേളനത്തിൽ വെച്ചാണ് തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനം ഉദ്‌ഘാടനം ചെയ്തത്. […]
ഡെൽഹി: ഏറെ നാളുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുതുയുഗത്തിന്റെ ഉദയത്തിന് രാജ്യം സാക്ഷ്യം വഹിച്ചതായും അവസരങ്ങളുടെ സാഗരമാണ് 5ജി-യിലൂടെ ലഭ്യമാകുകയെന്നും ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
2ജി, 3ജി, 4ജി ടെലികോം സേവനങ്ങള്‍ക്കായി നമ്മൾ മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്നെങ്കിൽ ഇന്ന് 5ജിയിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2022 സമ്മേളനത്തിൽ വെച്ചാണ് തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനം ഉദ്‌ഘാടനം ചെയ്തത്.
രണ്ട് വര്‍ഷം കൊണ്ട് രാജ്യവ്യാപകമായി 5 ജി സേവനങ്ങള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിമാസം 14 ജിബി ഡാറ്റയുടെ ശരാശരി ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ ഡാറ്റ ചെലവ് 4,200 രൂപയില്‍ നിന്ന് 125-150 രൂപയായി കുറയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
തന്റെ സർക്കാരിന്റെ 'ഡിജിറ്റൽ ഇന്ത്യ' എന്ന കാഴ്ചപ്പാട് ഉപകരണത്തിന്റെ വില, സാങ്കേതിക വിദ്യയുടെ സംയോജനം, ഡാറ്റയുടെ മൂല്യം, ആദ്യം ഡിജിറ്റൽ എന്ന സമീപനം എന്നീ നാലു തൂണുകളിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഓഗ്മെന്റഡ് റിയാലിറ്റി (AR) വളരെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ 5 ജി സേവനങ്ങളിലൂടെ സാധിക്കും, അദ്ദേഹം പറഞ്ഞു.
2014-ൽ വെറും രണ്ടു മൊബൈൽ നിർമാണ ശാലകളുണ്ടായിരുന്ന രാജ്യത്ത് ഇന്ന് 200 ലധികം ഉണ്ടെന്നും ഇത് മൊബൈലുകളുടെ വിലക്കുറവിന് ഇടയാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.