image

27 Sep 2022 10:16 PM GMT

Stock Market Updates

ആഗോള വിപണികള്‍ ഉലയുന്നു; ഇന്ത്യയിലും ഇടിവ് തുടര്‍ന്നേക്കാം

Suresh Varghese

ആഗോള വിപണികള്‍ ഉലയുന്നു; ഇന്ത്യയിലും ഇടിവ് തുടര്‍ന്നേക്കാം
X

Summary

തുടര്‍ച്ചയായ അഞ്ചു ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകള്‍ ഏറെ പ്രതികൂലമാണ്. ഏഷ്യന്‍ വിപണികളിലെല്ലാം വന്‍ വീഴ്ച്ചയാണ് രാവിലെ അനുഭവപ്പെടുന്നത്. ഹോങ്കോങിലെ ഹാങ്‌സെങ്, ടോക്യോയിലെ നിക്കി, തായ്‌വാന്‍ വെയ്റ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നീ സൂചികകള്‍ 2.5 ശതമാനത്തിലേറെ താഴ്ച്ചയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയും രാവിലെ 8.15 ന് 1.07 ശതമാനം നഷ്ടത്തിലാണ്. ഈ വന്‍ തകര്‍ച്ചയില്‍ ആഭ്യന്തര വിപണിയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്നലെ നേരിയ നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. […]


തുടര്‍ച്ചയായ അഞ്ചു ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകള്‍ ഏറെ പ്രതികൂലമാണ്. ഏഷ്യന്‍ വിപണികളിലെല്ലാം വന്‍ വീഴ്ച്ചയാണ് രാവിലെ അനുഭവപ്പെടുന്നത്. ഹോങ്കോങിലെ ഹാങ്‌സെങ്, ടോക്യോയിലെ നിക്കി, തായ്‌വാന്‍ വെയ്റ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നീ സൂചികകള്‍ 2.5 ശതമാനത്തിലേറെ താഴ്ച്ചയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയും രാവിലെ 8.15 ന് 1.07 ശതമാനം നഷ്ടത്തിലാണ്. ഈ വന്‍ തകര്‍ച്ചയില്‍ ആഭ്യന്തര വിപണിയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഇന്നലെ നേരിയ നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഇന്ന് സുപ്രധാനമായ ആര്‍ബിഐയുടെ പണനയ അവലോകന യോഗം തുടങ്ങുകയാണ്. നിരക്ക് വര്‍ധന സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച്ചയുണ്ടാകും. വിപണികള്‍ പ്രതീക്ഷിക്കുന്നത് 50 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ്. അതിന് മുകളിലേയ്ക്ക് പോയാല്‍ വിപണിയില്‍ കനത്ത പ്രത്യാഘാതമുണ്ടാകും.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ വിപണി ഇന്നലെ സമ്മിശ്ര പ്രതികരണമാണ് നല്‍കിയത്. ഡൗ ജോണ്‍സും, എസ് ആന്‍ഡ് പി 500 ഉം നഷ്ടത്തില്‍ അവസാനിച്ചപ്പോള്‍ നാസ്ഡാക്ക് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. അമേരിക്കന്‍ സമ്പദ് ഘടനയെ സംബന്ധിച്ച് നല്ല ഫലങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഓഗസ്റ്റിലെ പുതിയ ഭവനങ്ങളുടെ വില്‍പ്പന കണക്കുകള്‍ മികച്ചതായിരുന്നു. ജൂലൈയിലെ ഹൗസ് പ്രൈസ് ഇന്‍ഡെക്‌സ് താഴ്ന്ന് നില്‍ക്കുന്നു. ഒരേയൊരു നെഗറ്റീവ് ഘടകം അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഴ്ച്ചക്കണക്കുകള്‍ അനുസരിച്ച് ക്രൂഡ് ഓയില്‍ ശേഖരം ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണ്. കുറയുന്ന എണ്ണ ഉപഭോഗം ആഗോള ഊര്‍ജ്ജ വിപണികളേയും ബാധിക്കുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക ഫല സൂചനകള്‍ നിരക്ക് ഉയര്‍ത്തലുമായി മുന്നോട്ട് പോകാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിക്കുമെന്നതിനാല്‍ വിപണികളിലെല്ലാം ഭീതി നിറയുകയാണ്. ഇതാണ് ആഗോള തലത്തില്‍ ഓഹരി വിപണിയില്‍ തകര്‍ച്ച അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം.

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ എട്ട് മാസത്തെ താഴ്ന്ന നിലയിലാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 85 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. എണ്ണയുടെ ലഭ്യതക്കുറവിനേക്കാള്‍ ഉപരി സാമ്പത്തിക മാന്ദ്യ ഭീതിയും ആഗോള ഡിമാന്റ് കുറയുന്നതും എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ അല്‍പ്പകാലം കൂടി വിലത്തകര്‍ച്ച തുടര്‍ന്നേക്കാനിടയുണ്ട്. ഇന്ത്യയുള്‍പ്പെടുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഈ സ്ഥിതി ഏറെ അനുകൂലമാണ്. പ്രത്യേകിച്ച് രൂപ ഏറ്റവും ദുര്‍ബലമായിരിക്കുന്ന ഈ ഘട്ടത്തില്‍ എണ്ണ വില ഉയര്‍ന്നാല്‍ അത് രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കുകയും രൂപയെ കൂടുതല്‍ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യും.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,824 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മികച്ച ഓഹരി വാങ്ങലാണ് നടത്തിയത്. ഇന്നലെ മാത്രം 3,505 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ അറ്റ നിക്ഷേപം നടത്താത്തത് വിപണിയ്ക്ക് തിരിച്ചടിയാണ്. ഏഷ്യന്‍ വിപണികളില്‍ നിന്നെല്ലാം വിദേശ നിക്ഷേപകര്‍ ഒഴിഞ്ഞ് നില്‍ക്കുകയാണ്. ചൈനയുടെ കറന്‍സിയായ യുവാന്‍ ഡോളറിനെതിരെ 2008 ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിലയിലാണ്. ഡോളര്‍ ശക്തമാകുന്നതാണ് ഇതിന് പ്രധാന കാരണം. രണ്ട് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് അമേരിക്കന്‍ കറന്‍സി.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,560 രൂപ (സെപ്റ്റംബര്‍ 28)
ഒരു ഡോളറിന് 81.40 രൂപ (സെപ്റ്റംബര്‍ 28)
ബ്രെന്റ് ക്രൂഡ് ബാരലിന് 85.05 ഡോളര്‍ (സെപ്റ്റംബര്‍ 28, 8.10 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,03,000 രൂപ (സെപ്റ്റംബര്‍ 28, 8.10 am, വസീര്‍എക്‌സ്)