28 Sep 2022 10:23 PM GMT
Summary
ആറു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്ന് ആഭ്യന്തര വിപണിയില്‍ അമിത പ്രതീക്ഷയ്ക്ക് വകയില്ല. എന്നാല്‍ ആഗോള വിപണികളെല്ലാം ഇന്ന് ഉയര്‍ച്ചയിലാണ്. എല്ലാ ഏഷ്യന്‍ വിപണികളിലും മുന്നേറ്റം പ്രകടമാണ്. സിംഗ്പ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.25 ന് 0.89 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണികളും ഇന്നലെ ആറ് ദിവസത്തെ നഷ്ടത്തിന് ശേഷം ലാഭത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് താല്‍ക്കാലിക ഉത്തേജന പരിപാടിയായി ബോണ്ട് വാങ്ങല്‍ ആരംഭിച്ചത് അമേരിക്കന്‍ വിപണിയ്ക്ക് ആശ്വാസം പകര്‍ന്നു. നാളെ പുറത്തു […]
ആറു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്ന് ആഭ്യന്തര വിപണിയില്‍ അമിത പ്രതീക്ഷയ്ക്ക് വകയില്ല. എന്നാല്‍ ആഗോള വിപണികളെല്ലാം ഇന്ന് ഉയര്‍ച്ചയിലാണ്. എല്ലാ ഏഷ്യന്‍ വിപണികളിലും മുന്നേറ്റം പ്രകടമാണ്. സിംഗ്പ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.25 ന് 0.89 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണികളും ഇന്നലെ ആറ് ദിവസത്തെ നഷ്ടത്തിന് ശേഷം ലാഭത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് താല്‍ക്കാലിക ഉത്തേജന പരിപാടിയായി ബോണ്ട് വാങ്ങല്‍ ആരംഭിച്ചത് അമേരിക്കന്‍ വിപണിയ്ക്ക് ആശ്വാസം പകര്‍ന്നു. നാളെ പുറത്തു വരാനുള്ള തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകളുടെ കണക്കുകള്‍ വിപണിയ്ക്ക് നിര്‍ണ്ണായകമാണ്.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഇന്ന് സുപ്രധാന വാര്‍ത്തകളൊന്നും പുറത്ത് വരാനില്ല. വിപണി ഏത് ദിശയില്‍ നീങ്ങുമെന്നും പറയാനാകില്ല. എന്നാല്‍ ആഗോള മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഒരു ആശ്വാസ നീക്കം ഇവിടെയും പ്രതീക്ഷിക്കാം. ആര്‍ബിഐയുടെ പണനയ തീരുമാനം നാളെ പുറത്തുവരാനിരിക്കെ വ്യാപാരികള്‍ വിപണിയില്‍ കൃത്യമായി ഇടപെടുമോയെന്നും ആശങ്കയുണ്ട്.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഇന്ന് രാവിലെ 88 ഡോളറിനടുത്താണ് ഒരു ബാരല്‍ ബ്രെന്റ് ക്രൂഡിന്റെ വില. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രഷന്റെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ കരുതല്‍ ശേഖരത്തില്‍ പെട്ടന്നുണ്ടായ കുറവ് എണ്ണ വിപണിയെ ഉത്തേജിപ്പിച്ചു. കൂടാതെ കാലാവസ്ഥ വ്യതിയാനം മൂലം അമേരിക്കന്‍ ക്രൂഡ് വിതരണത്തിലും ചില തടസ്സങ്ങളുണ്ടായിട്ടുണ്ട്. ഇവയെല്ലാം എണ്ണ വില ഉയരാന്‍ കാരണമായി. ഒപെകിന്റെ നിര്‍ണ്ണായകമായ മീറ്റിംഗ് അടുത്തയാഴ്ച്ച ചേരാനിരിക്കുകയാണ്. അംഗ രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ വില നേരിയ തോതിലെങ്കിലും ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,772 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,544 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പന വിപണിയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. ആഗോള മാന്ദ്യ ഭീതിയില്‍ ഏഷ്യന്‍ ഓഹരികളില്‍ നിന്ന് അവര്‍ നിക്ഷേപം പിന്‍വലിച്ച് കൂടുതല്‍ സുരക്ഷിതമായ അമേരിക്കന്‍ ഓഹരികളിലേയ്ക്കും ഡോളറിലേയ്ക്കും നിക്ഷേപിക്കുകയാണ്.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "നെഗറ്റീവ് വാര്‍ത്തകള്‍ വിപണിയില്‍ നിറയുമ്പോള്‍ റിസ്‌ക് ഒഴിവാക്കാനായി നിരന്തരമായ ഓഹരി വില്‍പ്പനയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഭവം വിപണിയുടെ ഗതി മാറ്റുകയും, പെട്ടെന്ന് മുന്നേറ്റമുണ്ടാക്കുകയും ചെയ്യാം. ഇതാണ് ഇന്നലെ ആഗോള വിപണിയില്‍ സംഭവിച്ചത്. ഇതിന് കാരണമായത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ച അപ്രതീക്ഷിത ബോണ്ട് വാങ്ങല്‍ പരിപാടിയാണ്. ഇത് ഇംഗ്ലണ്ട് നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണ്. എന്നാല്‍ വിപണി ഇതിനെ വ്യാഖ്യാനിച്ചത് ഈ നീക്കത്തിന്റെ ഫലമായി മാന്ദ്യമൊഴിവാക്കാന്‍ യുഎസ് ഫെഡും നിരക്ക് വര്‍ധനയില്‍ താല്‍ക്കാലിക വിരാമമിട്ടേക്കാമെന്നാണ്. ഈ താല്‍ക്കാലിക മുന്നേറ്റം ഏതു നിമിഷവും അപ്രത്യക്ഷമാകാം. അതിനാല്‍ കടുത്ത നടപടികളൊന്നും നിക്ഷേപകര്‍ സ്വീകരിക്കരുത്. ആര്‍ബിഐയുടെ പണനയ തീരുമാനം മിക്കവാറും 50 ബേസിസ് പോയിന്റ് വര്‍ധനവ് വരെയാകാം. ഇത് വിപണി കണക്കിലെടുത്തിട്ടുള്ളതിനാല്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കില്ല."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,580 രൂപ (സെപ്റ്റംബര്‍ 28)
ഒരു ഡോളറിന് 81.63 രൂപ (സെപ്റ്റംബര്‍ 28)
ബ്രെന്റ് ക്രൂഡ് ബാരലിന് 89.01 ഡോളര്‍ (സെപ്റ്റംബര്‍ 28, 8.37 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,40,668 രൂപ (സെപ്റ്റംബര്‍ 28, 8.37 am, വസീര്‍എക്‌സ്)